കാനഡയ്ക്ക് ഇന്ത്യയുടെ മറുപടി: നയതന്ത്രജ്ഞന്‍ 5 ദിവസത്തിനുള്ളില്‍ രാജ്യം വിടണം, അസംബന്ധമെന്ന് മന്ത്രി
ഡൽഹി: ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം തള്ളി ഇന്ത്യ. രാജ്യത്തിനെതിരെ ട്രൂഡോ നടത്തിയ ആരോപണം അസംബന്ധമാണെന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയത്. ഇതോടൊപ്പം തന്നെ ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്രജ്ഞനോട് അഞ്ച് ദിവസത്തിനുള്ളില്‍ രാജ്യം വിടാനും വിദേശ കാര്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ "ഇന്ത്യ ഗവൺമെന്റിന്റെ ഏജന്റുമാരുമായി" ബന്ധിപ്പിക്കുന്ന "വിശ്വസനീയമായ ആരോപണങ്ങൾ" തന്റെ സർക്കാരിന് ഉണ്ടെന്നായിരുന്നു ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ ദിവസം പാർലമെന്റില്‍ വ്യക്തമാക്കിയത്. "കനേഡിയൻ മണ്ണിൽ ഒരു കനേഡിയൻ പൗരനെ കൊലപ്പെടുത്തുന്നതിൽ ഒരു വിദേശ ഗവൺമെന്റിന്റെ ഏതെങ്കിലും പങ്കാളിത്തം നമ്മുടെ പരമാധികാരത്തിന്റെ അസ്വീകാര്യമായ ലംഘനമാണ്. ഇത് സ്വതന്ത്രവും തുറന്നതും ജനാധിപത്യപരവുമായ സമൂഹങ്ങൾ സ്വയം നടത്തുന്ന അടിസ്ഥാന നിയമങ്ങൾക്ക് വിരുദ്ധമാണ്," ട്രൂഡോ പാർലമെന്റില്‍ പറഞ്ഞു.

ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്നതടക്കമുള്ള നടപടികളിലേക്കും കാനഡ കടന്നിരുന്നു. ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ഇന്ത്യ ഇന്ന് രാവിലെ കനേഡിയൻ ഹൈക്കമ്മീഷണർ കാമറൂൺ മക്കെയെ വിളിച്ചുവരുത്തി. പേര് വെളിപ്പെടുത്താത്ത ഒരു കനേഡിയന്‍ നയതന്ത്രജ്ഞനോട് അഞ്ച് ദിവസത്തിനുള്ളില്‍ രാജ്യം വിടാനാണ് ഇന്ത്യയുടെ നിർദേശം.
"ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കാനഡയിൽ അഭയം നൽകുകയും ഇന്ത്യയുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും ഭീഷണി തുടരുകയും ചെയ്യുന്ന ഖാലിസ്ഥാൻ ഭീകരരിൽ നിന്നും തീവ്രവാദികളിൽ നിന്നും ശ്രദ്ധ മാറ്റാൻ ശ്രമിക്കുന്നു. ഈ വിഷയത്തിൽ കനേഡിയൻ ഗവൺമെന്റിന്റെ നിഷ്‌ക്രിയത്വം വളരെക്കാലമായി തുടരുന്ന ആശങ്കയാണ്. ," എന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഇന്ത്യ തിരയുന്ന ഖലിസ്ഥാന്‍ തീവ്രവാദിയായ നിജ്ജാർ വാൻകൂവറിന്റെ പ്രാന്തപ്രദേശമായ സറേയിൽ വച്ച് ജൂൺ 18 നാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്.
ഇന്ത്യയിൽ ഭീകരാക്രമണം നടത്തിയെന്നാരോപിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തത്.ഖാലിസ്ഥാനി ടൈഗർ ഫോഴ്‌സിന്റെയും സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ (എസ്‌എഫ്‌ജെ) കനേഡിയൻ വിഭാഗത്തിന്റെയും തലവനായിരുന്നു ഹർദീപ് സിംഗ് നിജ്ജാർ. പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള നിജ്ജർ 1997-ലാണ് കാനഡയിലേക്ക് കുടിയേറുന്നത്.
കഴിഞ്ഞ ജൂലൈയിൽ പഞ്ചാബിലെ ജലന്ധറിൽ ഹിന്ദു പുരോഹിതനെ കൊലപ്പെടുത്തിയ കേസിൽ നിജ്ജാറിന് പിടികൂടാന്‍ വിവരം നല്‍കുന്നവർക്ക് ഇന്ത്യൻ തീവ്രവാദ വിരുദ്ധ ഏജൻസി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2007ൽ പഞ്ചാബിലെ സിനിമാ തിയേറ്ററിലുണ്ടായ സ്‌ഫോടനത്തിലും നിജ്ജാർ പ്രതിയാണ്. കാനഡ, യുകെ, യുഎസ് എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്ര ദൗത്യങ്ങൾക്ക് നേരെ അടുത്തിടെ നടന്ന ആക്രമണങ്ങളും എൻഐഎ ഇദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications