സമാധാന ചര്‍ച്ചയാവാം, താലിബാന്‍ ഇപ്പോള്‍ തന്നെ പാഞ്ച്ഷീറില്‍ നിന്ന് മടങ്ങിപോകണം, സമവായത്തിന് മസൂദ്
കാബൂള്‍: പാഞ്ച്ഷീറില്‍ കടുത്ത പോരാട്ടം തുടരുന്നു. താലിബാന്‍ ഒരടി പോലും പിന്നോട്ടില്ലെന്ന നിലപാടിലാണ്. ഇതിനിടെ ദേശീയ പ്രതിരോധ സഖ്യത്തിന്റെ നേതാവായ അഹമ്മദ് മസൂദ് ചര്‍ച്ചകള്‍ക്കായുള്ള വാതില്‍ തുറന്നിട്ടിരിക്കുകയാണ്. സമാധാന ചര്‍ച്ചകള്‍ താലിബാനുമായിട്ടാവാം. പക്ഷേ പാഞ്ച്ഷീറില്‍ നിന്നും ആന്ധ്രാബില്‍ നിന്ന് അവര്‍ മടങ്ങിപ്പോകാന്‍ തയ്യാറാകണം. ഈ യുദ്ധം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. കാരണം സമാധാനമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. താലിബാന്‍ അവരുടെ സൈനിക ആക്രമണങ്ങള്‍ ഉടനെ അവസാനിപ്പിക്കണം. മതപണ്ഡിതന്മാരുടെ സാന്നിധ്യത്തില്‍ പുതിയ സമാധാന ചര്‍ച്ചയാരംഭിക്കാം. അതിലൂടെ ഈ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാമെന്നും അഹമ്മദ് മസൂദ് പറഞ്ഞു.

നേരത്തെ താലിബാനുമായി സമാധാന ചര്‍ച്ചകള്‍ മസൂദ് നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും പറഞ്ഞ് പരിഹരിക്കാമെന്നാണ് താലിബാനോട് മസൂദ് പറയുന്നത്. മതത്തിന്റെയും ധാര്‍മികതയുടെയും അടിസ്ഥാനത്തിലാവാം ചര്‍ച്ച. അഫ്ഗാന്‍ ജനതയെ പ്രതിനിധീകരിക്കുന്ന താലിബാനും മറ്റ് ഗ്രൂപ്പുകളും ചേര്‍ന്നാവാം ഭരണമെന്നും മസൂദ് പറഞ്ഞു. പാഞ്ച്ഷീറിലെ തലസ്ഥാന നഗരി താലിബാന്‍ പിടിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മസൂദ് ഇക്കാര്യം പറഞ്ഞത്. ബറാസത്തില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. ആയിരത്തോളം താലിബാന്‍ പോരാളികളാണ് കൊല്ലപ്പെട്ടതെന്ന് വടക്കന്‍ സഖ്യം അവകാശപ്പെട്ടിരുന്നു.
അഫ്ഗാനിലെ എല്ലാ വിഭാഗത്തെയും ഉള്‍ക്കൊള്ളിച്ച് കൊണ്ട് ഭരണത്തിന് താലിബാന്‍ ഇതുവരെ സമ്മതം മൂളിയിട്ടില്ല. എന്നാല്‍ അങ്ങനെയായിരിക്കുമെന്ന് താലിബാന്‍ പറയുന്നു. ഇതിനിടെ അഹമ്മദ് മസൂദിന്റെ വക്താവ് ഫഹീം ദഷ്തി താലിബാനുമായുള്ള പോരാട്ടത്തില്‍ കൊല്ലപ്പെട്ടിരിക്കുകയാണ് വളരെ പ്രമുഖനായ നേതാവാണ് അദ്ദേഹം. പാഞ്ച്ഷീറിലെ നിര്‍ണായക വിവരങ്ങള്‍ അറിയിച്ചിരുന്നതും അദ്ദേഹമാണ്. ദേശീയ പ്രതിരോധ സഖ്യത്തിന്റെ പേജില്‍ ഇവരുടെ വിയോഗത്തെ കുറിച്ച് പറയുന്നുണ്ട്. അബ്ദുള്‍ വാദൂദ് സോറും കൊല്ലപ്പെട്ടിട്ടുണ്ട്. അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകനായ ഫ്രൂഡ് ബെസാനും ഇക്കാര്യം സ്ഥിരീകരിച്ചു. പ്രതിരോധ സഖ്യത്തിന് ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ നഷ്ടമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
താലിബാന്‍ മുന്നേറുന്നതിനിടെ ആംറുള്ള സലേയുടെ ചില വാക്കുകള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. താലിബാന്റെ ആക്രമണത്തില്‍ തനിക്ക് പരിക്കേറ്റാല്‍, എനിക്ക് നിങ്ങളോട് ഒരഭ്യര്‍ത്ഥനയാണ് ഉള്ളത്. എന്റെ തലയ്ക്ക് രണ്ട് തവണ വെടിവെക്കുക. താലിബാന് മുന്നില്‍ ഒരിക്കലും കീഴടങ്ങാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഇത് തനിക്കൊപ്പമുള്ള പോരാളികളോട് സലേ നിര്‍ദേശിച്ചതാണ്. അഫ്ഗാന്റെ വൈസ് പ്രസിഡന്റായ ഒരാളുടെ ധീരമായ വാക്കുകള്‍ കൂടിയാണിത്. ഒരിക്കല്‍ പോലും പരാതി പറയാന്‍ സലേ തയ്യാറല്ലെന്ന് ഇവിടെയുള്ള സൈനികര്‍ പറയുന്നു. അഹമ്മദ് മസൂദാണ് തന്നെ പ്രതിരോധ സേനയിലേക്ക് ക്ഷണിച്ചതെന്ന് സലേ പറഞ്ഞു.
