കാബൂള്‍ പിടിച്ച് താലിബാന്‍; അധികാരം കൈമാറും, രക്തച്ചൊരിച്ചിലില്ല... ജലാലി പുതിയ പ്രസിഡന്റ്?
കാബൂള്‍: അഫ്ഗാനിസ്താന്റെ പൂര്‍ണ നിയന്ത്രണം താലിബാന്‍ പിടിച്ചു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ അവര്‍ സൈനികമായി കാബൂളില്‍ ഇടപെട്ടില്ല. കാബൂളിന്റെ കവാടത്തിലെത്തിയ താലിബാന്‍കാര്‍ അവിടെ നിലയുറപ്പിച്ചു. സുഗമമായ അധികാര കൈമാറ്റത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. സമാധാന ചര്‍ച്ചയുടെ ഭാഗമായിരുന്ന താലിബാന്‍ നേതാക്കള്‍ കാബൂളിലെത്തി ചര്‍ച്ച ആരംഭിച്ചു.
അഷ്‌റഫ് ഗനി പ്രസിഡന്റ് പദവി ഒഴിയും. പകരം മുന്‍ ആഭ്യന്തര മന്ത്രി അലി അഹമ്മദ് ജലാലി പുതിയ പ്രസിഡന്റാകുമെന്നാണ് വിവരം. ഇരുവിഭാഗത്തിനും പൊതുസമ്മതനായ വ്യക്തിയാണ് ജലീലി. വിശദാംശങ്ങള്‍ ഇങ്ങനെ...

അഫ്ഗാന്റെ മുന്‍ ആഭ്യന്തരമന്ത്രിയാണ് അലി അഹമ്മദ് ജലാലി. ഇദ്ദേഹം പുതിയ പ്രസിഡന്റാകുമെന്നാണ് വിവരം. എല്ലാ പട്ടണങ്ങളും ഗ്രാമങ്ങളും പിടിച്ചടക്കി താലിബാന്‍കാര്‍ തലസ്ഥാനമായ കാബൂളിന്റെ കവാടത്തില്‍ എത്തി തമ്പടിച്ചിരിക്കുകയാണ്. സൈനികമായ ഇടപെടലിന് പകരം ചര്‍ച്ചയിലൂടെ അധികാര കൈമാറ്റം സാധ്യമാക്കാനാണ് താലിബാന്റെ ശ്രമം.

നിലവിലെ പ്രസിഡന്റ് അഷ്‌റഫ് ഗനി പൂര്‍ണമായും ഒറ്റപ്പെട്ടു. അമേരിക്കന്‍ സൈന്യം രാജ്യം വിട്ടതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. മാത്രമല്ല, അദ്ദേഹത്തിന് ഉദ്യോഗസ്ഥ തലത്തിലും കാര്യമായ പിന്തുണ കുറഞ്ഞുവെന്നും വാര്‍ത്തകളുണ്ട്. ഈ സാഹചര്യത്തിലാണ് ജലാലിയെ പ്രസിഡന്റാക്കാന്‍ ആലോചിക്കുന്നത്. അഫ്ഗാന്‍ സര്‍ക്കാരിനും താലിബാനും പൊതുസമ്മതനാണ് ഇദ്ദേഹം.

അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണിലെ നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റിയിലാണ് ജലാലി പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം കാബൂളിലേക്ക് തിരിച്ചു. താലിബാന് അഫ്ഗാന്റെ പൂര്‍ണ നിയന്ത്രണം ലഭിച്ചു എന്ന വാര്‍ത്തകള്‍ക്കിടെയാണ് ജലാലി കാബൂളിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് അഫ്ഗാനിലെ മൂന്നില്‍ രണ്ട് പ്രദേശങ്ങളും താലിബാന്‍ നിയന്ത്രണത്തിലാക്കിയത്.

