പയ്യാമ്പലം ബീച്ച് റോഡില്‍ രാസലഹരിയുമായി ബൈക്ക് യാത്രക്കാരന്‍ അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സിന്തറ്റിക്ക് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് പരിശോധന ശക്തമാക്കി. പയ്യാമ്പലം ബീച്ചിലേക്ക് പോകുന്ന റോഡില്‍ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് 134, 178 ഗ്രാം മെത്താ ഫിറ്റമിന്‍ ബുള്ളറ്റില്‍ കടത്തുകയായിരുന്ന യുവാവ് പിടിയിലായത്.
എടക്കാട് കുറുവ പാലത്തിന് സമീപം സബീന മന്‍സില്‍ സിഎച്ച് മുഹമ്മദ് ഷരീഫാണ് (34) അറസ്റ്റിലായത്. ഇയാള്‍ സഞ്ചരിച്ച ബുള്ളറ്റും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്ച്ച രാത്രി പത്തുമണിക്ക് നടത്തിയ വാഹനപരിശോധനയില്‍ കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ഷാബു, പ്രിവന്റീവ് ഓഫിസര്‍മാരായ കെ.സി. ഷിബു, ആര്‍.പി അബ്ദുള്‍ നാസര്‍ ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍മാരായ സി. സുജിത്ത്, സി.ഇ. ഒ.വിഷ്ണു, വനിതാ സി.ഇ.ഒ. പി. സീമ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

കണ്ണൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പയ്യാമ്പലത്ത് ടുറിസ്റ്റു ഹോട്ടലുകളും ആളൊഴിഞ്ഞ സ്ഥലങ്ങളും കേന്ദ്രീകരിച്ചു മയക്കുമരുന്ന് വില്‍പ്പന വ്യാപകമാണെന്ന രഹസ്യവിവരം ലഭിച്ചതു പ്രകാരമാണ് എക്‌സൈസ് പരിശോധന ശക്തമാക്കിയത്. ചില ആഡംബര ഹോട്ടലുകളും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ചു കഴിഞ്ഞ പുതുവത്സര ദിനത്തില്‍ മയക്കുമരുന്ന് ഡിജെ പാര്‍ട്ടി നടന്നിരുന്നുവെന്നാണ് എക്‌സൈസ് നല്‍കുന്ന വിവരം.
വാഹനത്തില്‍ നിന്നും ഇയാളുടെ ശരീരത്തില്‍ നിന്നുമാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പത്ത് വര്‍ഷം മുതല്‍ 20 വര്‍ഷം വരെ ലഭിക്കാവുന്ന കുറ്റമാണിതെന്ന് എക്‌സൈസ് പറഞ്ഞു. ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നാണ് യുവാവില്‍ നിന്നും പിടി കൂടിയത്. ബംഗ്‌ളൂരില്‍ നിന്നുമാണ് രാസലഹരി എത്തിച്ചതെന്നാണ് ഇയാള്‍ മൊഴിനല്‍കിയിട്ടുള്ളത്. എന്നാല്‍ പിടിയിലായ പ്രതിക്ക് പിന്നില്‍ മറ്റാരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന കാര്യവും അന്വേഷിച്ചു വരികയാണെന്ന് എക്‌സൈസ് അറിയിച്ചു.
പ്രതിയെ വടകര നാര്‍ക്കോട്ടിക്ക് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ മയക്കുമരുന്ന് നിര്‍ബാധമെത്തുന്നത് എക്‌സൈസിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ രാത്രിപരിശോധന ശക്തമാക്കാനാണ് എക്‌സൈസിന്റെ തീരുമാനം.












Click it and Unblock the Notifications