അവിശ്വാസ പ്രമേയ ഭീഷണിയിൽ ഇമ്രാൻ ഖാൻ; സ്വന്തം മുന്നണിയിലെ എംപിമാരും ഇമ്രാനെ എതിർത്തേക്കും
ഇസ്ലമബാദ്; പാകിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷം അവിശ്വാസം പ്രമേയം അവതരിപ്പിച്ചേക്കും. അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) യിലെ 24 എംപിമാരും ഇമ്രാൻ ഖാനെതിരെ രം ഗത്ത് വന്നതായും റിപ്പോർട്ടുകളുണ്ട്. മുന്നണിയിലെ മൂന്ന് കക്ഷികളും മുന്നണി വിട്ട് പ്രതിപക്ഷത്തോടൊപ്പെ ചേരും എന്നാണ് സൂചന. പാക്കിസ്താൻ മുസ്‌ലിം ലീഗ് ഖാഇദ് നേതാവ് ചൗധരി പർവേസ് ഇലാഹിയുടെ നേതൃത്വത്തിലാണ് ഭരണമുന്നണിയിലെ മൂന്ന് സഖ്യകക്ഷികൾ കൂറുമാറുന്നത്.
ബലൂചിസ്താൻ അവാമി പാർട്ടിയുടെ അഞ്ച് അംഗങ്ങളും മുത്തഹിദ ഖൗമി മൂവ്‌മെന്റ് അംഗങ്ങളായ ഏഴ് പേരും തന്റെ പാർട്ടിയിലെ അഞ്ച് പേരുമടക്കം 17 അംഗങ്ങൾ തങ്ങൾക്കൊപ്പമാണ് എന്ന് ചൗധരി പർവേസ് ഇലാഹി പപറഞ്ഞു. ഇമ്രാൻ ഖാന്റെ നാളുകൾ എണ്ണപ്പെട്ടു. ഏഴ് പേരുടെ ഭൂരിപക്ഷം മാത്രമുള്ള ഇമ്രാനെ വീഴ്ത്താൻ തങ്ങൾക്ക് എളുപ്പത്തിൽ കഴിയുമെന്നും ഇലാഹി കൂട്ടിച്ചേർത്തു. നിലവിൽ സിന്ധ് ഹൗസിൽ താമസിക്കുന്ന പിടിഐ പാർലമെന്റംഗങ്ങളായ രാജാ റിയാസ്, നവാബ് ഷേർ വസീർ, റാണാ ഖാസിം നൂൺ, ഗഫാർ വാട്ടൂ, നൂർ ആലം ഖാൻ, റിയാസ് മസാരി എന്നിവരും ഇമ്രാനെതിരെ വോട്ട് ചെയ്യാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മറുവശത്ത്, അവിശ്വാസ പ്രമേയം വിജയിപ്പിക്കാൻ പ്രതിപക്ഷം കുതിരക്കച്ചവടം നടത്തുകയാണെന്ന് ഭരണപക്ഷം ആരോപിച്ചു.

അതിനിടെ, ഇമ്രാൻ ഖാനെതിരെ പാക്കിസ്താൻ ദിനമായ മാർച്ച് 23-ന് വമ്പിച്ച ജനകീയ മാർച്ച് നടത്താനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ പാക്കിസ്താൻ ഡെമോക്രാറ്റിക് മൂവ്‌മെന്റാണ് മാർച്ചിന് ഒരുങ്ങുന്നത്. എന്നാൽ ഇമ്രാനെ വീഴ്ത്തിയാൽ നഷ്ടം അദ്ദേഹത്തിനാവില്ല രാഷ്ട്രത്തിനായിരിക്കുമെന്ന് ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് അഹമ്മദ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ ശ്രമം വിജയിച്ചാൽ രാജ്യം ആഭ്യന്തര സംഘർഷത്തിലേക്ക് വീഴുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും പിടിഐയെയും പിന്നിൽ നിന്ന് കുത്തിയ ദ്രോഹികളോട് രാജ്യം ഒരിക്കലും പൊറുക്കില്ലെന്ന് പാകിസ്ഥാൻ വിദ്യാഭ്യാസ മന്ത്രി ഷഫ്ഖത് മഹമൂദ് ട്വിറ്ററിൽ കുറിച്ചു.
നേരത്തെ മാർച്ച് 8 ന് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൽ നിന്ന് ഇമ്രാൻ രക്ഷപെട്ടിരുന്നു. അന്ന് ചെറുകക്ഷികളാണ് ഇമ്രാന് തുണയായത്. എന്നാൽ മൂന്ന് കക്ഷികൾ കൂറ് മാറാൻ തയ്യാറാകുന്നതോടെ ഇനി ഒരു രക്ഷപെടൽ ഇമ്രാന് സാധ്യമായേക്കില്ല. നിലവിൽ കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇമ്രാനെതിരെ പാകിസ്ഥാനിൽ ജനവികാരം ശക്തമാണ്. സാമ്പത്തിക പ്രതിസന്ധി നല്ല രീതിയിൽ തന്നെ ജനങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രതിസന്ധിയിലായ വിപണിയെ ഉണർത്താനും ഉത്തേജക പാക്കേജു കൊണ്ടുവരാനുമുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. അതിനൊപ്പം ഭരണമുന്നണിയിൽ സംഘർഷം വർധിച്ചതോടെ പ്രശ്നങ്ങൾ കൂടുതൽ വഷളാകുകയായിരുന്നു. പാക് താലിബാന്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രതിസന്ധിയും അഫ്ഗാനിസ്താനിലെ താലിബാനോടുള്ള നിലപാട് അടക്കം വിദേശനയത്തിലുണ്ടായ പാളിച്ചകളും ഇമ്രാന് തിരിച്ചടിയായി.












Click it and Unblock the Notifications