വലിയ ക്ഷേത്രം തന്നെ വേണമെന്ന് യുഎഇ പ്രസിഡന്റ്; അത്ഭുതപ്പെട്ടെന്ന് സ്വാമി... കാണിച്ചത് 2 മാതൃക
ദുബായ്: യുഎഇ എപ്പോഴും അത്ഭുതങ്ങള്‍ കാണിക്കുന്ന രാജ്യമാണ്. ഭരണ മികവും ജനക്ഷേമ പദ്ധതികളും സുരക്ഷാ ക്രമീകരണങ്ങളുമെല്ലാം യുഎഇയെ ലോകത്തെ മികച്ച രാജ്യമാക്കി നിലനിര്‍ത്തുന്നു. ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാനുള്ള യുഎഇ ഭരണാധികാരികളുടെ കഴിവും പ്രശംസിക്കേണ്ടത് തന്നെയാണ്. ലോക ജനതയെ യുഎഇയിലേക്ക് ആകര്‍ഷിപ്പിക്കുക എന്നതാണ് ഭരണാധികാരികളുടെ ലക്ഷ്യം.
വിദേശികള്‍ ആകര്‍ഷിക്കപ്പെട്ടാല്‍ മാത്രമേ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കൂ എന്ന് ഭരണാധികാരികള്‍ക്ക് അറിയാം. ഇതിന്റെ ഭാഗമാണ് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രം യുഎഇയില്‍ ഉയരാന്‍ കാരണം. അബൂദാബിയിലെ ക്ഷേത്രം നിര്‍മിക്കുന്നതിലേക്ക് നയിച്ച ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സ്വാമി ബ്രഹ്മവിഹാരി ദാസ്. വിശദാംശങ്ങള്‍ അറിയാം...

അബൂദാബിയിലെ ക്ഷേത്ര നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്നത് ബാപ്‌സ് സ്വാമി നാരായണ്‍ സന്‍സ്ഥയാണ്. ക്ഷേത്ര നിര്‍മാണത്തിലേക്ക് നയിച്ച കാര്യങ്ങള്‍ സന്‍സ്ഥയുടെ ബ്രഹ്മവിഹാരി ദാസ് സ്വാമി അടുത്തിടെ ഇന്ത്യയിലെത്തിയ വേളയിലാണ് വിശദീകരിച്ചത്. ക്ഷേത്രത്തിന്റെ മേധാവി ഇദ്ദേഹമാണ്. 1997ല്‍ തുടങ്ങിയ നടപടികളുടെ ഫലമാണ് അബുദാബിയിലെ ക്ഷേത്രമെന്ന് അദ്ദേഹം പറയുന്നു.

പ്രമുഖ് സ്വാമി മഹാരാജ് 1997 ഏപ്രിലില്‍ യുഎഇ സന്ദര്‍ശിച്ചിരുന്നു. യുഎഇയുടെ തലസ്ഥാനമായ അബുദാബിയില്‍ വലിയ ക്ഷേത്രം നിര്‍മിക്കുക എന്നത് തന്റെ ആഗ്രഹമാണെന്ന് ആദ്യമായി അദ്ദേഹം പറഞ്ഞത് അന്നാണ്. യുഎഇയില്‍ ഹിന്ദു ക്ഷേത്രം നിര്‍മിക്കുക എന്നത് ഇപ്പോഴും ആശ്ചര്യപ്പെടുത്തുന്ന കാര്യമാണെന്ന് ബ്രഹ്മവിഹാരി ദാസ് പറയുന്നു.

2015 ആഗസ്റ്റിലാണ് യുഎഇ സര്‍ക്കാര്‍ അബുദാബിയില്‍ ക്ഷേത്ര നിര്‍മാണത്തിന് ഭൂമി അനുവദിച്ചത്. അന്ന് ശൈഖ് മുഹമ്മദ് കിരീടവകാശിയായിരുന്നു. ഇന്ന് അദ്ദേഹമാണ് യുഎഇയുടെ പ്രസിഡന്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയില്‍ എത്തിയ വേളയിലാണ് ഭൂമി കൈമാറിയത്. അത് മോദിയുടെ ആദ്യ യുഎഇ സന്ദര്‍ശനമായിരുന്നു.

2018ല്‍ ബാപ്‌സ് സന്‍സ്ഥയുടെ പ്രതിനിധികള്‍ ഖൈശ് മുഹമ്മദുമായി ചര്‍ച്ച നടത്തി. പ്രസിഡന്റിന്റെ കൊട്ടാരത്തിലായിരുന്നു ചര്‍ച്ച. ആ വേളയില്‍ തന്നെയായിരുന്നു നരേന്ദ്ര മോദിയുടെ രണ്ടാമത്തെ യുഎഇ സന്ദര്‍ശനം. രണ്ട് ക്ഷേത്രങ്ങളുടെ പ്ലാനുകളാണ് ശൈഖ് മുഹമ്മദിന് മുമ്പാകെ സമര്‍പ്പിച്ചത്. ഒന്ന് പ്രതിഷ്ഠ അകത്തുവയ്ക്കുന്ന രീതിയിലുള്ള സാധാരണ ക്ഷേത്രമായിരുന്നു. മറ്റൊന്ന് വലിയ ക്ഷേത്രവും. ഇന്ത്യയുടെ സംസ്‌കാരം സൂചിപ്പിക്കുന്നതായിരുന്നു രണ്ടാമത്തെ പ്ലാന്‍.

വലിയ ക്ഷേത്രത്തിന്റെ പ്ലാനാണ് ശൈഖ് മുഹമ്മദ് തിരഞ്ഞെടുത്തത്. 13.5 ഏക്കര്‍ സ്ഥലം ക്ഷേത്ര നിര്‍മാണത്തിനായി വിട്ടുനല്‍കുകയും ചെയ്തു. പിന്നീട് 13.5 ഏക്കര്‍ സ്ഥലം വീണ്ടും കൈമാറി. പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഇത്. മൊത്തം 27 ഏക്കറാണ് ക്ഷേത്രത്തിന് വേണ്ടി ശൈഖ് മുഹമ്മദ് അനുവദിച്ചതെന്നും ബ്രഹ്മവിഹാരി ദാസ് പറയുന്നു.

സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും അനുകമ്പയുടെയും പ്രതീകമാണ് അബുദാബിയിലെ ക്ഷേത്രമെന്ന് ബ്രഹ്മവിഹാരി ദാസ് പറഞ്ഞു. ഈ മൂന്ന് കാര്യങ്ങളില്‍ അധിഷ്ടിതമായിട്ടാണ് ക്ഷേത്രം നിര്‍മിക്കുന്നത്. പുരാതനമായ വിശിഷ്ട കല്ലുകള്‍ കൂടി ഉപയോഗിച്ചാണ് ക്ഷേത്രം നിര്‍മിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതാകും ഇതെന്ന് സ്വാമി ബ്രഹ്മവിഹാരി ദാസ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications