ഇറാന്‍ ഞെരുങ്ങും; വന്‍ ഉപരോധം പ്രഖ്യാപിച്ച് യുഎസ്, സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് 'ഡോളര്‍' കിട്ടില്ല
വാഷിങ്ടണ്‍: ഇറാനെതിരെ കടുത്ത നടപടിയുമായി അമേരിക്ക. ഉപരോധം ശക്തമാക്കാനാണ് പുതിയ തീരുമാനം. ഇറാനുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഇത്തരം രാജ്യങ്ങളെയും കമ്പനികളെയും ഡോളര്‍ സംവിധാനത്തില്‍ നിന്ന് നീക്കം ചെയ്യുമെന്നാണ് പ്രഖ്യാപനം.
ഇറാന്റെ വരുമാന മാര്‍ഗങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഉപരോധം ശക്തമാക്കിയിരിക്കുന്നത്. ഇറാനുമായി വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടിയുണ്ടാകും. എന്നാല്‍ ഏതെങ്കിലും ഒരു രാജ്യത്തിന്റെ പേര് യുഎസ് ട്രഷറി സെക്രട്ടറി എടുത്തു പറഞ്ഞില്ല. അമേരിക്ക വേണോ ഇറാന്‍ വേണോ എന്ന് ലോകനേതാക്കള്‍ തീരുമാനിക്കേണ്ട സമയമാണിത് എന്നും ബെസന്റ് പറഞ്ഞു.

ഇറാനുമായി കൂടുതല്‍ വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങളാണ് ചൈനയും തുര്‍ക്കിയും യുഎഇയും. യുഎഇ കഴിഞ്ഞാഴ്ച ഇറാനുമായുള്ള വ്യാപാര-ധനകാര്യ ഇടപാടുകള്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ മറ്റു രണ്ടു രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക നടപടി എടുത്തേക്കും. നാറ്റോ അംഗരാജ്യമാണ് തുര്‍ക്കി. ചൈന ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയാണ്.
ഇറാനില്‍ നിന്ന് മിസൈല്‍ ആക്രമണമുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് യുഎഇ ഇറാനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിച്ചത്. എന്നാല്‍ യുഎഇയുടെ ആരോപണം വ്യാജമാണ് എന്ന് ഇറാന്‍ പറയുന്നു. യുഎഇക്കെതിരെ ഇപ്പോള്‍ ആക്രമണം നടത്തിയിട്ടില്ലെന്നും ഇറാന്‍ വ്യക്തമാക്കി. യുഎഇ ഇറാനെതിരെ നടപടി എടുത്ത് ദിവസങ്ങള്‍ മാത്രം പിന്നിടവെയാണ് അമേരിക്ക സെക്കന്‍ണ്ടറി ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇറാനെതിരായ യുദ്ധം വേഗത്തില്‍ അവസാനിക്കും എന്നാണ് അമേരിക്ക കരുതിയത്. എന്നാല്‍ ആറ് മാസം തികയാറായിട്ടും യുദ്ധം തുടരുകയാണ്. അമേരിക്കയുടെ ആയുധങ്ങള്‍ തീരുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സമ്മര്‍ദ്ദം ശക്തമാക്കി ഇറാനെ പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇറാന് വേണ്ടി സാമ്പത്തിക ഇടപാട് നടത്തുന്ന സ്ഥാനങ്ങളെ ഡോളര്‍ സംവിധാനത്തില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ബെസന്റ് പറയുന്നു. ഇറാന്‍ പൂര്‍ണമായി തകരുകയാണ് എന്ന് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അമേരിക്ക നടപടി ശക്തമാക്കുമെന്ന സൂചന വന്നപ്പോള്‍ തന്നെ ഇറാന്റെ കറന്‍സി മൂല്യം കുത്തനെ ഇടിഞ്ഞു. ഒരു യുഎസ് ഡോളറിന് 20 ലക്ഷം ഇറാന്‍ റിയാല്‍ എന്ന നിലയിലേക്ക് മൂല്യമിടിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, അമേരിക്കയുടെ പക്ഷം ചേര്‍ന്ന് തങ്ങള്‍ക്കെതിരായ നീക്കം നടത്തുന്നവര്‍ യുദ്ധത്തിന്റെ ഭാഗമായി എന്ന് കണക്കാക്കി നേരിടുമെന്നാണ് ഇറാന്റെ ഭീഷണി. അമേരിക്ക ഉപരോധം ശക്തമാക്കിയാല്‍ പശ്ചിമേഷ്യയില്‍ നിന്ന് ഒരു തുള്ളി ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യില്ലെന്നും ഇറാന്‍ നേതാക്കള്‍ വ്യക്തമാക്കുന്നു. ഹോര്‍മുസും ചെങ്കടലും തടയുന്നത് തുടരുമെന്ന സൂചനയാണ് ഇറാന്‍ നല്‍കുന്നത്. ആഗോള വിപണിയില്‍ എണ്ണ എത്തിയില്ലെങ്കില്‍ ലോകം പ്രതിസന്ധിയിലാകും.





Click it and Unblock the Notifications