കാബൂള്‍ വിമാനത്താവളം അടച്ചു; എയര്‍ ഇന്ത്യയ്ക്ക് സര്‍വീസ് സാധ്യമല്ല, ഇന്ത്യയ്ക്കാര്‍ കുടുങ്ങുമോ
ന്യൂഡല്‍ഹി: താലിബാന്‍ ഭരണം പിടിച്ചതോടെ ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ അഫ്ഗാനില്‍ നിന്ന് മാതൃരാജ്യത്തേക്ക് വരികയാണ്. നിരവധി പേര്‍ വിമാനത്താവളത്തില്‍ എത്തി തമ്പടിച്ചിരിക്കുന്ന ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ കാബൂളിലെ വിമാനത്താവളം അടച്ചു. ഇതോടെ ഇന്ത്യക്കാരുടെ തിരിച്ചുവരവ് ആശങ്കയിലായി. നേരത്തെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന് ഇപ്പോള്‍ കാബൂളില്‍ ഇറങ്ങാന്‍ സാധിക്കില്ല. വൈമാനികര്‍ക്ക് നല്‍കിയ പ്രത്യേക നോട്ടീസിലാണ് കാബൂള്‍ വിമാനത്താവളം അടച്ചുവെന്നും ഒരു വിമാനത്തിനും സര്‍വീസ് നടത്താന്‍ സാധ്യമല്ലെന്നും അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍വീസ് സാധ്യമല്ലെന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
Recommended Video
അഫ്ഗാനിന്റെ വ്യോമപാതയിലൂടെ ഇപ്പോള്‍ യാത്ര സാധ്യമല്ല. സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വിമാനങ്ങള്‍ വഴി തിരിച്ചുവിടുകയാണ്. അമേരിക്കയിലെ ചിക്കാഗോയില്‍ നിന്ന് പുറപ്പെട്ട വിമാനം നേരിട്ട് ഇന്ത്യയിലെത്തില്ല. പകരം ഗള്‍ഫ് രാജ്യത്തേക്ക് തിരിച്ചു. അവിടെ ഇറങ്ങി ഇന്ധനം നിറച്ച ശേഷം മറ്റൊരു വഴിയിലൂടെ ഇന്ത്യയിലെത്തും. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള വിമാനവും പുതിയ റൂട്ടിലാകും യാത്ര ചെയ്യുക എന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നു.

അഫ്ഗാനിലെ പ്രത്യേക സാഹചര്യത്തില്‍ കാബൂളിന്റെ വ്യോമമേഖല നിയന്ത്രണങ്ങള്‍ക്ക് അപ്പുറത്താണ്. അതുകൊണ്ടുതന്നെ വിമാനങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനോ മറ്റോ സാധിക്കില്ല. എല്ലാ വിമാനങ്ങളും വഴിമാറി പോകണം എന്നാണ് സിവില്‍ ഏവിയേഷന്‍ വകുപ്പ് അറിയിച്ചിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ചിക്കാഗോയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം അഫ്ഗാന്റെ വ്യോമപാതയില്‍ കടന്നെങ്കിലും പിന്നീട് വഴിമാറുകയായിരുന്നു എന്നാണ് വിവരം.
കാബൂള്‍ വിമാനത്താവളത്തില്‍ നൂറുകണക്കിന് യാത്രക്കാരാണ് എത്തിയിരിക്കുന്നത്. താലിബാന്‍ ഭരണം പിടിച്ചതില്‍ ഭയത്തിലായ ഇവര്‍ അഫ്ഗാന്‍ വിട്ടുപോകാനുള്ള ശ്രമത്തിലാണ്. വേണ്ടത്ര വിമാന സര്‍വീസ് ഇല്ലാത്തത് യാത്രക്കാരെ പ്രതിസന്ധിയിലാക്കി. ഇതോടെ വിമാനത്താവളത്തില്‍ സംഘര്‍ഷാവസ്ഥയായി. ജനങ്ങളെ നിയന്ത്രിക്കാന്‍ അമേരിക്കന്‍ സൈന്യം ആകാശത്തേക്ക് വെടിവച്ചു. വിമാനത്തിന്റെ റണ്‍വേക്ക് അടുത്തു വരെ ജനക്കൂട്ടം എത്തിയതോടെയാണ് സൈന്യം വെടിയുതിര്‍ത്തത്.
അഫ്ഗാന്റെ ഭരണം താലിബാന്‍ തിരിച്ചുപിടിച്ചിരിക്കുകയാണ്. പ്രസിഡന്റ് അഷ്‌റഫ് ഗനി താജിക്കിസ്താനിലേക്ക് പോയി. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ താലിബാന്‍ നേതാക്കളെത്തി. ഭരണം പൂര്‍ണമായും ഏറ്റെടുക്കാനുള്ള നടപടികളിലാണ് താലിബാന്‍. ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്താന്‍ എന്ന പഴയ പേരിലേക്ക് അഫ്ഗാനെ അവര്‍ മാറ്റി. താലിബാന്റെ പതാക കൊട്ടാരത്തിന് പുറത്ത് സ്ഥാപിക്കുകയും ചെയ്തു.












Click it and Unblock the Notifications