ഗള്‍ഫ് പ്രതിസന്ധി ഇന്ത്യക്കാര്‍ക്ക് ചാകര; അവസരം മുതലെടുക്കാന്‍ ഇന്ത്യ, ഗുണം ഇങ്ങനെ!!
കരുതലോടെയുള്ള ഇന്ത്യയുടെ പ്രതികരണം വരാന്‍ പോകുന്ന ലാഭം മുന്‍കൂട്ടി കണ്ടാണ്. നിലവിലെ ഉപരോധം മൂലം ഖത്തറില്‍ നിരവധി തൊഴിലവരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്.
ദില്ലി: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുത്തിട്ടുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യക്ക് ദോഷത്തേക്കാളേറെ ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍. ഇന്ത്യ വിഷയത്തില്‍ ആരുടെയും പക്ഷം ചേരാതിരിക്കുന്നതും കരുതലോടെ പ്രതികരിക്കുന്നതും ഈ കാരണം കൊണ്ടുതന്നെയാണ്. സൗദിയും ഖത്തറും യുഎഇയും ഇന്ത്യയ്ക്ക് ഒരു പോലെ സുഹൃത്തുക്കളാണ്.
നിലവിലെ പ്രതിസന്ധി മൂലം ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി തൊഴിലവസരങ്ങള്‍ തുറക്കപ്പെടുമെന്നാണ് കരുതുന്നത്. അത് മറ്റു രാജ്യക്കാരേക്കാള്‍ ഏറെ ഇന്ത്യാക്കാര്‍ക്കാണ് ഗുണം ചെയ്യുക. മാത്രമല്ല, വ്യാപാര രംഗത്തും ഇന്ത്യയ്ക്ക് നിലവിലെ പ്രതിസന്ധി ഗുണം ചെയ്യുമെന്നാണ് നിഗമനം.

സൗദിയും ഖത്തറും ഇന്ത്യയ്ക്ക് വേണം
സൗദി അറേബ്യയാണ് ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാര്‍. ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കുന്നത് സൗദിയില്‍ നിന്നാണ്. ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക കയറ്റുമതിക്കാര്‍ ഖത്തറാണ്. ഇവിടെ നിന്നാണ് ഇന്ത്യയിലേക്കെത്തുന്ന പ്രകൃതി വാതകത്തിന്റെ സിംഹഭാഗവും.

എണ്ണ ഉല്‍പ്പാദനത്തിലെ ആശങ്ക
എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ സൗദിയും റഷ്യയും തമ്മില്‍ അടുത്തിടെ ധാരണയുണ്ടാക്കിയിരുന്നു. ഈ ധാരണ ഒപെക് രാജ്യങ്ങള്‍ അംഗീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അങ്ങനെ വന്നാല്‍ സ്വാഭാവികമായും എണ്ണയ്ക്ക് വില കുതിച്ചുയരും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കുത്തനെ കുറയ്ക്കാന്‍ സാധ്യത കുറവാണ്.

ആശങ്കപ്പെടേണ്ട ഒന്നുമില്ല
നിലവിലെ ഗള്‍ഫ് പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് ആശങ്കപ്പെടേണ്ട ഒന്നുമില്ലെന്ന് അലവാന്‍ ബിസിനസ് അഡൈ്വസറിയിലെ അലസ്റ്റയര്‍ ന്യൂട്ടണ്‍ പറയുന്നു. ചൊവ്വാഴ്ച വരെ തുടര്‍ച്ചയായ മൂന്ന് ദിവസം ആഗോള വിപണയില്‍ എണ്ണ വില ഇടിയുകയാണ് ചെയ്തത്.

ആഭ്യന്തര വിഷയമെന്ന് ഇന്ത്യ
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഖത്തറിനെതിരേ ജിസിസി രാജ്യങ്ങളായ സൗദിയും യുഎഇയും ബഹ്‌റൈനും ഉപരോധ നടപടികള്‍ പ്രഖ്യാപിച്ചത്. ഖത്തറിലേക്കുള്ള ഗതാഗത മാര്‍ഗങ്ങള്‍ ഇവര്‍ അടയ്ക്കുകയും ചെയ്തു. എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ ഇന്ത്യ തയ്യാറായിട്ടില്ല. ജിസിസി രാജ്യങ്ങളുടെ ആഭ്യന്തര വിഷയമാണിതെന്നാണ് ഇന്ത്യ പ്രതികരിച്ചത്.

ലാഭം മുന്‍കൂട്ടി കണ്ടു
കരുതലോടെയുള്ള ഇന്ത്യയുടെ പ്രതികരണം വരാന്‍ പോകുന്ന ലാഭം മുന്‍കൂട്ടി കണ്ടാണ്. നിലവിലെ ഉപരോധം മൂലം ഖത്തറില്‍ നിരവധി തൊഴിലവരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലെ പൗരന്‍മാര്‍ ഖത്തര്‍ വിടുമ്പോഴാണ് ഈ ഒഴിവുകള്‍ രൂപപ്പെടുക.

ആറര ലക്ഷത്തോളം ഇന്ത്യാക്കാര്‍
നിലവില്‍ ആറര ലക്ഷത്തോളം ഇന്ത്യാക്കാരാണ് ഖത്തറിലുള്ളത്. അതില്‍ മൂന്ന് ലക്ഷത്തിലധികം മലയാളി തൊഴിലാളികളാണ്. ബാക്കി വരുന്നത് സൗദി, ബഹ്‌റൈന്‍, യുഎഇ, ഈജിപ്ത്, ലിബിയ, യമന്‍, മാലദ്വീപ്, ഫിലിപ്പീന്‍സ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

തൊഴിലവസരങ്ങള്‍ ഇങ്ങനെ
ഇതില്‍ സൗദി, യുഎഇ, ബഹ്‌റൈന്‍, യമെന്‍, ഈജിപ്ത്, മാലദ്വീപ്, ലിബിയ തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ വിടേണ്ടിവരും. അതോടെ നിരവധി തൊഴിലവസരങ്ങള്‍ക്ക് വഴി തുറക്കപ്പെടും.

മറ്റു ജിസിസിയിലും ഒഴിവുകള്‍
ഈ പശ്ചാത്തലം സാധാരണ ഗുണം ചെയ്യുക ഏഷ്യന്‍ രാജ്യങ്ങള്‍ക്കാണ്. പ്രത്യേകിച്ചും ഇന്ത്യാക്കാര്‍ക്കും വിശിഷ്യാ മലയാളികള്‍ക്കും. ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിക്കുമ്പോള്‍ ഈ രാജ്യങ്ങള്‍ ഖത്തര്‍ പൗരന്‍മരോട് രാജ്യം വിടാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതോടെ ഖത്തറുകാര്‍ തൊഴിലെടുത്തിരുന്ന ഗള്‍ഫ് രാജ്യങ്ങളിലും ഒഴിവുകള്‍ വരും. അതും ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് നേട്ടമാകും.

ഇനിയും രൂക്ഷമാകും
അതിനിടെ ഗള്‍ഫ് പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്നാണ് ഒടുവില്‍ ലഭ്യമാകുന്ന വിവരം. തുര്‍ക്കിയുടെയും കുവൈത്തിന്റെയും നേതൃത്വത്തില്‍ സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഖത്തറിനെതിരേ ശക്തമായ നടപടിയുമായി സൗദിയും യുഎഇയും രംഗത്തൈത്തിയിട്ടുണ്ട്. സമാധാന ശ്രമങ്ങള്‍ക്ക് അസ്ഥാനത്താക്കി കൊണ്ടാണ് ഇരുരാജ്യങ്ങളുടെയും നീക്കം.

പ്രകോപനപരമായ പ്രഖ്യാപനം
ഇനിയും പ്രതികാര നടപടികള്‍ സ്വീകരിച്ചാല്‍ ഖത്തറിന്റെ ഭാഗത്തുനിവന്ന് പ്രകോപനപരമായ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുവൈത്ത് അമീര്‍ സമാധാന ശ്രമങ്ങളുടെ ഭാഗമായി സൗദിയിലെത്തി ചര്‍ച്ചകള്‍ ചൊവ്വാഴ്ച വൈകീട്ട് നടത്തിയിരുന്നു. അതേസമയം തന്നെയാണ് സൗദിയും യുഎഇയും ഖത്തറിനെതിരേ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചതും. ദുബായ് പോര്‍ട്ട് വേള്‍ഡ് എല്ലാ ഖത്തര്‍ കപ്പലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി പ്രഖ്യാപനം നടത്തി. ഖത്തര്‍ എയര്‍വേയ്‌സിന്റെ ലൈസന്‍സ് സൗദി അറേബ്യ റദ്ദാക്കുകയും ചെയ്തു.

