അമേരിക്കയെ ചൊടിപ്പിച്ച് സൗദി അറേബ്യ... പുതിയ സഖ്യം രൂപപ്പെടുന്നോ? ഒടുവിലെ നീക്കം ഇങ്ങനെ
റിയാദ്: അമേരിക്കയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന രാജ്യമാണ് സൗദി അറേബ്യ. എന്നാല്‍ അമേരിക്കയുടെ നിര്‍ദേശം അവഗണിച്ച് ഇറാനുമായി സൗദി കൈകോര്‍ത്തത് അടുത്തിടെയാണ്. ചൈനയായിരുന്നു ഇതില്‍ മധ്യസ്ഥന്റെ റോളില്‍. ഇസ്രായേല്‍ പലസ്തീന്‍ യുദ്ധം തുടങ്ങിയതോടെ അമേരിക്കയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായിട്ടാണ് സൗദിയുടെ ഓരോ നീക്കവും.
പലസ്തീനെയും ഹമാസിനെയും പൂര്‍ണമായും തള്ളിപ്പറഞ്ഞാണ് അമേരിക്കയും പ്രസിഡന്റ് ജോ ബൈഡനും തുടക്കം മുതല്‍ രംഗത്തുള്ളത്. എന്നാല്‍ പലസ്തീന് ഒപ്പമാണെന്ന് സൗദി അറേബ്യ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. മാത്രമല്ല, അമേരിക്ക ശത്രുപക്ഷത്ത് നിര്‍ത്തിയവരുമായിട്ടെല്ലാം സൗദി അറേബ്യ ചര്‍ച്ചകള്‍ നടത്തുകയാണ്. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാനുള്ള സൗദിയുടെ നീക്കം മരവിപ്പിക്കുമോ എന്ന ആശങ്കയും പരന്നിട്ടുണ്ട്.

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സിയുമായി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും ഐക്യകരാറില്‍ ഒപ്പുവച്ച ശേഷം ആദ്യമായിട്ടാണ് ഈ ചര്‍ച്ച. ടെലിഫോണില്‍ ഇരുവരും പലസ്തീന്‍ വിഷയം ചര്‍ച്ച ചെയ്തുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലസ്തീനൊപ്പം നില്‍ക്കുമെന്നും ഇരുനേതാക്കളും വ്യക്തമാക്കി.
ഇസ്രായേലിന് വേണ്ടി ആയുധങ്ങള്‍ നല്‍കി അമേരിക്ക ഒരു ഭാഗത്ത് നില്‍ക്കവെയാണ് സൗദിയും ഇറാനും പലസ്തീന്‍കാര്‍ക്കൊപ്പമാണ് എന്ന് ആണയിടുന്നത്. പലസ്തീന്‍കാര്‍ക്കെതിരെ ബോംബിടുന്നത് ഇസ്രായേല്‍ നിര്‍ത്തണമെന്ന് റെയ്‌സിയും ബിന്‍ സല്‍മാനും അഭിപ്രായപ്പെട്ടു. യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനുള്ളശ്രമത്തിലാണ് സൗദി എന്ന് സൗദിയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, റഷ്യയുമായി സൗദി അറേബ്യ ചര്‍ച്ച നടത്തി. സൗദിയിലേക്ക് എണ്ണ ഉല്‍പ്പന്നങ്ങള്‍ അയക്കുന്നത് തുടരുമെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ നൊവാക് അറിയിച്ചു. ആഗോള തലത്തില്‍ എണ്ണവില നിശ്ചയിക്കുന്ന രണ്ട് രാജ്യങ്ങളാണ് സൗദിയും റഷ്യയും. ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ കൂടിയാണിത്. ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ ഗാസ-ഇസ്രായേല്‍ യുദ്ധം ചര്‍ച്ച ചെയ്തു.
സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായിട്ടാണ് അലക്‌സാണ്ടര്‍ നൊവാക് മോസ്‌കോയില്‍ ചര്‍ച്ച നടത്തിയത്. ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ഇരുവരും തീരുമാനിച്ചു. സൗദിക്ക് ആവശ്യമുള്ളതെല്ലാം തങ്ങള്‍ നല്‍കുമെന്ന് നൊവാക് പറഞ്ഞു. റഷ്യയില്‍ നിന്ന് എണ്ണ ഉല്‍പ്പനങ്ങള്‍ സൗദിയിലെത്തിച്ച് സംസ്‌കരിച്ച ശേഷം കയറ്റുമതി ചെയ്യാറുണ്ട്. ഇതിന്റെ തോത് ഉയര്‍ത്തുമെന്ന് റഷ്യ വ്യക്തമാക്കി.
റഷ്യയ്‌ക്കെതിരെ ഉപരോധം ചുമത്തിയിരിക്കുകയാണ് അമേരിക്ക. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഉപരോധം. പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പലസ്തീന്‍ ഇസ്രായേല്‍ യുദ്ധത്തില്‍ മൂന്നാമതൊരു കക്ഷി ഇടപെടരുതെന്ന് റഷ്യ അഭിപ്രായപ്പെട്ടത് അമേരിക്കയെ ലക്ഷ്യമിട്ടാണ്. റഷ്യയുമായി സൗഹൃദത്തിലുള്ള സിറിയ ഇസ്രായേലിനെ ആക്രമിച്ചതും വാര്‍ത്തയായിരുന്നു.












Click it and Unblock the Notifications