കണ്ണൂർ കോർപ്പറേഷനിൽ ഭൂരിപക്ഷം വനിതകൾക്ക്: 55 പേരിൽ 30 പേരും വനിതകൾ!!
കണ്ണൂര്‍: കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനം ഇത്തവണ ജനറലാണെങ്കിലും കൗൺസിലിൽ ഭൂരിപക്ഷം വനിതകൾക്ക്. ആകെയുള്ള 55 കൗൺസിലർമാരിൽ 30 പേരും വനിതകളാണ്. ജനറല്‍ സീറ്റില്‍ രണ്ട് വനിതകള്‍ ജയിച്ചതോടെയാണ് വനിതാ കൗൺസിലർമാർ സഭയിൽ മേൽക്കൈ നേടിയത്. ഇരുമുന്നണികളുടെയും ഓരോ വനിതാ സ്ഥാനാർഥികളാണ് ജനറൽ സീറ്റിൽ മത്സരിച്ച് ജയിച്ചത്. മുണ്ടയാട് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാർഥി ഷാഹിന മൊയ്തീനും താഴെ ചൊവ്വയില്‍ മത്സരിച്ച സിപിഎമ്മിലെ ഷഹീദയും. ഇരുവരും സിറ്റിംഗ് സീറ്റിലാണ് വിജയിച്ചത്.
യുഡിഎഫ് പ്രതിനിധികളായി 18 വനിതകളും എൽഡിഎഫ് പ്രതിനിധികളായി 12 പേരുമാണ് കൗൺസിലിലെത്തിയത്. വോട്ടർമാരുടെ കാര്യത്തിലും കോർപറേഷനിൽ വനിതകൾക്കാണ് ഭൂരിപക്ഷം. 1,01, 870 സ്ത്രീ വോട്ടര്‍മാരുള്ളപ്പോള്‍ 85,386 മാത്രമാണ് പുരുഷ വോട്ടര്‍മാരുള്ളത്. എന്നാൽ പുതുമുഖങ്ങളായി വനിതകൾ കൂടുതൽ കോർപറേഷൻ കൗൺസിലിൽ എത്തിയെങ്കിലും കഴിഞ്ഞ ഭരണ കാലയളവിൽ തിളക്കമാർന്ന പ്രകടനം കാഴ്ച്ചവെച്ച വനിതാ നേതാക്കളെ വെട്ടിനിരത്താൻ മത്സരിക്കുകയായിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേൻ ദേശീയ ജോയന്റ് സെക്രട്ടറി എൻ സുകന്യയെ പൊട്ടിക്കുണ്ട് ജനറൽ സീറ്റിൽ നിന്നും സിപിഎം മേയർ സ്ഥാനാർത്ഥിയായി മത്സരിപ്പിച്ചുവെങ്കിലും ഭരണം യുഡിഎഫ് നിലനിർത്തിയത് തിരിച്ചടിയായി.

ഭരണം കിട്ടാൻ സാധ്യതയില്ലാത്ത കോർപറേഷനിൽ സുകന്യയെപ്പോലുള്ള ഉന്നത വനിതാ നേതാവിനെ സ്ഥാനാർത്ഥിയാക്കിയത് ഒതുക്കാനാണെന്ന ആരോപണം പാർട്ടിക്കുള്ളിൽ നിന്നു തന്നെ ഉയർന്നിട്ടുണ്ട്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നും സ്ഥാനാർത്ഥിയാകുമെന്നു പ്രതീക്ഷിച്ച വനിതാ നേതാവാണ് സുകന്യ .കണ്ണുർ കോർപറേഷനിലെ പ്രഥമ മേയറായ ഇ പി ലതയ്ക്കും സിപിഎം ഇക്കുറി മത്സരിക്കാൻ അവസരം നൽകിയിട്ടില്ല.
രണ്ടാമത്തെ മേയറും എഐസിസി പ്രത്യേക ക്ഷണിതാവും മഹിളാ കോൺഗ്രസ് നേതാവുമായ സുമാ ബാലകൃഷ്ണനെ വെട്ടിനിരത്തിയാണ് കോൺഗ്രസ് ഇക്കുറി മത്സരിച്ചത്. മുൻ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനായ മീ റാവത്സൻ, നഗരസഭാ മുൻ ചെയർപേഴ്സൻ എം ശ്രീജ എന്നിവർക്കും മത്സരിക്കാൻ സീറ്റു നൽകിയില്ല.
മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമാണ് മൂന്നാമത്തെ മേയർ സി സീനത്തിന് വിലങ്ങ് തടിയായത്. മൂന്ന് തവണ മത്സരിച്ചവർ മാറി നിൽക്കണമെന്നായിരുന്നു പാണക്കാട്ടു നിന്നുള്ള നിർദ്ദേശം സീനത്തിന് പുറമേ മുൻ നഗരസഭ ചെയർപേഴ്സൺ റോഷ്നി ഖാലിദിനും ഇക്കുറി മുസ്ലിം ലീഗ് മത്സരിക്കാൻ അവസരം നൽകിയിട്ടില്ല.












Click it and Unblock the Notifications