ഇറാനെതിരേ ട്വിറ്റര്‍ യുദ്ധവുമായി ട്രംപ്; യുഎന്‍ അടിയന്തര യോഗം ചേരണമെന്ന് യുഎസ്

  • Posted By:
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: ഇറാന്‍ സര്‍ക്കാരിനെതിരേ പ്രക്ഷോഭം നയിക്കുന്ന സമരക്കാരെ പുകഴ്ത്തിയും ഇറാന്‍ ഭരണകൂടത്തിന്റെ നടപടികളെ വിമര്‍ശിച്ചും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ സന്ദേശം വീണ്ടും. ഇറാന്റെ കിരാതവും അഴിമതി നിറഞ്ഞതുമായ ഭരണകൂടത്തിനെതിരേയാണ് പ്രക്ഷോഭകരുടെ സമരമെന്നും അവരെ പിന്തുണയ്ക്കുന്നതായും ട്രംപ് ട്വീറ്റ് ചെയ്തു. 'ഇറാന്‍ ജനതയ്ക്ക് ഭക്ഷണമില്ല, മനുഷ്യാവകാശങ്ങളില്ല, ഉള്ളത് വിലക്കയറ്റവും'- ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

കൂടുതല്‍ കരുത്താര്‍ജ്ജിച്ച് ഇറാന്‍ പ്രക്ഷോഭം; മരണസംഖ്യ 20 കടന്നു

ട്വീറ്റുകള്‍ക്ക് പിറകെ ട്വീറ്റുകള്‍

ട്വീറ്റുകള്‍ക്ക് പിറകെ ട്വീറ്റുകള്‍

ഇത് മാറ്റത്തിന്റെ സമയമാണെന്നും ഒബാമ ഭരണകൂടവുമായി ഉണ്ടാക്കിയ ഭീകരകരാറിനു ശേഷവും ഇറാന്‍ ഭരണകൂടം എല്ലാ തലങ്ങളിലും പൂര്‍ണപരാജയമായി മാറിയിരിക്കുന്നുവെന്നും കഴിഞ്ഞ ദിവസം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. വര്‍ഷങ്ങളായി അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരാവുകയാണ് മഹത്തായ ഇറാനിയന്‍ ജനത. അവര്‍ക്ക് വിശക്കുന്നത് ഭക്ഷണത്തിനു വേണ്ടി മാത്രമല്ല, സ്വാതന്ത്ര്യത്തിനു വേണ്ടി കൂടിയാണ്. മനുഷ്യാവകാശങ്ങള്‍ക്കൊപ്പം അവരുടെ സമ്പത്തും കൊള്ളയടിക്കപ്പെട്ടിരിക്കുന്നു- എന്നിങ്ങനെയായിരുന്നു ട്രംപിന്റെ ട്വിറ്റര്‍ സന്ദേശങ്ങള്‍.

സമയം കളയേണ്ടെന്ന് ഇറാന്‍

സമയം കളയേണ്ടെന്ന് ഇറാന്‍

അതേസമയം, ഇറാന്‍ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ നടത്തുന്ന ആരോപണങ്ങള്‍ക്കെതിരേ ഇറാന്‍ വിദേശകാര്യമന്ത്രാലയം തിരിച്ചടിച്ചു. വെറുതെ ട്വിറ്ററില്‍ ഇറാനെ അപകീര്‍ത്തിപ്പെടുത്തി സമയം പാഴാക്കേണ്ടെന്ന് മന്ത്രാലയം വക്താവ് പറഞ്ഞു. ആസമയത്ത് സ്വന്തം രാജ്യത്തിലെ വിശക്കുന്നവരുടെയും ഭവനരഹിതരുടെയും പ്രശ്‌നങ്ങളില്‍ ശ്രദ്ധിക്കുന്നതാണ് നല്ലതെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

യുഎന്‍ അടിയന്തര യോഗം ചേരണം

യുഎന്‍ അടിയന്തര യോഗം ചേരണം

അതിനിടെ, ഇറാന്‍ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ അക്കാര്യം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ അടിയന്തര യോഗം വിളിച്ചുചേര്‍ക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഇറാന്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി യു.എന്‍ രക്ഷാസമിതിയുടെയും മനുഷ്യാവകാശ കൗണ്‍സിലിന്റെയും യോഗം വിളിച്ചുചേര്‍ക്കാന്‍ ആവശ്യപ്പെടുമെന്ന് യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലെ പറഞ്ഞു. ഇറാന്‍ ജനത സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുകയാണ്. സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന മുഴുവനാളുകളും അവരോടൊപ്പം നില്‍ക്കണമെന്നും അവര്‍ പറഞ്ഞു.

കെട്ടടങ്ങാതെ പ്രക്ഷോഭം

കെട്ടടങ്ങാതെ പ്രക്ഷോഭം

രാജ്യത്ത് വര്‍ധിച്ചുവരുന്ന വിലക്കയറ്റത്തിനെതിരേ പ്രതിഷേധിക്കാന്‍ മശ്ഹദ് നഗരത്തില്‍ 28നാരംഭിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രാജ്യത്തിന്റെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ വിദേശനയത്തിനും ഭരണകൂടത്തിനുമെതിരായ മുദ്രാവാക്യങ്ങളാണ് റാലികളിലെങ്ങും മുഴങ്ങിക്കേള്‍ക്കുന്നത്. സമരത്തെ ശക്തമായി അടിച്ചമര്‍ത്തുമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടും പ്രക്ഷോഭകര്‍ പിന്‍വാങ്ങാന്‍ തയ്യാറായിട്ടില്ല. ഇതിനകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 22 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പ്രക്ഷോഭകര്‍ക്ക് നേതൃത്വം നല്‍കിയ 500ലേറെ പേര്‍ ഇതിനകം അറസ്റ്റിലായിക്കഴിഞ്ഞു.

പിന്നില്‍ ബാഹ്യശക്തികളെന്ന് ഖമേനി

പിന്നില്‍ ബാഹ്യശക്തികളെന്ന് ഖമേനി

അതിനിടെ, ഒരാഴ്ചയായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനു പിന്നില്‍ ബാഹ്യശക്തികളാണെന്ന് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖമേനി കുറ്റപ്പെടുത്തി. ഇറാന്റെ ശത്രുക്കള്‍ രാജ്യത്ത് അശാന്തി വിതയ്ക്കാന്‍ തങ്ങളുടെ പക്കലുള്ള പണം, ആയുധം, രാഷ്ട്രീയം, രഹസ്യാന്വേഷണ ഏജന്‍സികള്‍ തുടങ്ങി സര്‍വസന്നാഹങ്ങളും ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിലക്കയറ്റത്തിനെതിരേ പ്രതിഷേധിക്കാനെന്ന പേരില്‍ ഡിസംബര്‍ 28ന് ആരംഭിച്ച പ്രക്ഷോഭം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആളിപ്പടര്‍ന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ പരമോന്നത നേതാവ് ഇങ്ങനെയൊരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

English summary
trump tweets again against iran

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്