താന്‍ കാബൂള്‍ വിടാന്‍ നേരം അവിടം കലുഷിതമായിരുന്നു. പാഞ്ച്ഷീറിലേക്കുള്ള യാത്രയില്‍ താലിബാന്‍ തങ്ങളോട് ഏറ്റുമുട്ടാന്‍ എത്തിയാല്‍ തന്നെ വധിക്കാനായിരുന്നു ബോഡിഗാര്‍ഡിനോട് നിര്‍ദേശിച്ചതെന്നും സലേ പറഞ്ഞു. രണ്ട് തവണ പാഞ്ച്ഷീറിലേക്കുള്ള പാതയില്‍ ഞങ്ങള്‍ ആക്രമിക്കപ്പെട്ടു. പക്ഷേ തിരിച്ചടിച്ചാണ് അവിടെയെത്തിയത്. റോഡ് നിറയെ കവര്‍ച്ചക്കാരും താലിബാന്‍കാരും തീവ്രവാദികളുമായിരുന്നു. നിയമവാഴ്ച്ചയില്ലാത്ത അവസ്ഥയായിരുന്നു അപ്പോള്‍. പാഞ്ച്ഷീറിലെത്തിയ ഉടനെ ജനങ്ങളുമായി സംസാരിച്ചു. അവര്‍ എല്ലാവരും ഞങ്ങളെ പിന്തുണച്ചു. അതുകൊണ്ട് ഇപ്പോള്‍ പോരാട്ടം നടത്തുന്നതെന്നും സലേ വ്യക്തമാക്കി.
Recommended Video
പുതുപുത്തന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം ഡിംപല്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
അതേസമയം താലിബാന്‍ ഇത്ര മുന്നേറ്റം നടത്താന്‍ കാരണം പാകിസ്താന്‍ സേനയാണ്. പാഞ്ച്ഷീറില്‍ താലിബാനൊപ്പം പാകിസ്താന്‍ സേനയാണ് പോരാടുന്നത്. വിമാനമാര്‍ഗം പാക് സൈനികരെ മലനിരകളില്‍ ഇറക്കുകയാണ്. സ്‌പെഷ്യല്‍ ഫോഴ്‌സില്‍ നിന്നുള്ളവരാണ് പാഞ്ച്ഷീറിലെ വടക്കന്‍ സേനയെ വീഴ്ത്താനായി എത്തിയത്. താലിബാന്‍ ഇവിടേക്കുള്ള എല്ലാ വിതരണ ശൃംഖലകളും തടഞ്ഞിരിക്കുകയാണ്. എല്ലാ റോഡും ബ്ലോക് ചെയ്തു. നേരത്തെ ഐഎസ്‌ഐ ചീഫ് ഹമീദ് ഫൈസും താലിബാന് തുറന്ന പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആംറുള്ള സലേ പാകിസ്താന്റെ ഇടപെടല്‍ കാരണമാണ് യുഎന്നിന്റെയും അന്താരാഷ്ട്ര ഏജന്‍സികളുടെയും സഹായം തേടിയത്. യുദ്ധക്കുറ്റങ്ങളാണ് ഇവിടെ നടക്കുന്നതെന്നും സലേ പറഞ്ഞു.












Click it and Unblock the Notifications