ചെറുവിമാനത്തില്‍ യാത്ര, അതീവ രഹസ്യം; ബൈഡന്റെ യുക്രൈന്‍ സന്ദര്‍ശനം വൈറ്റ്ഹൗസ് പദ്ധതിയിട്ടത്
അതീവ രഹസ്യമായിട്ടാണ് ബൈഡന്റെ യാത്ര വൈറ്റ് ഹൗസ് ആസൂത്രണം ചെയ്തത്.

കീവ്: റഷ്യന്‍ അധിനിവേശം തുടരുന്ന യുക്രൈയിനില്‍ കഴിഞ്ഞ ദിവസമാണ് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. റഷ്യന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായണ് ജോ ബൈഡന്‍ യുക്രൈന്‍ തലസ്ഥാനമായ കീവില്‍ എത്തിയത്. യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയ ബൈഡന്‍ അമേരിക്ക യുക്രൈനൊപ്പം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കി. ബൈഡന്റെ സന്ദര്‍ശനം എല്ലാ യുക്രൈന്‍ പൗരന്മാര്‍ക്കും പ്രധാനപ്പെട്ടതാണെന്നാണ് സെലന്‍സ്‌കി പറഞ്ഞത്.

ബൈഡന്‍ കീവിലേക്ക് എത്തിയത്
എന്നാല്‍ ബൈഡന്റെ അപ്രതീക്ഷിത യുക്രൈന്‍ സന്ദര്‍ശനം ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. വളരെ രഹസ്യമായാണ് ബൈഡന്‍ കീവില്‍ എത്തിയത്. അമേരിക്കന്‍ പ്രസിഡന്റുമാര്‍ സാധാരണയായി അന്താരാഷ്ട്ര യാത്രകളില്‍ ഉപയോഗിക്കുന്ന വിമാനത്തിന്റെ ചെറിയ പതിപ്പായ വിമാനം ഉപയോഗിച്ചാണ് ബൈഡന്‍ കീവിലേക്ക് എത്തിയത്.

ചുരുങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥര്‍
യാത്ര ആസൂത്രണം ചെയ്ത് 15 മിനിറ്റുകള്‍ക്ക് ശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍ പോലും ഇക്കാര്യം അറിയുന്നത്. ചുരുങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥര്‍, ഒരു ചെറിയ മെഡിക്കല്‍ ടീം, അടുത്ത ഉപദേശകര്‍, രണ്ട് പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പടെയാണ് ബൈഡനും സംഘവും യുക്രൈനില്‍ എത്തിയത്.

അതീവ രഹസ്യം
വിമാനം യാത്ര തിരിക്കുന്നതിന് മുമ്പ് ബൈഡന്റെ യുക്രൈന്‍ സന്ദര്‍ശന വിവരം റഷ്യയെയും അറിയിച്ചെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടോവ് ജെയ്ക് സള്ളിവന്‍ പറഞ്ഞു. അതീവ രഹസ്യമായിട്ടാണ് ബൈഡന്റെ യാത്ര വൈറ്റ് ഹൗസ് ആസൂത്രണം ചെയ്തത്. പൊതുവെ ബൈഡന്റെ വിദേശ യാത്ര സംഘത്തില്‍ ടെലിവിഷന്‍സ പത്ര, റേഡിയോ അടക്കമുള്ള 13 മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടാകും. എന്നാല്‍ ഇത്തവണ ഒരു ഫോട്ടോഗ്രാഫറും ഒരു റിപ്പോര്‍ട്ടറും മാത്രമാണ് ഉണ്ടായിരുന്നത്.

ഫോണുകള്‍ പിടിച്ചെടുത്തു
തന്നെയും ഫോട്ടോഗ്രാഫറെയും പുലര്‍ച്ചെ 2:15 ന് വാഷിംഗ്ടണിന് പുറത്തുള്ള ജോയിന്റ് ബേസ് ആന്‍ഡ്രൂസിലേക്ക് വിളിപ്പിക്കുകയായിരുന്നെന്ന്
ദ വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ നിന്നുള്ള റിപ്പോര്‍ട്ടര്‍ സബ്രീന സിദ്ദിഖി വെളിപ്പെടുത്തി. ഇവരുടെ ഫോണുകള്‍ പിടിച്ചെടുത്തു. ബൈഡന്‍ കീവില്‍ ലാന്‍ഡ് ചെയ്തതിന് ശേഷമാണ് ഫോണുകള്‍ തിരിച്ചു നല്‍കിയത്. യാത്ര അതീവ രഹസ്യമാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.

യു എസിന്റെ എല്ലാ പിന്തുണയും
അതേസമയം, കീവിലെത്തിയ ബൈഡന്‍ യുക്രൈന് 50 കോടി ഡോളറിന്റെ ആയുധങ്ങള്‍ വാഗ്ദാനം ചെയ്തു. യു എസിന്റെ എല്ലാ പിന്തുണയും യുക്രൈനുണ്ടാകുമെന്നും ബൈഡന്‍ അറിയിച്ചു. 2008ന് ശേഷം ഒരു യു എസ് പ്രസിഡന്റ് യുക്രൈന്‍ സന്ദര്‍ശിക്കുന്നത് ഇപ്പോഴാണ്. യുദ്ധത്തില്‍ ജീവത്യാഗം ചെയ്തവരുടെ സ്മാരകത്തില്‍ സെലന്‍സ്‌കിയും ബൈഡനും പുഷ്ചക്രം അര്‍പ്പിച്ചു.












Click it and Unblock the Notifications