ഗള്‍ഫ് പ്രതിസന്ധിക്കിടെ പ്രവാസികള്‍ക്ക് ഇരുട്ടടി; വന്‍ സാമ്പത്തിക നഷ്ടം, സഹായത്തിന് ഇറാന്‍ മാത്രം!!
ഖത്തറിനെതിരേ സൗദി, യുഎഇ, ബഹ്‌റൈന്‍ എന്നീ ജിസിസി രാജ്യങ്ങളാണ് ഉപരോധം പ്രഖ്യാപിച്ചിട്ടുള്ളത്. ഈ രാജ്യങ്ങളിലെ വിമാന കമ്പനികള്‍ ഖത്തറിലേക്കുള്ള യാത്ര റദ്ദാക്കിയിട്ടുണ്ട്.
ദോഹ: ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയിലെ നയതന്ത്ര പ്രതിസന്ധി പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകുന്നു. നാട്ടിലേക്ക് തിരിക്കുന്നവര്‍ക്കും ഖത്തറിലേക്ക് പോകുന്നവര്‍ക്കും വന്‍ സാമ്പത്തിക നഷ്ടമാണിപ്പോള്‍ നേരിടാന്‍ പോകുന്നത്. പ്രത്യേകിച്ചും പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ വരുന്നവര്‍ക്കും തിരിച്ചുപോകുന്നവര്‍ക്കും.
ഖത്തറിനെതിരേ സൗദി, യുഎഇ, ബഹ്‌റൈന്‍ എന്നീ ജിസിസി രാജ്യങ്ങളാണ് ഉപരോധം പ്രഖ്യാപിച്ചിട്ടുള്ളത്. ഈ രാജ്യങ്ങളിലെ വിമാന കമ്പനികള്‍ ഖത്തറിലേക്കുള്ള യാത്ര റദ്ദാക്കിയിട്ടുണ്ട്. ഖത്തറില്‍ നിന്ന തിരിച്ചുവരുന്ന വിമാനങ്ങള്‍ക്കും വ്യോമനിരോധനം ഏര്‍പ്പെടുത്തി.

വളഞ്ഞ വഴി യാത്ര
ഇപ്പോഴത്തെ പ്രതിസന്ധി തുടര്‍ന്നാല്‍ ചെറിയ പെരുന്നാളും വേനലവധിയും പ്രമാണിച്ച് നാട്ടിലേക്കു തിരിക്കുന്നവര്‍ക്ക് വളഞ്ഞ വഴി സ്വീകരിക്കേണ്ടി വരും. നേരത്തെ ബുക്ക് ചെയ്തവരും കുടുങ്ങിയിരിക്കുകയാണ്. പലരും ബുക്ക് ചെയ്തിരിക്കുന്നത് യാത്ര നിരോധിച്ച വിമാനങ്ങളിലാണ്.

ടിക്കറ്റുകള്‍ റദ്ദാക്കുന്നു
നേരത്തെ ബുക്ക് ചെയ്തവര്‍ എമിറേറ്റ്‌സ് ടിക്കറ്റുകള്‍ റദ്ദാക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഖത്തറിനെതിരേ നടപടിയെടുത്ത രാജ്യങ്ങളിലെ ആറോളം വിമാനക്കമ്പനികളാണ് ഖത്തറിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസ് റദ്ദാക്കിയത്. ഖത്തറിന്റെ ദേശീയ വിമാനസര്‍വീസായ ഖത്തര്‍ എയര്‍വേയ്‌സും മൂന്ന് ജിസിസി രാജ്യങ്ങളിലേക്കുള്ള യാത്ര റദ്ദാക്കിയിട്ടുണ്ട്.

മറ്റു വിമാനങ്ങളില്‍ ബുക്ക് ചെയ്യണം
ബുക്ക് ചെയതവര്‍ ടിക്കറ്റ് റദ്ദാക്കി മറ്റു വിമാനങ്ങളില്‍ ബുക്ക് ചെയ്യാന്‍ ശ്രമം തുടങ്ങി. ദോഹയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് നിര്‍ത്തിവച്ചിട്ടുണ്ട്. ഈ റൂട്ടില്‍ എമിറേറ്റ്‌സില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പകരം സംവിധാനം ഒരുക്കുമെന്നു എമിറേറ്റ്‌സ് ഔദ്യോഗിക വെബ് സൈറ്റില്‍ അറിയിച്ചു.

