യുഎസ്സിന് ഉന്നം പിഴച്ചു, ഐസിസിനെ ലക്ഷ്യമിട്ട മിസൈല്‍ പതിച്ചത് മറ്റൊരിടത്ത്, റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനിലെ വ്യോമാക്രമണത്തില്‍ അമേരിക്കയ്ക്ക് പിഴച്ചെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. ഐസിസ് ഖോറസാന്‍ ഗ്രൂപ്പിന് നേരെ തൊടുത്ത മിസൈല്‍ പക്ഷേ പതിച്ചത് ദുരിതാശ്വാസ പ്രവര്‍ത്തകന്റെ നേരെയാണെന്ന് ന്യൂയോര്‍ക്ക് ടൈംസിനെ അനാലിസിസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ഐസിസ് ഭീകരാക്രമണത്തെ തുടര്‍ന്നാണ് അമേരിക്ക തിരിച്ചടിച്ചത്. ഐസിസിന്റെ ആക്രമണത്തില്‍ 170 അഫ്ഗാന്‍ പൗരന്മാരും 10 യുഎസ് സൈനികരും കൊല്ലപ്പെട്ടിരുന്നു. ഓഗസ്റ്റ് 29ന് യുഎസ് ഡ്രോണ്‍ ആക്രമണം നടത്തുകയായിരുന്നു. ഐസിസ് പുതിയ ആക്രമണത്തിന് തയ്യാറെടുക്കവേയാണ് യുഎസ്സിന്റെ തിരിച്ചടി.

യുഎസ് ആക്രമണത്തില്‍ പത്ത് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ കൊച്ചുകുട്ടികള്‍ വരെയുണ്ടായിരുന്നു. നേരത്തെ കാബൂള്‍ നിവാസിയായി ഐമല്‍ അഹമ്മദി തന്റെ കുടുംബാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ആക്രമണമുണ്ടായെന്ന് വെളിപ്പെടുത്തിയിരുന്നു. സുരക്ഷാ ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതേസമയം ആക്രമണത്തിന് മുമ്പ് യുഎസ് സൈന്യം ഐമല്‍ അഹമ്മദിയെ കണ്ടിരിക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ വലിയ കുപ്പികളില്‍ വെള്ളം നിറയ്ക്കുകയായിരുന്നു. താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ ഏറ്റവും രൂക്ഷമായ ജലക്ഷാമമായിരുന്നു അഫ്ഗാനില്‍ ഉണ്ടായിരുന്നത്. അതായിരിക്കാം ഇവരെ ഇത്തരമൊരു കാര്യത്തിന് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
ഇതിന് വേറൊരു കാര്യം കൂടിയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഐസിസ് ഖോറസാന്‍ ഗ്രൂപ്പ് ആക്രമണം നടത്തിയത് ടൊയോട്ട കൊറോള കാറില്‍ വെച്ചായിരുന്നു. അഹമ്മദിക്ക് സമാനമായൊരു കാറുണ്ട്. ഇത് കണ്ട് യുഎസ് സൈന്യം തെറ്റിദ്ധരിച്ചുവെന്ന് വ്യക്തമാണ്. അഹമ്മദി ദുരിതാശ്വാസ ഗ്രൂപ്പിലെ ഇലക്ട്രിക്കല്‍ എഞ്ചിനീയറാണ്. യുഎസ്സില്‍ കുടിയേറി താമസിക്കാന്‍ അപേക്ഷിച്ചവരില്‍ ഒരാളാണ് അദ്ദേഹം. ഡ്രോണ്‍ ആക്രമണത്തിന് ശേഷം വമ്പനൊരു പൊട്ടിത്തെറിയുണ്ടായത് വാഹനത്തില്‍ സ്‌ഫോടക വസ്തുക്കളുണ്ടെന്നതിന് തെളിവാണെന്ന് യുഎസ് സൈന്യം പറഞ്ഞിരുന്നു. എന്നാല്‍ രണ്ടാമത് പൊട്ടിത്തെറിയുണ്ടായി എന്നതിന് യാതൊരു തെളിവുമില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.
സമീപത്തെ ഗേറ്റിന് മാത്രം ചെറിയ തകരാര്‍ സംഭവിച്ചതാണ് ആകെ നടന്നത്. രണ്ടാമത്തെ പൊട്ടിത്തെറിയോ നാശനഷ്ടങ്ങളോ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വ്യോമാക്രമണം നടത്തിയതെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. വിമാനത്താവളത്തിനുള്ള ഭീഷണിയെ തടയാന്‍ ഞങ്ങള്‍ക്ക് സാധിച്ചെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. അതിന് പുറമേ യുഎസ് പൗരന്മാരെയും സൈനികരെയും രക്ഷിക്കാനും സാധിച്ചുവെന്നും കിര്‍ബി പറഞ്ഞു. അതേസമയം ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് യുഎസ്സിന് വന്‍ തിരിച്ചടിയാണ്. സ്വയം പ്രതിരോധ മാര്‍ഗമായി കണ്ടിരുന്ന ആക്രമണം, ഇന്റലിജന്‍സ് പിഴവാണെന്ന് യുഎസ്സിന് അംഗീകരിക്കേണ്ടി വരും.












Click it and Unblock the Notifications