ഐസിസിനെ മുച്ചൂടും നശിപ്പിച്ചെന്ന് സിറിയ... യുദ്ധത്തില്‍ വിജയ പ്രഖ്യാപനം; അവസാന താവളവും ഒഴിപ്പിച്ചു?
ദമാസ്‌കസ്: വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തിന് ഒടുവില്‍ അവസാനം. സിറിയയില്‍ ഐസിസിനെ നാമാവശേഷമാക്കിയെന്ന് സൈന്യം. സിറിയയിലെ അവസാനത്തെ ഐസിസ് താവളത്തില്‍ നിന്നുള്ള ഭീകരരെ കൂടി ഓടിച്ചുവിട്ടുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെ സിറിയയില്‍ ഐസിസിന്റെ അധീനതയില്‍ ഉണ്ടായിരുന്ന എല്ലാ പ്രദേശങ്ങളും സൈന്യം തിരിച്ചുപിടിച്ചുകഴിഞ്ഞു. പക്ഷേ, ഇറാഖ്, ജോര്‍ദ്ദാന്‍ അതിര്‍ത്തിയില്‍ ഇപ്പോഴും ഐസിസിന് സ്വാധീനം ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്തായാലും ഒരു ഘട്ടത്തില്‍ ഐസിസിന്റെ ശക്തമായ സ്വാധീന വലയത്തില്‍ ആയിരുന്ന പടിഞ്ഞാറന്‍ സിറിയയെ ഇപ്പോള്‍ പൂര്‍ണമായും മോചിപ്പിച്ചുകഴിഞ്ഞു. റഷ്യയുടേയും ഇറാന്റേയും സഹായത്തോടെ ആയിരുന്നു സിറിയന്‍ സൈന്യം ഐസിസിനെതിരെ പോരാടിയിരുന്നത്.

സിറിയന്‍ ഒബ്‌സര്‍വേറ്ററി
ദമാസ്‌കസിലെ അവസാനത്തെ ഐസിസ് കേന്ദ്രവും ഒഴിപ്പിച്ചതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആണ് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇവര്‍ നല്‍കുന്ന വിവരങ്ങള്‍ അല്‍പം ആശങ്ക ഉളവാക്കുന്നതാണ്. ഐസിസ് ഭീകരരെ രക്ഷപ്പെടാന്‍ സൈന്യം അനുവദിച്ചു എന്ന രീതിയില്‍ ആണ് സിറിയന്‍ ഒബ്‌സര്‍വേറ്ററിയുടെ റിപ്പോര്‍ട്ടുകള്‍.

ബസ്സുകളില്‍ പുറത്തേക്ക്
ഐസിസ് താവളത്തിലേക്ക് അര്‍ദ്ധരാത്രിയില്‍ ബസ്സുകള്‍ എത്തിയെന്നും ഭീകരരും കുടുംബാംഗങ്ങളും ആ ബസ്സുകളില്‍ പുറത്തേക്ക് പോയി എന്നും ആണ് റിപ്പോര്‍ട്ട്. സിറിയന്‍ ബാദിയ മേഖലയിലേക്കാണ് ഇവരേയും വഹിച്ചുകൊണ്ടുള്ള ബസ്സുകള്‍പോയത് എന്നാണ് സിറിയന്‍ ഒബ്‌സര്‍വേറ്ററി റിപ്പോര്‍ട്ട്.

വെടിനിര്‍ത്തല്‍
സിറിയയില്‍ ഐസിസുമായി ബാഷര്‍ അസല്‍ അസദ് ഭരണ കൂടം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍ ഐസിസുമായു ഒരു തരത്തിലും ഉള്ള കരാറുകള്‍ ഉണ്ടാക്കിയിട്ടില്ല എന്നാണ് സൈന്യത്തിന്റെ അവകാശവാദം. പക്ഷേ, റഷ്യന്‍ ഇടപെടലിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ വെടിനിര്‍ത്തല്‍ എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

പൊരിഞ്ഞ പോരാട്ടം
കഴിഞ്ഞ രണ്ട് മാസങ്ങളായി ഐസിസിനെതിരെ പൊരിഞ്ഞ പോരാട്ടത്തില്‍ തന്നെ ആയിരുന്നു സൈന്യം. കിഴക്കന്‍ ഗൗത്ത മേഖല ഇത്തരത്തില്‍ ആയിരുന്നു സൈന്യം തിരിച്ചുപിടിച്ചത്. അതിന് മുമ്പ് തന്നെ ഖുദാം മേഖല സൈന്യം തിരിച്ചുപിടിച്ചിരുന്നു. പക്ഷേ, അപ്പോഴും യാര്‍മുക്ക് മേഖലയുടെ എഴുപത് ശതമാനവും ഐസിസിന്റെ പിടിയില്‍ ആയിരുന്നു.

പലതവണ പറഞ്ഞത്
ഐസിസിനെ അവസാനിപ്പിച്ചു എന്ന് സിറിയ പല തവണ അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. സിറിയന്‍ സൈന്യത്തോടൊപ്പം റഷ്യയും ഇറാനും ഐസിസിനെതിരെയുള്ള പോരാട്ടത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. അമേരിക്കയും സഖ്യരാജ്യങ്ങളും സിറിയയില്‍ ഐസിസിനെതിരെ പോരാടാന്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ അസദ് വിരുദ്ധരായ കുര്‍ദ്ദുകള്‍കള്‍ക്കൊപ്പം ആയിരുന്നു അമേരിക്ക.












Click it and Unblock the Notifications