കഴിഞ്ഞ 48 മണിക്കൂറിനിടെയാണ് അഫ്ഗാനിലെ കാര്യങ്ങള്‍ വേഗത്തില്‍ മാറിമറിഞ്ഞത്. രാജ്യത്തെ പ്രധാന നഗരങ്ങളായ മസാറി ശെരീഫ്, ജലാലാബാദ്, കാണ്ഡഹാര്‍, ഹെറാത്ത് എന്നിവയെല്ലാം അതിവേഗം താലിബാന്‍ പിടിക്കുകയായിരുന്നു. അതിനിടെ ഖത്തറിലെ ദോഹയില്‍ ലോകരാജ്യങ്ങളുമായി ചര്‍ച്ച നടത്തിയ താലിബാന്‍ നേതാക്കള്‍ ഞായറാഴ്ച ഉച്ചയോടെ കാബൂളില്‍ തിരിച്ചെത്തി.
വീണ്ടും മമ്മൂട്ടി... തരംഗമായി പുതിയ ഫോട്ടോ, താര രാജാവിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ അഫ്ഗാന്റെ അധികാര കൈമാറ്റം സംബന്ധിച്ച് ധാരണയായി എന്നാണ് വിവരം. തുടര്‍ന്നാണ് താലിബാന്‍ നേതാക്കളായ മുഹമ്മദ് അബ്ബാസ് സ്റ്റനക്‌സി, മുല്ലാ ബറാദര്‍ എന്നിവര്‍ കാബൂളിലേക്ക് തിരിച്ചതത്രെ. ഇവരെ സ്വീകരിക്കാനെത്തിയത് ഡോ. അബ്ദുല്ല അബ്ദുല്ലയാണ്. അഫ്ഗാനിലെ സമാധാന അധികാര കൈമാറ്റത്തിന് വേണ്ടി രൂപകരിച്ച സമിതിയുടെ അധ്യക്ഷനാണ് അബ്ദുല്ല അബ്ദുല്ല.
കല്യാണം ബന്ധുവിന്റേത്, പക്ഷേ തിളങ്ങിയത് ജാന്‍വി!! നടിയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍

താലിബാന്‍ നേതാക്കള്‍ എത്തിയതോടെയാണ് അഫ്ഗാന്റെ അധികാര കൈമാറ്റത്തിനുള്ള നടപടികള്‍ തുടങ്ങിയത്. അബ്ദുല്ല അബ്ദുല്ല തന്നെ ഇനിയുള്ള ചര്‍ച്ചകള്‍ക്കും മധ്യസ്ഥത വഹിക്കുമെന്നാണ് വിവരം. ദോഹയിലെ ചര്‍ച്ചകളിലും ഇദ്ദേഹം നേരത്തെ ഭാഗമായിരുന്നു. താലിബാന്‍ അധികാരത്തില്‍ വരുമെന്ന് അബ്ദുല്ല അബ്ദുല്ലയ്ക്ക് നേരത്തെ ഉറപ്പായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്തൊരു നോട്ടം!! അനുപമ പരമേശ്വരന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍, കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

മൂന്ന് വിഷയങ്ങളിലെ ചര്‍ച്ചകളാണ് നടന്നതത്രെ. അധികാരം കൈമാറുമ്പോള്‍ ജനങ്ങള്‍ക്ക് യാതൊരു അപകടവും സംഭവിക്കരുത് എന്നാണ് പ്രധാന നിബന്ധന. 1996ല്‍ താലിബാന്‍ ഭരണം പിടിച്ചപ്പോള്‍ നിരവധി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. താലിബാന്‍ അക്രമം പ്രവര്‍ത്തിച്ചാല്‍ അന്താരാഷ്ട്ര സമൂഹത്തിന് പിന്തുണ നല്‍കില്ല. സാമ്പത്തിക സഹായവും അനുവദിക്കില്ല. ഈ മൂന്ന് കാര്യങ്ങളില്‍ ധാരണയായി എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ചൈന താലിബാനെ അംഗീകരിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. റഷ്യയും പാകിസ്താനും അതേ നിലപാട് സ്വീകരിക്കും. ഖത്തറും താലിബാനെ തള്ളിക്കളയില്ല. എന്നാല്‍ അമേരിക്ക നല്‍കി വന്ന സഹായം നിര്‍ത്താനാണ് സാധ്യത. അമേരിക്ക എംബസി അടച്ചേക്കും. എന്നാല്‍ റഷ്യ കാബൂളിലെ എംബസി അടയ്ക്കില്ല എന്നാണ് വിവരം. ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.

അതേസമയം, നിലവിലെ സര്‍ക്കാരുമായി താലിബാന്‍ അധികാരം പങ്കിടില്ല എന്നാണ് വിവരം. പ്രസിഡന്റ് അഷ്‌റഫ് ഗനി, വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ് എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പുറത്തുപോകാനുള്ള അവസരം ഒരുക്കിയേക്കും. ഉദ്യോഗസ്ഥരും ബിസിനസ് ആവശ്യാര്‍ഥം എത്തിയവരുമായ നൂറുകണക്കിന് ഇന്ത്യക്കാരാണ് അഫ്ഗാനിലുള്ളത്. ഇവരെ ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പദ്ധതി ഒരുക്കിയിട്ടുണ്ട്. അഫ്ഗാനിലെ കാര്യങ്ങള്‍ ഇന്ത്യ സസൂ്ക്ഷ്മം നിരീക്ഷിച്ചുവരികയാണ്.

ഇന്ത്യന്‍ കാര്യാലയങ്ങളില്‍ ഉദ്യോഗസ്ഥരുടെ എണ്ണം നേരത്തെ കുറച്ചിരുന്നു. ഓണ്‍ലൈന്‍ വഴി വിസ അനുവദിക്കാനും ആരംഭിച്ചു. ആരും രാജ്യം വിട്ടുപോകേണ്ടതില്ലെന്നും രക്തച്ചൊരിച്ചില്‍ ഇല്ലാതെ ഭരണമാറ്റമുണ്ടാകുമെന്നാണ് താലിബാന്റെയും സര്‍ക്കാരിന്റെയും നേതാക്കളെ ഉദ്ധരിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍. അതേസമയം, അഫ്ഗാനിലെ സാഹചര്യം ആശങ്കയുളവാക്കുന്നതാണെന്നും സമാധാനപരമായി ചര്‍ച്ചയുടെ വഴിയില്‍ എല്ലാ വിഭാഗവും എത്തണമെന്നും പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അഭിപ്രായപ്പെട്ടു.

ജനം തങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് എന്ന് താലിബാന്‍ അവകാശപ്പെടുന്നു. അതുകൊണ്ടാണ് ഇത്ര വേഗം പ്രമുഖ നഗരങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ സാധിച്ചത് എന്നും താലിബാന്‍ വക്താവ് സബീഹുല്ലാ മുജാഹിദ് പറഞ്ഞു. താലിബാന്റെ മുന്നേറ്റം ഭയന്ന് ഒട്ടേറെ ജനങ്ങള്‍ കാബൂളില്‍ അഭയം തേടിയിരുന്നു. ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗനി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു എന്നാണ് വാര്‍ത്തകള്‍.

അതേസമയം, നിരവധി വിദേശരാജ്യങ്ങളിലെ ഉദ്യോഗസ്ഥരും മറ്റും രാജ്യം വിടാന്‍ തിരക്കുകൂട്ടുകയാണ്. പല എംബസികളിലും വിസ കിട്ടുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള വിസയ്ക്ക് ചില വിദേശികള്‍ ശ്രമിക്കുന്നുണ്ടത്രെ. അഫ്ഗാന്‍ അസ്ഥിരമാകുന്നതില്‍ ആശങ്കപ്പെട്ടാണ് വിദേശികള്‍ കൂട്ടത്തോടെ രാജ്യം വിടാന്‍ തയ്യാറെടുക്കുന്നത്. അതേസമയം, അമേരിക്കന്‍ ഉദ്യോഗസ്ഥരെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ പ്രത്യേക വിമാനം ജോ ബൈഡന്‍ ഭരണകൂടം അയച്ചു. ബ്രിട്ടീഷ് അംബാസഡര്‍ വൈകാതെ അഫ്ഗാന്‍ വിടുമെന്ന വാര്‍ത്തകളും വന്നിട്ടുണ്ട്.












Click it and Unblock the Notifications