രണ്ട് വര്‍ഷമായി നിര്‍ത്തിവച്ച അഖണ്ഡ സംഗീതാരാധനാ യജ്ഞം; ഇക്കുറി ത്യാഗരാജ കീര്‍ത്തനങ്ങളുയര്‍ന്നു
കണ്ണൂര്‍: കേരളത്തിലെ അപൂര്‍വ്വ ഹനുമാന്‍ ക്ഷേത്രങ്ങളിലൊന്നായ മക്രേരി അമ്പലത്തില്‍ ഇക്കുറിയും ത്യാഗരാജ കീര്‍ത്തനങ്ങളുയര്‍ന്നു.കൊ വിഡ്നിയന്ത്രണങ്ങളുള്ളതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നിര്‍ത്തിവെച്ച അഖണ്ഡ സംഗീതാരാധനാ യജ്ഞമാണ് ഇക്കുറി വിപുലമായി നടത്തിയത്.48 മണിക്കൂര്‍ അഖണ്ഡ സംഗീതാരാധനാ യജ്ഞത്തില്‍ ഇക്കുറി അരങ്ങേറ്റക്കാര്‍ ഉള്‍പ്പെടെയുള്ള കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.
ശനിയാഴ്ച്ച പുലര്‍ച്ചെ ആറുമാണിക്ക് തുടങ്ങിയ സംഗീതാരാധാനയഞ്ജം ഞായറാഴ്ച്ച പുലര്‍ച്ചെ ആറുമണിക്കാണ് അവസാനിച്ചത്.ഒരു നിമിഷം പോലും മുറിയാതെ സംഗീതജ്ഞര്‍ ഓരോരുത്തരായാണ് കീര്‍ത്തനങ്ങള്‍ ആലപിച്ചത്.സ്ത്രീകളും കുട്ടികളും വയോജനങ്ങളുമെന്നുവേണ്ട പ്രായവ്യത്യാസമില്ലാതെ കര്‍ണാടിക് സംഗീതത്തില്‍ ഗാനങ്ങള്‍ ആലപിക്കുന്നതിനും അരങ്ങേറുന്നതിനും സംഗീതജ്ഞരെത്തിയപ്പോള്‍ താളംപിടിച്ചും ഈണംമൂളിയും സംഗീതപ്രേമികളുടെ വലിയൊരു സദസു തന്നെയുണ്ടായിരുന്നു.
മക്രേരി അമ്പലത്തില്‍ ആഞ്ജനേയ ലക്ഷാര്‍ച്ചനയും ദക്ഷിണാ മൂര്‍ത്തി സ്മൃതി ത്യാഗരാജ അഖണ്ഡ സംഗീതാരാധനയജ്ഞവും കൊവിഡ് പ്രതിസന്ധിയായതിനാല്‍ കഴിഞ്ഞരണ്ടു വര്‍ഷമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ ദക്ഷിണാ മൂര്‍ത്തി സ്വാമികള്‍ 21 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മക്രേരി അമ്പലത്തില്‍ ത്യാഗരാജ അഖണ്ഡ സംഗീതാരാധനാ യജ്ഞം തുടങ്ങിയത്.
അദ്ദേഹം ഇഹലോകവാസം വെടിഞ്ഞതിനു ശേഷം അദ്ദേഹത്തിന്റെ സഹധര്‍മ്മിണി കല്യാണി ദക്ഷിണാമൂര്‍ത്തിയാണ് പിന്നീട് സംഗീതാരാധന യഞ്ജത്തിന് മുഖ്യാതിഥിയായെത്തിയത്. അവരുടെവിയോഗത്തിനു ശേഷം ക്ഷേത്രം അധികൃതര്‍ സംഗീതാരാധന തുടരുകയായിരുന്നു.സംഗീത സംവിധായകനായ ദക്ഷിണാമൂര്‍ത്തിക്ക് ലഭിച്ച പുരസകാരങ്ങളും അദ്ദേഹത്തിന്റെ ഓര്‍മകള്‍ പേറുന്ന മറ്റുവസ്തുക്കളും ഉള്‍പ്പെടുത്തി സാംസ്‌കാരിക വകുപ്പ് മക്രേരി അമ്പലത്തില്‍ ദക്ഷിണാമൂര്‍ത്തി സ്മൃതി മണ്ഡപം തന്നെ സ്ഥാപിച്ചിട്ടുണ്ട്.