ഗള്‍ഫ് 2020: ഇസ്രായേലിനെ വരവേറ്റ യുഎഇയും ബഹ്റിനും; പരിഷ്കരണങ്ങളുടെ സൗദി, പ്രതീക്ഷയോടെ ഖത്തര്‍
ദുബായ്: ലോകത്ത് എല്ലായിടത്തും എന്നപോലെ കൊറോണ വൈറസ് വലിയ പ്രതിസന്ധിയാണ് ഗള്‍ഫ് രാഷ്ട്രങ്ങളിലും സൃഷ്ടിച്ചത്. മലയാളികള്‍ ഏറെയുള്ള വിദേശ രാജ്യങ്ങളായതിനാല്‍ ഗള്‍ഫിലെ പ്രതിസന്ധിയുടെ ഒരോ ചെറുചലനങ്ങളും കേരളത്തിലും ആശങ്കകള്‍ വിതറി. മറുവശത്ത് കൊവിഡിന് മുന്നില്‍ പകച്ചു നില്‍ക്കാതെ സ്മാര്‍ട്ട് മുന്നേറ്റങ്ങള്‍ നടത്താനും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കഴിഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ പുതിയ ചരിത്രം കുറിച്ചുകൊണ്ടുള്ള ബന്ധങ്ങള്‍ക്കും ഗള്‍ഫ് രാഷ്ട്രങ്ങള്‍ തുടക്കമിട്ടതും 2020 ലാണ്. പോയ വര്‍ഷം ഗള്‍ഫ് മേഖലയില്‍ സംഭവിച്ച പ്രധാന സംഭവങ്ങള്‍ അടയാളപ്പെടുത്തുകയാണ് ഇവിടെ.

കൊവിഡ്
കൊവിഡ് രോഗികളുടെ കാര്യത്തിലും മരണത്തിലും വലിയ കുറവാണ് യുഎഇ ഉള്‍പ്പടേയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ രേഖപ്പെടുത്തിയത്. അടച്ചു പൂട്ടലിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് സഹായകരമാവുന്ന തരത്തില്‍ വീസ കാലാവധി സൗജന്യമായി നീട്ടി നൽകുകയും ഭക്ഷണ കിറ്റുകളടക്കം വിതരണം ചെയ്യുകയുമുണ്ടായി. ഇന്ത്യയിലേക്ക് മെഡിക്കല്‍ സഹായവുമായി യുഎഇ എത്തിയപ്പോള്‍ തിരിച്ച് ഇന്ത്യയില്‍ നിന്നും നഴ്സുമാരും ഡോക്ടര്‍മാരും അടങ്ങുന്ന സംഘം ഗള്‍ഫ് രാജ്യങ്ങളിലുമെത്തി. ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന് ഡിസംബര്‍ ആദ്യം തന്നെ യുഎഇ അനുമതി നല്‍കുകയും ചെയ്തു.

ഇസ്രായേല്‍ യുഎഇ ബന്ധം
പതിറ്റാണ്ടുകളായുള്ള വൈര്യത്തിന് അവസാനം കുറിച്ചു കൊണ്ട് ഇസ്രായേലും-യുഎഇയും തമ്മില്‍ പൂര്‍ണ്ണ നയതന്ത്രം ബന്ധം സ്ഥാപിക്കുന്നതിനും 2020 സാക്ഷ്യം വഹിച്ചു. അമേരിക്കന്‍ പ്രസിഡന്‍റായ ഡൊണാള്‍ഡ് ട്രംപിന്‍റെ മധ്യസ്ഥതയില്‍ ചേര്‍ന്ന ചര്‍ച്ചയിലായിരുന്നു ഇരുരാജ്യങ്ങളുടെ പ്രതിനിധികള്‍ ചരിത്രപരമായ സമാധാന കരാറില്‍ എത്തിയത്. ഇതോടെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപരിക്കുന്ന ആദ്യ ഗള്‍ഫ് രാഷ്ട്രവും മുന്നാമത്തെ അറബ് രാഷ്ട്രവുമായി യുഎഇ മാറി.

പിന്നാലെ ബഹ്റൈനും
യുഎഇക്ക് പിന്നാലെ ബഹ്റൈനും ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചു. അമേരിക്ക തന്നെയായിരുന്നു ഈ കരാറിന് പിന്നിലേയും ഇടനിലക്കാരന്‍. സെപ്റ്റംബർ 15ന് വാഷിങ്ടണിലാണ് ബഹ്റൈനും ഇസ്രായേലും സമാധാന പ്രഖ്യാപനത്തിന് ഒപ്പിട്ടത്. ഇരുരാജ്യങ്ങളിലും എംബസികള്‍ തുറക്കാനും ധാരണയായി. ഇസ്രായേലിൽനിന്ന് നേരിട്ടുള്ള ആദ്യ യാത്രാവിമാനം ബഹ്റൈനില്‍ എത്തുകയും ചെയ്തു.

ബഹിരാകാശ മേഖലയില്‍
ബഹിരാകാശ മേഖലയില്‍ യുഎഇ ആധിപത്യമുറപ്പിച്ച വര്‍ഷമാണ് 2020. ജുലൈയില്‍ ചൊവ്വാ ഗ്രഹത്തെക്കുറിച്ച് പഠിക്കാനായി യുഎഇ തയാറാക്കിയ ബഹിരാകാശ പേടകമായ അല്‍അമീന്‍ ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും വിക്ഷേപിച്ചു. പിന്നാലെ ഡിസംബറില്‍ തന്ത്രപ്രധാന ഉപഗ്രഹം ഫാൽക്കൺ ഐ 2 വും യുഎഇ വിക്ഷേപിച്ചു. ഓഗസ്റ്റില്‍ അറബ് ലോകത്തെ ആദ്യ ആണവോര്‍ജ നിലയം അബുദാബിയില്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു.

