
യുക്രെയ്‌ൻ പ്രതിസന്ധിയുടെ മൂലകാരണം അമേരിക്ക: നിലപാട് വ്യക്തമാക്കി ഉത്തരകൊറിയ
സോൾ: റഷ്യ - യുക്രൈന്‍ സംഘർഷത്തില്‍ ആദ്യമായി ഔദ്യോഗികമായി പ്രതികരിച്ച് ഉത്തരകൊറിയ. റഷ്യയെ പ്രതിരോധിച്ചുകൊണ്ട് അമേരിക്കയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പിന്നിലെന്നാണ് ഉത്തരകൊറിയ കുറ്റപ്പെടുത്തുന്നത്. "യുക്രെയ്‌ൻ പ്രതിസന്ധിയുടെ മൂലകാരണം" അമേരിക്കയാണെന്ന് ഉത്തര കൊറിയ ആരോപിക്കുന്നത്. യുക്രൈന്‍ അധിനിവേശത്തില്‍ ലോകം മുഴുവന്‍ റഷ്യക്കും പുടിനുമെതിരെ രൂക്ഷവിമർശനം ഉയർത്തുമ്പോഴാണ് റഷ്യയെ പ്രതിരോധിച്ചുകൊണ്ട് ഉത്തരകൊറിയ രംഗത്ത് എത്തുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത കമന്ററിയുടെ രൂപത്തിൽ നൽകിയ പ്രതികരണത്തിലാണ് അമേരിക്കയെ കുറ്റപ്പെടുത്തുന്നത്.
സുരക്ഷയ്ക്കായുള്ള റഷ്യയുടെ ന്യായമായ ആവശ്യം അവഗണിച്ച് അമേരിക്ക സൈനിക മേധാവിത്വം പിന്തുടരുന്നു എന്നാണ് ഉത്തരകൊറിയന്‍ പ്രസ്താവന വിശദീകരിച്ചുകൊണ്ട് നോർത്ത് സൊസൈറ്റി ഫോർ ഇന്റർനാഷണൽ പൊളിറ്റിക്സ് സ്റ്റഡിയിലെ ഗവേഷകനായ റി ജി സോങ്ങ് വ്യക്തമാക്കുന്നത്. "ഉക്രേനിയൻ പ്രതിസന്ധിയുടെ മൂലകാരണം യുഎസിന്റെ ഉന്നതാധികാരത്തിലും ഏകപക്ഷീയതയിലുമാണ്," ഉത്തര കൊറിയയുടെ വിദേശകാര്യ മന്ത്രാലയ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത പോസ്റ്റില്‍ പറയുന്നു.
"സമാധാനത്തിന്റെയും സ്ഥിരതയുടെയും" പേരിൽ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്നും എന്നാൽ മറ്റ് രാജ്യങ്ങൾ സ്വീകരിക്കുന്ന സ്വയം പ്രതിരോധ നടപടികളെ യാതൊരു കാരണവുമില്ലാതെ അപലപിക്കുന്നതുമാ ഇരട്ട നിലപാട് പുലർത്തുന്നതിലും അമേരിക്കയെ ഉത്തരകൊറിയ വിമർശിക്കുന്നു. സ്വന്തം ദേശീയ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമമാണ് റഷ്യയുടേതെന്നും ഉത്തര കൊറിയ വ്യക്തമാക്കുന്നു. യുഎസ് പരമോന്നതമായി ഭരിച്ചിരുന്ന ദിവസങ്ങൾ കഴിഞ്ഞെന്നും ഉത്തരകൊറിയ കൂട്ടിച്ചേർക്കുന്നു.
ഉത്തര കൊറിയയുടെ പ്രധാന സഖ്യരാജ്യമായ ചൈനയും യുഎസിനെ കുറ്റപ്പെടുത്തുന്ന നിലപാടായിരുന്നു റഷ്യ- യുക്രൈൻ വിഷയത്തിൽ നേരത്തെ സ്വീകരിച്ചിരുന്നത്. അതിനിടെ തങ്ങള്‍ പുതിയ ബാലസ്റ്റിക്ക് മിസൈല്‍ പരീക്ഷണം നടത്തിയതായി പ്രഖ്യാപിച്ച് ഉത്തരകൊറിയ രാവിലെ രംഗത്ത് എത്തിയിരുന്നു. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്ഗ്യാങ്ങി നിന്നും കിഴക്ക് മാറി സുനാന്‍ കടല്‍ തീരത്ത് ഞായറാഴ്ച രാവിലെ 7.52 ഓടെയാണ് മിസൈല്‍ പരീക്ഷണം നടന്നത്.
മിസൈല്‍ പരീക്ഷണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ വഴി വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2022ലെ ഉത്തരകൊറിയയുടെ എട്ടാമത്തെ മിസൈല്‍ പരീക്ഷണമാണ് ഇതെന്നാണ് ദക്ഷിണ കൊറിയ പറയുന്നത്. 2021ൽ പരീക്ഷിച്ച ആകെ മിസൈലുകളുടെ എണ്ണത്തേക്കാൾ വരുമിത്. മാർച്ച് ഒമ്പതിന് ദക്ഷിണ കൊറിയയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉത്തര കൊറിയയുടെ പുതിയ മിസൈൽ പരീക്ഷണമെന്നതും ശ്രദ്ധേയമാണ്.
അക്കാര്യം ചെയ്താല്‍ 25 ലക്ഷവും 5 സെന്റ് ഭൂമിയുമായിരുന്നു വാഗ്ദാനം: ദിലീപ് കേസിലെ സാക്ഷി ജിന്സന്