കുവൈത്തിന്റെ അഭ്യര്‍ഥന
ഇതിന് മറുപടിയായി ഖത്തര്‍ അമീര്‍ തമീം ഹമദ് ബിന്‍ അല്‍ഥാനി പ്രസ്താവന നടത്താന്‍ ഇരുന്നതാണ്. എന്നാല്‍ കുവൈത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് അദ്ദേഹം പിന്‍മാറിയത്. ഖത്തര്‍ വിശ്വാസം വീണ്ടെടുക്കണമെങ്കില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു. ഖത്തര്‍ തീവ്രവാദി സംഘങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണം. വാക്കില്‍ മാത്രം പോര, പ്രവര്‍ത്തനത്തിലൂടെ അത് കാണിക്കണമെന്നും യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാലഷ് പറഞ്ഞു.

ദുബായ് പോര്‍ട്ട് വേള്‍ഡ്
ദുബായ് പോര്‍ട്ട് വേള്‍ഡിന്റെ ഒരു തുറമുഖങ്ങളിലും ഖത്തര്‍ കപ്പലുകള്‍ ഉണ്ടാവരുതെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഖത്തറില്‍ നിന്നുള്ള കപ്പലുകള്‍ക്ക് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ടെര്‍മിനലുകളില്‍ പ്രവേശനമുണ്ടാകില്ലെന്നും ദുബായ് പോര്‍ട്ട് വേള്‍ഡ് അറിയിച്ചു. നേരത്തെ ഫുജൈറ തുറമുഖവും സമാനമായ നടപടികള്‍ സ്വീകരിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ദുബായ് പോര്‍ട്ട് വേള്‍ഡിന്റെ ശക്തമായ നിര്‍ദേശം. ഈ സാഹചര്യത്തില്‍ ഖത്തര്‍ കപ്പലുകള്‍ പൂര്‍ണമായും യുഎഇ വിടണം. മാത്രമല്ല, ഖത്തര്‍ കപ്പലുകളില്‍ നിന്നു ആ രാജ്യത്തിന്റെ പതാക താഴ്ത്തി കെട്ടാന്‍ നേരത്തെ യുഎഇ ആവശ്യപ്പെട്ടിരുന്നു.

സൗദിയിലേക്ക് പ്രവേശനമില്ല
അതിനിടെ ഖത്തര്‍ എയര്‍ലൈന്‍സിന്റെ ലൈസന്‍സ് സൗദി അറേബ്യ റദ്ദാക്കി. ഖത്തര്‍ എയര്‍ലൈന്‍സിന് ഇനി സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധ്യമല്ല. നേരത്തെ ഖത്തറുമായുള്ള വ്യോമ ഗതാഗതം സൗദി റദ്ദാക്കിയിരുന്നു. നയതന്ത്ര ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. ഖത്തര്‍ എയര്‍വേയ്‌സിന്റെ സൗദിയിലെ എല്ലാ ഓഫീസുകളും 48 മണിക്കൂറുകള്‍ക്കുള്ളില്‍ അടച്ചുപൂട്ടണമെന്ന് സൗദി വ്യോമയാന അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൗദിയുടെ വ്യോമ പാതയില്‍ കൂടി ഇപ്പോള്‍ ഖത്തര്‍ എയര്‍വേയ്‌സിന് സഞ്ചരിക്കാന്‍ സാധ്യമല്ല. ഈ സാഹചര്യത്തില്‍ അവര്‍ പുതിയ മാര്‍ഗത്തിലാണ് യാത്ര ചെയ്യുന്നത്.

തടസമില്ലെന്ന് ഖത്തര്‍ എയര്‍വെയ്‌സ്
തങ്ങളുടെ യാത്രകള്‍ക്ക് നിലവില്‍ തടസമില്ലെന്നാണ് ഖത്തര്‍ എയര്‍വേയ്‌സ് അറിയിക്കുന്നത്. സൗദിയില്‍ നിരവധി ഖത്തര്‍ സ്വദേശികള്‍ ഉണ്ട്. യുഎഇയിലും സമാനമായ അവസ്ഥയാണ്. ഈ രണ്ട് രാജ്യങ്ങളിലേക്കും പൗരന്‍മാരെ കൊണ്ടുവരാന്‍ ഖത്തര്‍ പ്രത്യേക വിമാനം അയച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഖത്തര്‍ പ്രതിസന്ധി അടുത്തൊന്നും പരിഹരിക്കാന്‍ സാധ്യമല്ലെന്നാണ് വ്യക്തമാകുന്നത്. കുവൈത്ത് അമീറിന്റെ സമാധാന ശ്രമങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ പ്രതീക്ഷ. അദ്ദേഹം സൗദി നേതൃത്വങ്ങളുമായി കഴിഞ്ഞദിവസം റിയാദിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.












Click it and Unblock the Notifications