ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്ക് അടുത്ത് ലിസ് ട്രസ്; ഓടിയെത്താനാവാതെ റിഷി സുനാക്
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കുള്ള പോരാട്ടത്തില്‍ ഒരടി കൂടി മുന്നിലെത്തി ലിസ് ട്രസ്. ഇന്ത്യന്‍ വംശജനായ റിഷി സുനാകിനെ പിന്നിലാക്കി മുന്നേറുകയാണ് ട്രസ്. ഇതിനോടകം ഗംഭീരമായ ഒരു ദേശവ്യാപക യാത്ര, ടിവി ചര്‍ച്ചകളുമെല്ലാം ലിസ് ട്രസിനെ ഫേവറിറ്റാക്കി കഴിഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍ അവരെത്തുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലും ട്രസ്സിനാണ് സ്വാധീനം. തിങ്കളാഴ്ച്ച ഫലം പ്രഖ്യാപിക്കും. അതിന് മുമ്പ് ബോറിസ് ജോണ്‍സന്‍ രാജിക്കത്ത് നല്‍കും. നിലവില്‍ കാവല്‍ പ്രധാനമന്ത്രിയാണ് അദ്ദേഹം.

അതേസമയം പോസ്റ്റല്‍ വോട്ടുകളും ഓണ്‍ലൈന്‍ വോട്ടുകള്‍ ഓഗസ്റ്റിന്റെ തുടക്കത്തില്‍ തന്നെ ആരംഭിച്ചിരുന്നു. രണ്ട് ലക്ഷത്തോളം വരുന്ന ടോറി അംഗങ്ങളാണ് വോട്ട് ചെയ്യുക. പാര്‍ട്ടിയില്‍ മെഗാ ഭൂരിപക്ഷമാണ് ട്രസ്സിന് അനുകൂലമായി ഉള്ളത്. ബോറിസ് ജോണ്‍സന്‍ തന്നെ ഇടപെട്ട് നേതാക്കളില്‍ നിന്ന് ലിസ് ട്രസിന് പിന്തുണ നേടി കൊടുത്തിരുന്നു. എന്നാല്‍ ആര് ജയിച്ചാലും വലിയ വെല്ലുവിളികളാണ് കാത്തിരിക്കുന്നത്.
ആഘോഷങ്ങളൊക്കെ പെട്ടെന്ന് തന്നെ അവസാനിപ്പിക്കേണ്ടി വരും. അത്രയേറെ പ്രതിസന്ധിയിലാണ് ബ്രിട്ടന്‍. ജനങ്ങള്‍ ആകെ പ്രതിഷേധത്തിലാണ്. ബോറിസ് ജോണ്‍സനെതിരെ ജനവികാരം ഉയര്‍ന്നത് കൊണ്ടാണ് അദ്ദേഹത്തിന് ഒടുവില്‍ രാജിവെക്കേണ്ടി വന്നത്.
കടുത്ത വിലക്കയറ്റമാണ് ബ്രിട്ടന്‍ നേരിടുന്നത്. എന്തിനും ഏതിനും തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. ജനജീവിതത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. പ്രധാനമായും ഇന്ധന വിലയാണ് റോക്കറ്റ് വിടുന്ന വേഗത്തില്‍ കുതിക്കുന്നത്. യുക്രൈനിലെ യുദ്ധം കാരണം ബ്രിട്ടനാണ് ശരിക്കും തകര്‍ന്നത്. ഈ ശൈത്യ കാലത്ത് ബ്രിട്ടനില്‍ പുറത്തുപോയി ഭക്ഷണം കഴിക്കുന്നതും സാധനങ്ങള്‍ വാങ്ങുന്നതുമൊക്കെ കൈപ്പൊള്ളുന്ന കാര്യമായിരിക്കുമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്.
ഇനിയും വില വര്‍ധിക്കുമെന്നാണ് സൂചന. നികുതി ഇളവുകളാണ് ലിസ് ട്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ പാവപ്പെട്ടവര്‍ക്ക് ഇതിലൂടെ ഒന്നും ലഭിക്കില്ല. നികുതി അടയ്ക്കുന്നത് സമ്പന്നര്‍ മാത്രമാണ്.
മുന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് നല്‍കിയ വാഗ്ദാനം പോലെയാണ് ലിസ് ട്രസും നല്‍കിയത്. നോ മോര്‍ ടാക്‌സസ് എന്ന പ്രഖ്യാപനവും അവര്‍ നടത്തി. എന്നാല്‍ ജനങ്ങള്‍ക്ക് അധികാരത്തിലെത്തിയാല്‍ അടിയന്തര സഹായം നല്‍കുമെന്ന് ട്രസ് പറഞ്ഞു. സണ്‍ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നു. താങ്ങാനാവാത്ത ഇന്ധന വില ഇനി ഉണ്ടാവില്ലെന്നും അവര്‍ ഉറപ്പ് നല്‍കുന്നു.
മാര്‍ഗരറ്റ് താച്ചറുടെ രീതികളും മാറ്റങ്ങളുമാണ് വേണ്ടതെന്നാണ് ലിസ് ട്രസ് പറയുന്നു. ഒരു രാഷ്ട്രീയ നേതാവിന് വേണ്ട എല്ലാ കാര്യങ്ങളും ലിസ് ട്രസ് പ്രചാരണത്തില്‍ കൊണ്ടുവന്നു. എന്നാല്‍ മികച്ച മന്ത്രിയുടെ രീതിയാണ് റിഷി സുനാക് പുറത്തെടുത്തതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞു.












Click it and Unblock the Notifications