ഇമ്രാന്‍ ഖാന്‍ ആദ്യത്തെയാളല്ല, പാക് മുന്‍ പ്രധാനമന്ത്രിമാരില്‍ ജയിലില്‍ ആയത് ഇവര്‍
ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ഇമ്രാനെ അറസ്റ്റ് ചെയ്ത് അതിവേഗം ജയിലില്‍ അടച്ച് ഞെട്ടിച്ചിരിക്കുകയാണ് പാകിസ്താന്‍. എന്നാല്‍ ഇത് ആദ്യമായിട്ടാണോ മുന്‍ പ്രധാനമന്ത്രി പാകിസ്താനില്‍ അറസ്റ്റിലാവുന്നത്. ചരിത്രം പരിശോധിച്ചാല്‍ അല്ലെന്ന് വ്യക്തമായി മനസ്സിലാക്കാം. തോഷകാനയില്‍ നിന്ന് ഔദ്യോഗികമായി ലഭിച്ച സമ്മാനങ്ങള്‍ വാങ്ങുകയും, അത് വില്‍ക്കുകയും ചെയ്ത സംഭവത്തിലെ ക്രമക്കേടുകളാണ് ഇമ്രാന്‍ ഖാനെ അഴിക്കുള്ളിലാക്കിയിരുന്നത്.
തോഷകാന ഒരു മന്ത്രിസഭാ വിഭാഗമാണ്. മറ്റ് രാജ്യങ്ങളിലെ തലവന്മാര്‍ നല്‍കുന്ന ഔദ്യോഗിക സമ്മാനം സൂക്ഷിക്കുന്ന ഇടമാണിത്. ഇവിടെ നിന്ന് ഇവര്‍ക്ക് ലഭിച്ച സമ്മാനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. എന്നാല്‍ ഈ വില്‍പ്പനയിലൂടെ ഇമ്രാന്‍ ഖാന്‍ എത്ര പണം നേടി എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതില്‍ വീഴ്ച്ച വന്നതാണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ കാരണം.

അതേസമയം ഇമ്രാന്‍ ഖാനില്‍ നിന്നല്ല ഇത്തരം അറസ്റ്റിന്റെ തുടക്കം. ഹുസൈന്‍ ഷഹീദ് സുഹറാവാര്‍ദിയില്‍ നിന്നാണ് അതിന്റെ തുടക്കം. കിഴക്കന്‍ പാകിസ്താനില്‍ നിന്നുള്ള ബംഗാളി രാഷ്ട്രീയക്കാരനാണ് ഹുസൈന്‍ ഷഹീദ്. പാകിസ്താന്റെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. 1962 ജനുവരിയിലായിരുന്നു ഹുസൈന്റെ അറസ്റ്റ്. ദേശീയ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നായിരുന്നു ആരോപണം.
എന്നാല്‍ ഇതെല്ലാം വ്യാജമായി ഉണ്ടാക്കിയ കുറ്റമായിരുന്നു. അന്നത്തെ സൈനിക ഭരണാധികാരി ജനറല്‍ അയൂബ് ഖാനെ പിന്തുണച്ചില്ല എന്നതാണ് ഇവിടെ ഹുസൈന്‍ ചെയ്ത യഥാര്‍ത്ഥ കുറ്റം. പാകിസ്താന്റെ ഒന്‍പതാം പ്രധാനമന്ത്രിയായിരുന്ന സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടേതായിരുന്നു അടുത്ത ഊഴം.1974ല്‍ രാഷ്ട്രീയ പ്രതിയോഗിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 1979ല്‍ അദ്ദേഹത്തെ തൂക്കിലേറ്റി.
പാകിസ്താനില്‍ രണ്ട് തവണ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോ നിരവധി തവണ അറസ്റ്റിലായിട്ടുണ്ട്. ആദ്യത്തേത് 1985ലായിരുന്നു. 90 ദിവസം അവര്‍ വീട്ടുതടങ്കലില്‍ ആയിരുന്നു. 1986 ഓഗസ്റ്റില്‍ ഒരു റാലിയില്‍ സൈനിക ഏകാധിപതി സിയാ ഉള്‍ഹഖിനെതിരെയുള്ള പരാമര്‍ശങ്ങളില്‍ അവര്‍ വീണ്ടും അറസ്റ്റിലായി. 1999ല്‍ അവരെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചു. അഴിമതിയായിരുന്നു കാരണം. അയോഗ്യതയും നേരിടേണ്ടി വന്നു. അഞ്ച് മില്യണ്‍ പൗണ്ടാണ് പിഴ ചുമത്തിയത്. എന്നാല്‍ അവര്‍ രാജ്യം വിട്ടതിനാല്‍ അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ടു.
1999ല്‍ ജനറല്‍ പര്‍വേസ് മുഷറഫ് പ്രധാനമന്ത്രിയായതോടെ നവാസ് ഷെരീഫ് അറസ്റ്റിലായി. പിന്നീട് ഷെരീഫ് രാജ്യം വിട്ടത്. 2018ല്‍ അഴിമതിക്കേസില്‍ ഷെരീഫും മകള്‍ മറിയം നവാസും ശിക്ഷിക്കപ്പെട്ടു. ആ വര്‍ഷം തന്നെ അദ്ദേഹത്തെ ഏഴ് വര്‍ഷം കഠിന തടവിന് വിധിച്ചു. 2019ല്‍ ലണ്ടനില്‍ ചികിത്സയ്ക്കായി പോയ ഷെരീഫ് പിന്നീട് പാകിസ്താനിലേക്ക് തിരിച്ചുവന്നിട്ടില്ല. ഷാഹിദ് കഖാന്‍ അബ്ബാസിയും 2019 ജൂലായില്‍ അറസ്റ്റിലായിരുന്നു. അതും അഴിമതിയുടെ പേരിലായിരുന്നു. പിന്നീട് അബ്ബാസിയെ ജാമ്യത്തില്‍ വിട്ടിരുന്നു. നേരത്തെ ഇമ്രാന്‍ ഖാന്‍ അറസ്റ്റിലായെങ്കിലും ജയിലില്‍ നിന്ന് വിട്ടയച്ചിരുന്നു. സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നായിരുന്നു അദ്ദേഹം പുറത്തിറങ്ങിയത്.












Click it and Unblock the Notifications