'ട്രംപ് വരുന്നത് തിരിച്ചടി'; കമല ഹാരിസിന് 50 മില്ല്യൺ ഡോളർ സംഭാവന നൽകി ബിൽഗേറ്റ്സ്
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസിന്റെ പ്രവർത്തനങ്ങള പിന്തുണയ്ക്കുന്ന സംഘടനയ്ക്ക് സംഭാവന നൽകി ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബിൽ ഗേറ്റ്സ് . 50 മില്ല്യൺ ഡോളറാണ് സംഭാവന കൊടുത്തത്. ഇതുവരേയും കമലയ്ക്ക് ബിൽഗേറ്റ്സ് പരസ്യ പിന്തുണ നൽകിയിട്ടില്ല. എന്നാൽ റിപബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപിനോടുള്ള എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കമലയ്ക്കുള്ള സംഭാവന ചർച്ചയായി മാറി കഴിഞ്ഞു.
ട്രംപ് വീണ്ടും അധികാരത്തിലേറിയാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ചുള്ള ആശങ്ക ബിൽഗേറ്റ്സ് നേരത്തേ അടുത്ത സുഹൃത്തുക്കളോട് പങ്കുവെച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ ബിൽ ആന്റ് മെലിന്റ ഗേറ്റ്സ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് ബിൽഗേറ്റ്സ് ആശങ്ക പ്രകടിപ്പിച്ചത്. കുടുംബാസൂത്രണം, ആരോഗ്യ പരിപാലനം തുടങ്ങിയ പ്രവർത്തനങ്ങളാണ് സംഘടന നടത്തുന്നത്. ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ധനസഹായം ലഭിച്ചേക്കില്ലെന്നാണ് പ്രധാനമായും ബിൽഗേറ്റിസിന്റെ ആശങ്ക.

അതേസമയം ഇരു സ്ഥാനാർത്ഥികളുമായി പ്രവർത്തിക്കാൻ താൻ തയ്യാറാണെന്നായിരുന്നു ന്യൂയോർക്ക് ടൈംസിനോടുള്ള ബിൽഗേറ്റ്സിന്റെ പ്രതികരണം. അതോടൊപ്പം തന്നെ ഈ തിരഞ്ഞെടുപ്പ് ഏറെ വ്യത്യസ്തമാണെന്നും അദ്ദേഹം ഊന്നി പറഞ്ഞു. 'ആരോഗ്യമേഖലയുടെ ഉന്നമനത്തിന് പ്രവർത്തിക്കുന്ന ദാരിദ്ര്യം തുടച്ച് നീക്കാൻ പരിശ്രമിക്കുന്ന, കാലവസ്ഥാ വ്യതിയാനം സംബന്ധിച്ച് കൃത്യമായ നിലപാട് കൈക്കൊള്ളുന്ന സ്ഥാനാർത്ഥിയെ ഞാൻ പിന്തുണക്കുന്നു', ബിൽഗേറ്റ്സ് പറഞ്ഞു.
'നിരവധി രാഷ്ട്രീയ നേതൃത്വവുമായി പ്രവർത്തിച്ച പാരമ്പര്യം എനിക്കുണ്ട്. എന്നാൽ ഈ തിരഞ്ഞെടുപ്പ് ഏറെ വ്യത്യസ്തമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അമേരിക്കക്കാരെ സംബന്ധിച്ചും ലോകത്തുള്ള മറ്റ് ജനങ്ങളെ സംബന്ധിച്ചും ഈ തിരഞ്ഞെടുപ്പ് അതീവ പ്രധാനമാണ്', ട്രംപ് പറഞ്ഞു.
നേരത്തെ തന്റെ പിൻഗാമിയായി കമല ഹാരിസിനെ ജോ ബൈഡൻ പ്രഖ്യാപിച്ച നടപടിയെ ബിൽഗേറ്റ്സ് സ്വാഗതം ചെയ്തിരുന്നു. എഐ പോലെ കാര്യങ്ങളെ കാണാൻ സാധിക്കുന്ന ചെറുപ്പക്കാർ അധികാരത്തിലേക്ക് വരട്ടെയെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. 60 വയസുകാരിയാണ് കമല ഹാരിസ്. ഡൊണാൾഡ് ട്രംപിന് 78 ആണ് വയസ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് സ്ഥാനാർത്ഥി കൂടിയാണ് ട്രംപ്. അതേസമയം യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമലയ്ക്കുള്ള പിന്തുണ ഏറി വരികയാണെന്നാണ് അഭിപ്രായ സർവ്വേകൾ ചൂണ്ടിക്കാട്ടുന്നത്.റോയിട്ടേഴ്‌സും ഇപ്‌സോസും ചേർന്ന് നടത്തിയ ഏറ്റവും പുതിയ സർവ്വേയിൽ 48 ശതമാനം പേരുടെ പിന്തുണയാണ് കമലക്ക് ലഭിച്ചത്. ട്രംപിന് വെറും 43 ശതമാനം പേരുടെ പിന്തുണ മാത്രമേ നേടാൻ സാധിച്ചുള്ളൂ.












Click it and Unblock the Notifications