സൈനിക പ്രവർത്തനം കുറയ്ക്കാം, പക്ഷെ വെടിനിർത്തലില്ല: വിശദീകരണവുമായി റഷ്യ
മോസ്ക്കോ: തുർക്കിയുടെ നേതൃത്വത്തില്‍ നടന്ന റഷ്യ-യുക്രൈന്‍ സമാധാന ചർച്ചയില്‍ വലിയ രീതിയിലുള്ള പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഉക്രേനിയൻ പ്രസിഡന്റ് സെലെൻസ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച വരെ നടന്നേക്കാമെന്ന് വരെ റിപ്പോർട്ടുണ്ട്. ഇരുപക്ഷവും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ കാരണം, ഉക്രേനിയൻ തലസ്ഥാനമായ കൈവിൽ നിന്നും രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ നിന്നും സൈന്യത്തെ തിരികെ കൊണ്ടുവരുമെന്ന് റഷ്യ വാഗ്ദാനം ചെയ്തു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിലേക്കുള്ള പുരോഗതിയുടെ ഏറ്റവും വ്യക്തമായ അടയാളമായിട്ടാണ് ഇതിനെ കാണുന്നത് എന്നാൽ, സൈനിക പ്രവർത്തനം കുറയ്ക്കുമെന്നാണ് വാഗ്ദാനമെന്നുും അതിനർത്ഥം വെടിനിർത്തല്‍ അല്ലെന്നുമുള്ള വിശദീകരണവുമായി റഷ്യ പിന്നീട് രംഗത്ത് എത്തുകയും ചെയ്തു.
അതേസമയം, അന്താരാഷ്ട്ര ഉറപ്പുകളോടെ നിഷ്പക്ഷ നിലപാട് തുടരാം എന്ന നിലപാടാണ് യുക്രൈന്‍ നിർദേശിച്ചിരിക്കുന്നത്. 'നാറ്റോ പോലെയുള്ള സൈനിക സഖ്യത്തില്‍ യുക്രൈന്‍ ചേരില്ല, സൈനിക താവളങ്ങള്‍ക്ക് ഇടം നല്‍കില്ല തുടങ്ങിയവയാണ് നിഷ്പക്ഷത കൊണ്ട് ഉദ്ദേശിക്കുന്നത്. സുരക്ഷാ ഉറപ്പുകള്‍ക്ക് പകരമായാണ് യുക്രൈന്‍ ഈ ഉറപ്പ് നല്‍കിയത്. സുരക്ഷാ വിഷയത്തില്‍ പോളണ്ട്, ഇസ്‌റാഈല്‍, തുര്‍ക്കി, കാനഡ എന്നീ രാജ്യങ്ങളാകും ജാമ്യം നില്‍ക്കുക.

തുർക്കി പ്രസിഡന്റ് എർദോഗാന്റെ ഓഫീസിലായിരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച നടന്നത്. ഏകദേശം മൂന്ന് മണിക്കൂറോളം ചർച്ച നീണ്ട് നീണ്ട് നിന്നു. റഷ്യന്‍ കോടീശ്വരനായ റോമന്‍ അബ്രാമോവിച്ചും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. പരസ്പരം അഭിവാദ്യം പോലും അർപ്പിക്കാതെയായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച ആരംഭിച്ചത്. വെടി നിർത്തലാണ് ലക്ഷ്യമിടുന്നതെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ തുടക്കത്തില്‍ തന്നെ വ്യക്തമാക്കി. എന്നാല്‍ ഇതിന് റഷ്യ തയ്യാറായില്ല. യുക്രൈനില്‍ യുദ്ധം ശക്തമായ മേഖലയില്‍ മാനുഷിക സഹായം വിതരണം ചെയ്യാനുള്ള ആവശ്യം യുക്രൈന്‍ പ്രതിനിധികള്‍ ചർച്ചയില്‍ ഉന്നയിച്ചു.
ഒരു മാസം മുമ്പാണ് യുക്രൈനെതിരെ റഷ്യ അധിനിവേശം തുടങ്ങിയത്. വളരെ വേഗത്തില്‍ യുക്രൈനെ കീഴടക്കാമെന്നാണ് റഷ്യ കരുതിയതെങ്കിലും തെറ്റി. പ്രത്യക്ഷ യുദ്ധത്തിന് വന്നില്ലെങ്കിലും അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും സൈനിക സഹായം നല്‍കിയതായിരുന്നു യുക്രൈന്‍ കരുത്തായത്. തെക്കൻ തുറമുഖ നഗരമായ മരിയുപോൾ പോലുള്ള ഉപരോധിക്കപ്പെട്ട നഗരങ്ങളിൽ സാധാരണക്കാർ കുടുങ്ങിക്കിടക്കുമ്പോഴും ഉക്രേനിയക്കാർ പ്രദേശം തിരിച്ചുപിടിച്ചുകൊണ്ട് ശക്തമായ ചെറുത്ത് നിന്നതോടെ റഷ്യൻ അധിനിവേശം മിക്ക മേഖലകളിലും നിർത്തിവെച്ചിരുന്നു.
കൂടാതെ, പാശ്ചാത്യ ഉപരോധം കാരണം റഷ്യയുടെ സമ്പദ്‌വ്യവസ്ഥ തകരുകയും ചെയ്തു. ഉക്രേനിയൻ സൈന്യം മുന്നേറ്റം നടത്തി, കൈവിന്റെ പ്രാന്തപ്രദേശങ്ങളിലും വടക്കുകിഴക്കും തെക്കും റഷ്യൻ സൈന്യത്തിൽ നിന്ന് പ്രദേശം തിരിച്ചുപിടിച്ചു. എന്നിരുന്നാലും, തങ്ങളുടെ ആദ്യ ലക്ഷ്യം വിജയകരമായി പൂർത്തിയാക്കിയെന്നായിന്നും റഷ്യയുടെ പ്രതിരോധ മന്ത്രി സെർജി ഷോയിഗു പറഞ്ഞത്.












Click it and Unblock the Notifications