സൗദിക്ക് പരിവര്‍ത്തനം
സൗദിക്ക് പരിവര്‍ത്തനങ്ങളുടെ കാലം കൂടിയായിരുന്നു 2020. 18 വയസ്സിന് മുകളിലുള്ള വിവാഹിതരായ സൗദി വനിതകൾക്ക് രാജ്യത്തിന് പുറത്തേക്ക് പോകാൻ പുരുഷ രക്ഷാ കർത്താക്കളുടെ അനുമതി വേണമെന്ന വ്യവസ്ഥ ഫെബ്രുവരിയില്‍ ഭരണകൂടം റദ്ദ് ചെയ്തു. സൈന്യത്തിലും വനിതകള്‍ക്ക് പ്രവേശനം ലഭിച്ചു. ടൂറിസം മേഖലയിലും വിശുദ്ധ ഹറമിലും ആദ്യമായി സ്ത്രീകള്‍ക്ക് നിയമനം നല്‍കിയും സൗദി ലോകത്തിന്‍റെ ശ്രദ്ധയാകര്‍ശിച്ചു. പ്രാകൃതമായ ചാട്ടവാറടി നിരോധിച്ചതിനോടൊപ്പം പ്രായപൂർത്തിയാകാത്തവർക്കുള്ള കുറ്റകൃത്യങ്ങൾക്ക് ഇനിമേൽ വധശിക്ഷ നൽകില്ലെന്നും സൗദി തീരുമാനമെടുത്തു.

ഹജ്ജും ഉംറയും
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വലിയ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ഉംറ-ഹജ്ജ് തീര്‍ത്ഥാടനം നടന്നത്. ലക്ഷങ്ങള്‍ ഒഴുകിയെത്തിയിരുന്ന തീര്‍ത്ഥാടന മേഖലയില്‍ നാമമാത്രമായ ആളുകള്‍ മാത്രമാണ് ഇത്തവണ എത്തിയത്. ഒരേ സമയം അമ്പത് തീര്‍ത്ഥാടകര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. മണിക്കൂറിൽ മൂന്ന് ലക്ഷം തീർഥാടകരുടെ വരവ് ഉണ്ടാകുന്ന ജംറകളിൽ ആകെ ആയിരം പേർ മാത്രമാണ് ഇത്തവണ ഉണ്ടായിരുന്നത്. തീര്‍ത്ഥാടന കാലത്ത് പള്ളികള്‍ അടച്ചതോടെ ഉംറ നിലയ്ക്കുകയാണ് ഉണ്ടായത്.

നാട്ടിലേക്ക് മടക്കം
കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഒമാനും കുവൈത്തും സ്വദേശിവത്കരണത്തിലൂന്നിയുള്ള നയങ്ങള്‍ നടപ്പിലാക്കി തുടങ്ങിയതോടെ മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ ഈ വര്‍ഷവും നാട്ടിലേക്ക് മടങ്ങി. വിസാ കാലവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാന്‍ ഇളവ് പ്രഖ്യാപിച്ചത് പതിനായിരങ്ങള്‍ക്ക് അനുഗ്രഹമായി. ജനുവരി 10 നാണ് ഒമാന്‍ ഭരണാധികാരിയായിരുന്ന ഖബൂസ് ബിൻ സയിദ് അൽ സയിദ് അന്തരിക്കുന്നത്. പിന്നാലെ ജനുവരി 11ന് ഹയ്താം ബിൻ താരിഖ് അൽ സയിദ് അധികാരത്തിലെത്തി.

വിയോഗങ്ങള്‍
സെപ്റ്റംബര്‍ 29 നാണ് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അന്തരിക്കുന്നത്. ആധുനിക കുവൈത്തിന്‍റെ ശില്‍പ്പികളില്‍ ഒരാളായ അല്‍ സബാഹ് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയില്‍ കഴിയവേയാണ് മരിക്കുന്നത്. ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ സബാഹ് ആണ് കുവൈത്തിന്‍റെ പുതിയ അമീര്‍. നവംബര്‍ 11 ന് ബഹ്‍റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയും അന്തരിച്ചു.

ഖത്തറിന് പ്രതീക്ഷ
പ്രതീക്ഷയുടെ പുതുവര്‍ഷ പുലരിയാണ് ഖത്തറിനും ഉള്ളത്. ഖത്തറിനുമേല്‍ സൗദിയും സഖ്യ രാഷ്ട്രങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധം നീക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. സൗദിഅറേബ്യയിൽ നടക്കുന്ന ജിസിസി യോഗത്തിലേക്ക് ഖത്തർ അമീറിനെ സൗദി ഭരണാധികാരി സൽമാൻ രാജാവ് ക്ഷണിക്കുകകയും ചെയ്തു. ജനുവരി അഞ്ചിന് നടക്കുന്ന ഉച്ചകോടിയില്‍ ഖത്തറിനു മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുന്നത് ഉള്‍പ്പടേയുള്ള നിര്‍ണ്ണായകമായ പ്രഖ്യാപനം ഉണ്ടായേക്കും.