ദുബായിയുടെ വ്യോമമേഖല
ഖത്തറില്‍ നിന്നു ദുബായ് വഴി പോകുന്ന എല്ലാ വിമാനങ്ങള്‍ക്കും ദുബായിയുടെ വ്യോമമേഖലയില്‍ യുഎഇ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജെറ്റ് എയര്‍വേയ്‌സ് ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ക്ക് യാത്ര അല്‍പ്പം പ്രതിസന്ധിയായിട്ടുണ്ട്. ഇതോടെ ഇന്ധന ചെലവും വര്‍ധിച്ചു.

ഇറാന്റെ വ്യോമ മേഖല
ഇറാന്റെ വ്യോമ മേഖല വഴിയാണ് ഇപ്പോള്‍ ജെറ്റ് എയര്‍വേയ്‌സ് ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത്. അത് പ്രവാസികള്‍ക്ക് ചെലവ് വര്‍ധിപ്പിക്കും. ദുബായ് വഴിയാണ് എളുപ്പ വഴി. ഇത് ഒഴിവാക്കിയാണ് ഇറാന്‍ വഴി പോകുന്നത്. യാത്രാ സമയം അര മണിക്കൂറോളം കൂടുകയും ചെയ്യും.

ലൈസന്‍സ് സൗദി റദ്ദാക്കി
ഖത്തര്‍ എയര്‍വേയ്‌സിന്റെ ലൈസന്‍സ് സൗദി അറേബ്യ റദ്ദാക്കിയിട്ടുണ്ട്. ഇതിന് മറുപടിയായി ഖത്തര്‍ അമീര്‍ തമീം ഹമദ് ബിന്‍ അല്‍ഥാനി പ്രസ്താവന നടത്താന്‍ ഇരുന്നതാണ്. എന്നാല്‍ കുവൈത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് അദ്ദേഹം പിന്‍മാറിയത്.

സൗദിയിലേക്ക് പ്രവേശനമില്ല
ഖത്തര്‍ എയര്‍ലൈന്‍സിന് ഇനി സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധ്യമല്ല. നേരത്തെ ഖത്തറുമായുള്ള വ്യോമ ഗതാഗതം സൗദി റദ്ദാക്കിയിരുന്നു. നയതന്ത്ര ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു.

48 മണിക്കൂര്‍ സമയം
ഖത്തര്‍ എയര്‍വേയ്‌സിന്റെ സൗദിയിലെ എല്ലാ ഓഫീസുകളും 48 മണിക്കൂറുകള്‍ക്കുള്ളില്‍ അടച്ചുപൂട്ടണമെന്ന് സൗദി വ്യോമയാന അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൗദിയുടെ വ്യോമ പാതയില്‍ കൂടി ഇപ്പോള്‍ ഖത്തര്‍ എയര്‍വേയ്‌സിന് സഞ്ചരിക്കാന്‍ സാധ്യമല്ല. ഈ സാഹചര്യത്തില്‍ അവര്‍ പുതിയ മാര്‍ഗത്തിലാണ് യാത്ര ചെയ്യുന്നത്.

തടസമില്ലെന്ന് ഖത്തര്‍ എയര്‍വെയ്‌സ്
തങ്ങളുടെ യാത്രകള്‍ക്ക് നിലവില്‍ തടസമില്ലെന്നാണ് ഖത്തര്‍ എയര്‍വേയ്‌സ് അറിയിക്കുന്നത്. സൗദിയില്‍ നിരവധി ഖത്തര്‍ സ്വദേശികള്‍ ഉണ്ട്. യുഎഇയിലും സമാനമായ അവസ്ഥയാണ്. ഈ രണ്ട് രാജ്യങ്ങളിലേക്കും പൗരന്‍മാരെ കൊണ്ടുവരാന്‍ ഖത്തര്‍ പ്രത്യേക വിമാനം അയച്ചിരുന്നു.

ഇത്തിഹാദിന്റെ അറിയിപ്പ്
ഖത്തര്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് യുഎഇയില്‍ നിന്നു യാത്ര അനുവദിക്കില്ലെന്ന യുഎഇ വിമാനകമ്പനിയായ ഇത്തിഹാദ് അറിയിച്ചു. ഖത്തര്‍ പാസ്‌പോര്‍ട്ടിലുള്ള യാത്ര നിരോധിച്ചിട്ടുണ്ടെന്നും യുഎഇയില്‍ നിന്നു മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇനി സാധിക്കില്ലെന്നും ഇത്തിഹാദ് വ്യക്തമാക്കി.












Click it and Unblock the Notifications