സിറിയയില്‍ യുദ്ധം കൊടുമ്പിരി കൊണ്ടു; യുഎസ് മിസൈലുകള്‍ തകര്‍ന്നുവീണു, റഷ്യയും പോര്‍ക്കളത്തില്‍

  • Written By:
Subscribe to Oneindia Malayalam

ദമസ്‌കസ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടതിന് പിന്നാലെ സിറിയന്‍ നഗരങ്ങളില്‍ യുഎസ് മിസൈലുകള്‍ പതിച്ചുതുടങ്ങി. ശക്തമായ ആക്രമണമാണ് അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേന നടത്തുന്നത്. സിറിയയുടെ ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന എല്ലാ കേന്ദ്രങ്ങളും നശിപ്പിക്കാനാണ് ട്രംപ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഫ്രാന്‍സും, ബ്രിട്ടനും അമേരിക്കന്‍ സൈന്യത്തിനൊപ്പമുണ്ട്.

മൂന്ന് രാജ്യങ്ങളുടെയും സൈനികര്‍ ഒരുമിച്ചാണ് ശക്തമായ ആക്രമണം നടത്തുന്നത്. സിറിയന്‍ തലസ്ഥാനത്തോട് ചേര്‍ന്ന പല നഗരങ്ങളിലും നിരവധി മിസൈലുകള്‍ പതിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയന്‍ സൈന്യം ശക്തമായ തിരിച്ചടിയും ആരംഭിച്ചിട്ടുണ്ട്. അമേരിക്കന്‍ മിസൈലുകള്‍ അവര്‍ വെടിവച്ചിടുകയാണ്. റഷ്യയും സിറിയയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്...

ആദ്യമായിട്ടാണ് ഇങ്ങനെ ഒരു നീക്കം

ആദ്യമായിട്ടാണ് ഇങ്ങനെ ഒരു നീക്കം

സിറിയന്‍ ഭരണകൂടത്തിനെതിരെ ആദ്യമായിട്ടാണ് അമേരിക്കന്‍ സഖ്യസേന ആക്രമണം നടത്തുന്നത്. ഭീകരസംഘടനയായ ഐസിസിനെ നേരിടാനെന്ന പേരിലാണ് അമേരിക്കന്‍ സൈന്യവും മറ്റു വിദേശ സൈനികരും സിറിയയിലെത്തിയത്. എന്നാല്‍ ഇപ്പോള്‍ അവര്‍ ഭരണകൂടത്തിനെതിരെ തിരിഞ്ഞിരിക്കുന്നു. ശക്തമായ യുദ്ധം നടക്കാനാണ് സാധ്യത. കാരണം, സിറിയന്‍ സൈന്യത്തിന് ശക്തമായ പിന്തുണ നല്‍കി റഷ്യ കൂടെയുണ്ട്. ഇറാനും സിറിയക്കൊപ്പമാണ്. ലബ്‌നാനിലെ ഹിസ്ബുല്ലയും സിറിയന്‍ സൈന്യത്തിനൊപ്പം ചേരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ അമേരിക്കന്‍ സൈന്യത്തിന് തിരിച്ചടി നേരിടേണ്ടിവരും.

യുദ്ധം പൊടിപാറും

യുദ്ധം പൊടിപാറും

അങ്ങനെ സംഭവിച്ചാല്‍ സിറിയന്‍ യുദ്ധം ഏറെ കാലം നീളാനും സാധ്യതയുണ്ട്. എന്താണ് ഇപ്പോള്‍ സിറിയന്‍ ഭരണകൂടത്തിനെതിരെ ആക്രമണം നടത്താനുള്ള കാരണം... സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനോട് ചേര്‍ന്ന ധൗമ നഗരത്തില്‍ കഴിഞ്ഞ ശനിയാഴ്ച വിഷവാതകം പരന്നു. ഇതിന് പിന്നില്‍ സിറിയന്‍ സൈന്യമാണെന്നാണ് ആക്ഷേപം. 60 ലധികം പേര്‍ കൊല്ലപ്പെടുകയും ആയിരത്തോളം പേര്‍ക്ക് ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടാവുകയും ചെയ്തിരുന്നു. വിമതരെ കൂട്ടക്കൊല നടത്താന്‍ സിറിയന്‍ പ്രസിഡന്റ് ബാശര്‍ അല്‍ അസദ് ശ്രമിച്ചുവെന്നാണ് അമേരിക്ക പറയുന്നത്. ആക്രമണം തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

തിരിച്ചടി ശക്തം, മിസൈലുകള്‍ തകര്‍ത്തു

തിരിച്ചടി ശക്തം, മിസൈലുകള്‍ തകര്‍ത്തു

ദമസ്‌കസിലെ ആയുധ ഗവേഷണ കേന്ദ്രം ആക്രമിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹുംസിലെ ആയുധ സംഭരണ കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായി. കടലില്‍ നിന്നും വ്യോമ മാര്‍ഗവും ആക്രമണം നടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. സിറിയന്‍ വ്യോമ സേന തിരിച്ചടിയും ശക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ മിസൈലുകള്‍ അവര്‍ വെടവച്ചിട്ടു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാണ് അമേരിക്ക ആക്രമണം നടത്തുന്നതെന്ന് സിറിയന്‍ ഭരണകൂടം ആരോപിച്ചു. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ അമേരിക്കക്കില്ല. ഫ്രാന്‍സും ബ്രിട്ടനും ആക്രമണത്തില്‍ നിന്ന് പിന്മാറണമെന്നും സിറിയ ആവശ്യപ്പെട്ടു.

അമേരിക്ക പറയുന്നത്

അമേരിക്ക പറയുന്നത്

സിറിയയിലെ രാസായുധ കേന്ദ്രങ്ങളാണ് അമേരിക്കന്‍ സഖ്യസേന ലക്ഷ്യമിടുന്നതെന്ന് അമേരിക്കന്‍ വൃത്തങ്ങള്‍ അറിയിച്ചു. സിറിയക്കെതിരായ യുദ്ധമല്ല ഇതെന്നും പകരം ജനങ്ങളെ കൊന്നൊടുക്കാന്‍ സിറിയ ഉപയോഗിക്കുന്ന നശീകരണ ആയുധങ്ങള്‍ക്കെതിരെയാണെന്നും അമേരിക്കന്‍ സഖ്യം അവകാശപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ടാണ് ആക്രമണത്തിന് ട്രംപ് നിര്‍ദേശം നല്‍കിയത്. തൊട്ടുപിന്നാലെ സിറിയയില്‍ മിസൈലുകള്‍ പതിച്ചുതുടങ്ങി. ഫ്രാന്‍സുമായും ബ്രിട്ടനുമായും അമേരിക്കന്‍ നേതൃത്വങ്ങള്‍ ആക്രമണം സംബന്ധിച്ച് കഴിഞ്ഞദിവസം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ആക്രമണം തുടങ്ങാന്‍ തീരുമാനിച്ചത് ഇവരുടെ ചര്‍ച്ചയ്ക്ക് ശേഷമാണ്.

സൈന്യത്തെ പിന്‍വലിക്കാനിരിക്കെ

സൈന്യത്തെ പിന്‍വലിക്കാനിരിക്കെ

നിരോധിത ആയുധങ്ങള്‍ സിറിയ ഒഴിവാക്കുംവരെ യുദ്ധം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ഇതേ കാര്യം ആവര്‍ത്തിച്ചു. സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് അമേരിക്ക ആഴ്ചകള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞാഴ്ച വിഷവാതകം പരന്ന പശ്ചാത്തലത്തിലാണ് തീരുമാനം മാറ്റിയത്. വിഷവാതകത്തിന് പിന്നില്‍ സിറിയന്‍ സൈന്യമാണെന്നാണ് അമേരിക്കയുടെ ആരോപണം. സിറിയന്‍ സൈന്യം രാസായുധം സൂക്ഷിച്ചുവെന്ന് കരുതുന്ന മൂന്ന് കേന്ദ്രങ്ങളിലാണ് അമേരിക്കന്‍ സഖ്യസേന ആക്രമണം നടത്തുന്നത്.

റഷ്യയുടെ മുന്നറിയിപ്പ്

റഷ്യയുടെ മുന്നറിയിപ്പ്

അമേരിക്കക്കെതിരെ റഷ്യയും രംഗത്തെത്തിയിട്ടുണ്ട്. ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് റഷ്യന്‍ അംബാസഡര്‍ മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനെ അപമാനിക്കുന്ന നീക്കം ഒരിക്കലും പൊറുക്കില്ലെന്നും അംബാസഡര്‍ അനറ്റോളി ആന്റനോവ് വ്യക്തമാക്കി. സിറിയയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവരികയായിരുന്നു. അമേരിക്കയുടെ ആരോപണം അന്വേഷിക്കാന്‍ സംവിധാനങ്ങളുണ്ട്. ഇക്കാര്യം റഷ്യ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ എല്ലാം അവഗണിച്ച് യുദ്ധം തുടങ്ങിയതിനാല്‍ ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്നും അംബാസഡര്‍ പറഞ്ഞു. സിറിയന്‍ സൈന്യം സാധാരണക്കാരെ ആക്രമിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്ന് സിറിയയിലെ പ്രതിപക്ഷ നേതാവ് നസ്‌റുല്‍ ഹരീരി ആവശ്യപ്പെട്ടു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
US and allies strike Syria 'chemical weapons sites'

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്