ഓർമക്കുറവ് മുതൽ വിഷാദം വരെ... മസ്തിഷ്‌ക പ്രശ്‌നങ്ങൾക്കെല്ലാം മസ്‌കിന്റെ 'ലിങ്ക്'? പന്നിയുമായി ഡെമോ
സാന്‍ഫ്രാന്‍സിസ്‌കോ: എലോണ്‍ മസ്‌കിനെ അറിയാത്തവര്‍ അധികമുണ്ടാവില്ല. ചൊവ്വയിലേക്ക് വണ്‍വേ ട്രിപ് യാത്ര ഒരുക്കുന്ന സ്‌പേസ് എക്‌സിന്റെ സ്ഥാപകന്‍. ടെസ്ലയുടെ സഹ സ്ഥാപകന്‍, അടുത്തിടെ 100 ബില്യണ്‍ ആസ്തിമൂല്യ പട്ടികയില്‍ എത്തിയ കോടീശ്വരന്‍...
കുറച്ചുകാലമായി മസ്‌കിന്റെ 'ന്യൂറാലിങ്ക്' എന്ന സ്ഥാപനത്തെ പറ്റി ലോകമെങ്ങും വാര്‍ത്തകളാണ്. തലച്ചേറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യകളാണ് ന്യൂറാലിങ്കിന്റെ മേഖല. കഴിഞ്ഞ വര്‍ഷം ന്യൂറാലിങ്ക് ഒരു ചിപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു. മസ്തിഷ്‌ക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ഈ 'മസ്തിഷ്‌ക ത്രെഡികള്‍' ഉള്ള ചിപ്പ് എന്നായിരുന്നു അവകാശവാദം.
ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട മറ്റ് ചില വെളിപ്പെടുത്തലുകളുമായാണ് എലോണ്‍ മസ്‌ക് എത്തിയിരിക്കുന്നത്. അതിന്റെ ഡെമോ ഒരു പന്നിയില്‍ ആയിരുന്നു. വിശദാംശങ്ങള്‍ നോക്കാം... ('ലിങ്കു'മായി ബന്ധപ്പെട്ട ചിത്രങ്ങൾക്ക് കടപ്പാട് : ന്യൂറാലിങ്ക്)

എല്ലാത്തിനും പരിഹാരം...?
മസ്തിഷ്‌കവുമായും നാഡീകോശങ്ങളുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മനുഷ്യരെ അത്രയും വിഷമിപ്പിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. മിക്കവയ്ക്കും കൃത്യമായ ചികിത്സയില്ലെന്നതാണ് പ്രശ്‌നം. ഓര്‍മക്കുറവ് മുതല്‍ പക്ഷാഘാതം വരെ നീണ്ടുനില്‍ക്കുന്നവയാണ് അവ. ഇതിനെല്ലാം സാങ്കേതികമായ ഒരു പരിഹാരം തേടുകയാണ് ന്യൂറാലിങ്ക്.

'ലിങ്ക്'
ചെവിയുടെ പിറകില്‍ തലച്ചോറുമായി ഘടിപ്പിക്കാവുന്ന ഒരു ഉപകരണം ആയിരുന്നു ന്യൂറാലിങ്ക് ആദ്യം വികസിപ്പിച്ചെടുത്തത്. ഇപ്പോഴത് തലച്ചോറിലേക്ക് നേരിട്ട് ഘടിപ്പിക്കുന്ന ഒന്നാണ്. 'ലിങ്ക്' എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. തലച്ചോറിനെ, വയര്‍ലെസ് ആയി കംപ്യൂട്ടറുമായോ മൊബൈല്‍ ഫോണുമായോ ബന്ധിപ്പിക്കാന്‍ ഈ ഉപകരണം വഴി സാധിക്കും എന്നാണ് എലോം മസ്‌ക് തിരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. ഇതിന്റെ ലൈവ് സ്ട്രീമിങ് വീഡിയോയും ഉണ്ടായിരുന്നു.

ഗെര്‍ട്രൂഡ് എന്ന പെണ്‍പന്നി
മൂന്ന് പന്നികളെ ആയിരുന്നു മസ്‌ക് കാഴ്ചക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ആദ്യത്തേത് ഒരു സാധാരണ പന്നി. രണ്ടാമത്തേത് തലച്ചോറില്‍ 'ലിങ്ക്' ഘടിപ്പിച്ച പന്നി, മൂന്നാമത്തേത് തലച്ചോറില്‍ ആദ്യം 'ലിങ്ക്' ഘടിപ്പിക്കുകയും പിന്നീട് അത് നീക്കം ചെയ്യുകയും ചെയ്ത പന്നി. രണ്ടാമത്തെ പന്നിയുടെ പേരായിരുന്നു ഗെര്‍ട്രൂഡ്

തെളിവ് കാണിച്ചു
ഗെര്‍ട്രൂഡ് തന്റെ നീളന്‍ മൂക്ക് കൊണ്ട് മണത്ത് നടന്നു. ഭക്ഷണമോ അതുപോലെ എന്തെങ്കിലും ശ്രദ്ധയില്‍ പെടുമ്പോഴെല്ലാം സ്‌ക്രീനില്‍ അതിന്റെ സൂചനകള്‍ ദൃശ്യമാവുകയും ചെയ്തു. ഇതായിരുന്നു എലോണ്‍ മസ്‌ക് ലോകത്തിന് മുന്നില്‍ കാണിച്ച തെളിവ്.

ഫോണുമായി ബന്ധിപ്പിക്കാം
പ്രാഥമിക ഉപകരണത്തില്‍ 1024 ചാനലുകലാണ് ഉള്ളത് എന്ന് മസ്‌ക് പറയുന്നു. ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കാനുള്ള ബാറ്ററിയും ഉണ്ടാകും. രാത്രി വെളുക്കും വരെയുള്ള സമയം കൊണ്ട് ബാറ്ററി ചാര്‍ജ്ജ് ചെയ്യുകയും ചെയ്യാം എന്നാണ് മസ്‌ക് പറയുന്നത്. 'ലിങ്കിനെ' മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കാമെന്നും മസ്‌ക് പറയുന്നുണ്ട്.

ഇനി മനുഷ്യനില്‍
അടുത്തതായി മനുഷ്യരില്‍ നേരിട്ട് ഇത് പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് എലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്ക്. അതിനായി അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ ഉള്‍പ്പെടെയുള്ള അനുമതികള്‍ വേണം. ഉപകരണത്തിന് നിര്ണായകമായ ചില അനുമതികള്‍ ലഭിച്ചുകഴിഞ്ഞിട്ടുണ്ട്.

റീഡ് ചെയ്യുക മാത്രമല്ല
പന്നിയുടെ തലച്ചോറില്‍ നിന്നുള്ള വിവരങ്ങള്‍ റീഡ് ചെയ്യുന്നത് മാത്രമാണ് മസ്‌ക് ഡെമോണ്‍സ്‌ട്രേഷനില്‍ കാണിച്ചിട്ടുള്ളത്. തലച്ചോറിന് നിര്‍ദ്ദേശങ്ങള്‍ അങ്ങോട്ട് നല്‍കാന്‍ കൂടിയുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. അങ്ങനെയാണെങ്കില്‍ മാത്രമേ അത് മസ്തിഷ്‌ക രോഗികള്‍ക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സാധിക്കുകയുള്ളു.
ലോകം മുടിഞ്ഞ് നില്ക്കുമ്പോൾ രണ്ട് പേര് സമ്പത്തിന്റെ കൊടുമുടിയിലേക്ക്... വിവാഹമോചിതർ... ആരാണ് അവർ?