യുഎസ് സൈന്യം 31നകം രാജ്യം വിടണം: നിലപാട് കടുപ്പിച്ച് താലിബാൻ,അഫ്ഗാൻ പൌരന്മാർക്ക് എയർപോർട്ടിൽ വിലക്ക്
കാബൂൾ: അഫ്ഗാനിസ്ഥാനിൽ അധികാരമുറപ്പിച്ചതിന് പിന്നാലെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി താലിബാൻ. ആഗസ്റ്റ് 31 ഓടെ അഫഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യം പൂർണ്ണമായും പിന്മാറണമെന്നാണ് താലിബാൻ ആവർത്തിച്ചിട്ടുള്ളത്. അനുവദിച്ച സമയത്തിനുള്ളിൽ പിന്മാറിയിട്ടില്ലെങ്കിൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം താലിബാൻ യുഎസിന് മുന്നറിയിപ്പ് നൽകിയിരുന്നു.

അഫ്ഗാനിസ്ഥാനിൽ നിന്ന് എല്ലാ അമേരിക്കൻ സൈനികരെയും പിൻവലിക്കാൻ യുഎസ് ഭരണകൂടം നിശ്ചയിച്ച തിയ്യതി ആഗസ്റ്റ് 31 ആണ്. രാജ്യത്ത് ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നുണ്ടെന്നും എന്നാൽ വിമാനത്താവളത്തിലാണ് പ്രശ്നങ്ങൾ തുടരുന്നതെന്നും സബീഹുള്ള പറയുന്നു. താലിബാനും യുഎസ് രഹസ്യാന്വേഷണ ഏജൻസി സിഐഎയുടെ ഡയറക്ടർ വില്യം ബേൺസും താലിബാൻ സഹസ്ഥാപകൻ മുല്ല അബ്ദുൾ ഘനി ബരാദർ തിങ്കളാഴ്ച കാബൂളിൽ വെച്ച് കൂടിക്കാഴ്ച നടത്തിയതായി ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആഗസ്റ്റ് 31ന് ശേഷം യുഎസ് സഖ്യസേനയെ രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്നും ഒഴിപ്പിക്കൽ നടപടികൾ അനുവദിക്കില്ലെന്നും താലിബാൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ചർച്ചയെന്നാണ് റിപ്പോർട്ട്.

അതേ സമയം അഫ്ഗാനിസ്ഥാനിലെ യുദ്ധം അവസാനിച്ച് കഴിഞ്ഞതായി ഇസ്ലാമിക് എമിറേറ്റ്സ് പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്. ഒരു വെടിയുണ്ട പോലും ഉതിർക്കാൻ ഞങ്ങൾക്ക് താൽപ്പര്യമില്ലെന്നും അൽപ്പം ആശങ്കയുള്ളവരുമായി ഞങ്ങൾ ചർച്ച നടത്തുന്നുണ്ട്. ഒരു ശതമാനം ആളുകൾ വിശ്വസിക്കുന്നത് പ്രശ്നങ്ങൾ പ്രശ്നങ്ങളിലൂടെ പരിഹരിക്കപ്പെടുമെന്നാണ്- മുജാഹിദ് പറഞ്ഞു.

താലിബാൻ അധികാരം പിടിച്ചെടുത്തതോടെ നിരവധി അഫ്ഗാൻ പൌരന്മാരാണ് കൂട്ടമായി പാലായനം ചെയ്യുന്നത്. താലിബാനിൽ നിന്നുള്ള ഏറ്റവും പുതിയ പ്രഖ്യാപനം അഫ്ഗാൻ പൌരന്മാർ രാജ്യം വിട്ടുപോകരുതെന്നാണ്. അഫ്ഗാൻ പൌരന്മാരെ കൊണ്ടുപോകുന്ന നയം യുഎസ് മാറ്റണമെന്നും താലിബാൻ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്. അതിനാൽ വിമാനത്താവളത്തിലേക്ക് പോകാൻ അഫ്ഗാൻ പൌരന്മാർക്ക് അനുമതിയില്ലെന്ന് താലിബാൻ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തുള്ള ഡോക്ടർമാർ, എൻജിനീയർമാർ അടക്കമുള്ള പ്രൊഫഷണലുകളെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദേശികൾക്ക് മാത്രമായിരിക്കും ഇനി വിമാനത്താവളത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുക. സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അഫ്ഗാൻ പൌരന്മാർക്ക് വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിൽ വിന്യസിച്ചിട്ടുള്ള 6000 സൈനികരെ പുറത്തെത്തിക്കുന്നതിന് കൂടുതൽ സമയമെടുക്കുമെന്ന് യുഎസ് സൈന്യം വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച നടക്കുന്ന ഏഴ് സമ്പന്ന രാഷ്ട്രങ്ങളുടെ ഗ്രൂപ്പിന്റെ വെർച്വൽ മീറ്റിംഗിൽ ബിഡന് തന്റെ ഉദ്ദേശ്യങ്ങൾ സൂചിപ്പിക്കാൻ കഴിയും. ജനങ്ങളെ ഒഴിപ്പിക്കുന്നതിന് ആഗസ്റ്റ് 31ന് ശേഷവും സമയം ആവശ്യമാണെന്ന് കഴിഞ്ഞ ദിവസം ഫ്രാൻസ് വ്യക്തമാക്കിയിരുന്നു. എന്നാൽ താലിബാൻ ഭീഷണിയുടെ സ്വരത്തിലാണ് ഇതിനെ നേരിടുന്നത്.

ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് താലിബാൻ വക്താവ് സബീഹുള്ളാ മുജാഹിദാണ് ഇക്കാര്യം ആവർത്തിച്ചിട്ടുള്ളത്. അതേ സമയം പാഞ്ച്ശീറിലെ പ്രശ്നങ്ങൾ സമാധാനപൂർണ്ണമായി പരിഹരിക്കാൻ തങ്ങൾ പ്രതിജ്ഞാബന്ധരാണെന്നും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുയാണെന്നും മുജാഹിദ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications