കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻകുതിപ്പ്; റിപ്പോർട്ട് പുറത്തുവിട്ട് കിയാൽ
മട്ടന്നൂർ: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയിലും കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഓഗസ്റ്റിലും യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്. ജൂലായ് മാസത്തേക്കാൾ 4986 യാത്രക്കാരുടെ വർധനയാണുണ്ടായത്. 3153 അന്താരാഷ്ട്രയാത്രക്കാരുടെയും 1833 ആഭ്യന്തരയാത്രക്കാരുടെയും വർധനയുണ്ടായി. ജൂലായിലും 3427 യാത്രക്കാരുടെ വർധനയുണ്ടായിരുന്നു.89,313 അന്താരാഷ്ട്രയാത്രക്കാരും 30,059 ആഭ്യന്തരയാത്രക്കാരുമാണ് ഓഗസ്റ്റിൽ കണ്ണൂർ വിമാനത്താവളംവഴി യാത്രചെയ്തത്. എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ ഉദ്ധരിച്ച് കിയാലാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
സർവീസുകളുടെ എണ്ണം കഴിഞ്ഞമാസം ആയിരം കടന്നിട്ടുണ്ട്. ആകെ 1006 സർവീസുകളാണ് നടത്തിയത്. ജൂലായിൽ കണ്ണൂരിൽ 967 സർവീസുകളാണുണ്ടായിരുന്നത്. അതേസമയം ചരക്കുനീക്കത്തിൽ വൻ കുറവാണ് രേഖപ്പെടുത്തിയത്.ജൂലായിൽ 641 ടൺ ചരക്ക് വിദേശത്തേക്ക് കയറ്റി അയച്ചിരുന്നത് ഓഗസ്റ്റിൽ 438 ആയി കുറഞ്ഞു. ഓണക്കാലമായതിനാൽ ഈ മാസം 100 ടണ്ണോളം അധികം കയറ്റുമതി നടന്നിട്ടുണ്ട്. പച്ചക്കറികൾ, പൂക്കൾ, വാഴയില തുടങ്ങിയവയാണ് ഗൾഫ് നാടുകളിലേക്ക് കയറ്റിയയച്ചത്. കാർഗോ കോംപ്ളക്സ് തുടങ്ങാൻ കഴിയാത്തത് കണ്ണുർ വിമാനതാവളത്തെ സംബന്ധിച്ചു കനത്ത തിരിച്ചടിയായി മാറുന്നുണ്ട്.

കണ്ണൂർ വിമാനതാവളത്തിന് പോയൻ്റ് ഓഫ് കോൾ പദവി കേന്ദ്ര സർക്കാർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മട്ടന്നൂർ വായാന്തോട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടന്നുവരികയാണ്.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കിയാൽ വാർഷിക പൊതുയോഗം നടന്നത്. 27 മിനുട്ട് നീണ്ട ഓൺലൈൻ യോഗത്തിൽ ഓഹരി ഉടമകൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അവസരം നൽകിയില്ലെന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു. തങ്ങളെ അവഗണിച്ച കിയാലിനെതിരെ ഓഹരി ഉടമകൾ കേന്ദ്ര കമ്പിനി കാര്യമന്ത്രാലയത്തിന് പരാതി നൽകിയിട്ടുണ്ട്.












Click it and Unblock the Notifications