ജപ്പാനിലെ എഹിം, കൊച്ചി പ്രവിശ്യകളില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പില്ല
ടോക്കിയോ: ജപ്പാനില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തെക്കന്‍ ജപ്പാനില്‍ ബുധനാഴ്ച വൈകീട്ടോടെയാണ് അനുഭവപ്പെട്ടത്. നിലവില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല എന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. ജാപ്പനീസ് ദ്വീപുകളായ ക്യുഷു, ഷിക്കോകു എന്നിവയെ വേര്‍തിരിക്കുന്ന കടലിടുക്കായ ബങ്കോ ചാനലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ജപ്പാന്റെ എഹിം, കൊച്ചി പ്രവിശ്യകളിലാണ് പ്രകമ്പനം ഉണ്ടായതെന്ന് ജെഎംഎ അറിയിച്ചു. ചില ജല പൈപ്പുകള്‍ പൊട്ടിയിട്ടുണ്ടെങ്കിലും കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പറഞ്ഞു. ഒരു റിയാക്ടര്‍ പ്രവര്‍ത്തിക്കുന്ന എഹിം പ്രിഫെക്ചറിലെ ഷിക്കോകു ഇലക്ട്രിക് പവറിന്റെ ഇകാറ്റ ആണവ നിലയത്തില്‍ ക്രമക്കേടുകളുണ്ടായി എന്ന ആശങ്ക പരന്നിരുന്നു.

എന്നാല്‍ സ്ഥിതി ശാന്താണ് എന്നും തകരാറുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജപ്പാന്‍ സര്‍ക്കാര്‍ വക്താവ് യോഷിമാസ ഹയാഷി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജാപ്പനീസ് ഭൂകമ്പ സ്‌കെയിലില്‍ ആറിന് താഴെയുള്ള മറ്റ് ഭൂകമ്പങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ഹയാഷി മുന്നറിയിപ്പ് നല്‍കി. ലോകത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നായ ജപ്പാനില്‍ ഭൂകമ്പങ്ങള്‍ സാധാരണമാണ്.
റിക്ടര്‍ സ്‌കെയിലില്‍ ആറോ അതിലധികമോ തീവ്രതയുള്ള ഭൂകമ്പത്തിന്റെ അഞ്ചിലൊന്ന് ജപ്പാനിലാണ് സംഭവിക്കുന്നത്. 2011 മാര്‍ച്ച് 11 ന് വടക്കുകിഴക്കന്‍ തീരത്ത് റിക്ടര്‍ സ്‌കെയിലില്‍ 9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും ജപ്പാനിലെ ഏറ്റവും ശക്തമായ സുനാമിയും ഉണ്ടായിരുന്നു.












Click it and Unblock the Notifications