സൗദിയില്‍ ഏഴ് പേര്‍ മരിച്ചു; 429 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ഞായറാഴ്ച ഏഴ് പേര്‍ കൊറോണ രോഗം ബാധിച്ച് മരിച്ചു. 429 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം ഭേദമായത് 41 പേര്‍ക്കാണ്. നിലവില്‍ 3642 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. മക്ക, മദീന, ജിദ്ദ, ഹുഫൂഫ് എന്നിവിടങ്ങളിലാണ് ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തത്. സൗദിയില്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചത് 59 പേരാണ്. ഇന്ന് റിയാദില്‍ മാത്രം 198 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സൗദിയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് റിയാദിലാണ്. 1300ലധികം പേരാണ് റിയാദില്‍ ചികില്‍സയിലുള്ളത്.

അതേസമയം, സൗദിയില്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ കര്‍ഫ്യൂ തുടരണം എന്നാണ് നിര്‍ദേശം. കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കടുത്ത നടപടികളുമായി സൗദി അറേബ്യ മുന്നോട്ടുപോകുന്നത്. മാര്‍ച്ച് 23നാണ് സൗദിയില്‍ 21 ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇതിന്റെ സമയ പരിധി ശനിയാഴ്ച അര്‍ധരാത്രിയോടെ തീര്‍ന്നു. ഈ പരിധി തീരുന്നതിന് തൊട്ടുമുമ്പാണ് സല്‍മാന്‍ രാജാവ് പുതിയ ഉത്തരവിറക്കിയത്.
സൗദിയില്‍ കര്‍ഫ്യൂ ആദ്യം നടപ്പാക്കിയത് രാത്രി മാത്രമായിരുന്നു. വൈകീട്ട് ഏഴ് മണിക്ക് തുടങ്ങുന്ന കര്‍ഫ്യൂ രാവിലെ ആറ് വരെ തുടര്‍ന്നു. പിന്നീട് സമയം നീട്ടി. വൈകീട്ട് മൂന്ന് മണിക്ക് തുടങ്ങുന്ന കര്‍ഫ്യൂ രാവിലെ ആറ് വരെയാക്കി. കഴിഞ്ഞാഴ്ചയാണ് ഇത് 24 മണിക്കൂര്‍ ആക്കി പ്രഖ്യാപിച്ചത്. ഈ കര്‍ഫ്യൂ ആണ് അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കുന്നത്. കര്‍ഫ്യൂ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്ക് ഇന്നും പിഴയിട്ടു.
ഇതോടെ വിമാനസര്‍വീസുകള്‍ ഉടന്‍ ആരംഭിക്കില്ലെന്ന് വ്യക്തമായി. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ നാട്ടിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലാണ്. പ്രത്യേക വിമാന സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഗള്‍ഫ് മേഖലയില്‍ കൊറോണ രോഗം കൂടുതലായി വ്യാപിക്കുകയാണ്.












Click it and Unblock the Notifications