അല്‍ഖ്വയ്ദയുടെ ഉന്നത നേതാവ് കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ ആഗോള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഉന്നത നേതാവിനെ വധിച്ചതായി പാക്കിസ്ഥാന്‍ സൈന്യം അവകാശപ്പെട്ടു. ലോകത്തെ പലഭാഗത്തും സ്‌ഫോടനങ്ങള്‍ നടത്താന്‍ അല്‍ഖ്വയ്ദയ്ക്ക് ചുക്കാന്‍ പിടിച്ചിരുന്ന അഡ്‌നാന്‍ ഷുക്രിജുമ (39) യാണ് പാകിസ്ഥാനിലെ തെക്കന്‍ വസീറിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് പറയുന്നു.
അമേരിക്കയെ പിടിച്ചുകുലുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ സൂത്രധാരനായ ഖാലിദ് ഷെയ്ഖ് മുഹമ്മദിന്റെ പിന്‍ഗാമിയായാണ് അഡ്‌നാന്‍ അറിയപ്പെട്ടിരുന്നത്. ന്യൂയോര്‍ക്കിലും ലണ്ടന്‍ അടക്കമുള്ള യൂറോപ്യന്‍ നഗരങ്ങളിലും സ്‌ഫോടനത്തിന് ഇയാള്‍ ആസൂത്രണം നടത്തുകയായിരുന്നെന്നാണ് സൂചന. സൗദി പൗരനായ ഇയാള്‍ അമേരിക്കയില്‍ നിന്നാണ് പാക്കിസ്ഥാനിലെത്തുന്നത്.

2009ല്‍ ന്യൂയോര്‍ക്ക് ആക്രമിക്കാന്‍ പദ്ധതിയിട്ടവരില്‍ പ്രമുഖനാണ് അഡ്‌നാന്‍. 50 ലക്ഷം ഡോളറാണ് ഇയാളുടെ തലയ്ക്ക് അമേരിക്ക വിലയിട്ടിരുന്നത്. അല്‍ഖ്വയ്ദ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ആക്രമണം നടത്താന്‍ നിര്‍ദ്ദേശിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന അഡ്‌നന്റെ വധം അല്‍ഖ്വയ്ദയ്ക്ക് വന്‍ തിരിച്ചടിയാണെന്ന് പാക് സൈന്യം വെളിപ്പെടുത്തുന്നു.
എന്നാല്‍, അഡ്‌നന്‍ കൊല്ലപ്പെട്ടവിവരം അല്‍ഖ്വയ്ദ സ്ഥിതീകരിച്ചിട്ടില്ല. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്കയില്‍ നിന്നും കോടിക്കണക്കിന് ഡോളര്‍ കൈപ്പറ്റുന്ന പാക്കിസ്ഥാന്‍ തീവ്രവാദികള്‍ക്ക് സഹായമൊരുക്കുകയാണ് പതിവെന്ന് പല തെളിവുകളും നേരത്തെ പുറത്തുവന്നിരുന്നു. അതുകൊണ്ടുതന്നെ മുതിര്‍ന്ന അല്‍ഖ്വയ്ദ നേതാവിന്റെ വധവുമായി ബന്ധപ്പെട്ട പാക് സൈന്യത്തിന്റെ അവകാശവാദം സംശയത്തിന്റെ നിഴലിലാണ്.












Click it and Unblock the Notifications