മേയറുടെ ഉടുമുണ്ട്പറിച്ചെടുത്ത് പ്രതിഷേധിച്ച കുടുംബശ്രീസമരക്കാര്‍ക്കെതിരെ കേസെടുത്തു
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മേയറെ കോര്‍പറേഷന്‍ കാര്യാലയത്തില്‍ കയറാന്‍ അനുവദിക്കാതെ തടഞ്ഞുവയ്ക്കുകയും ഉടുമുണ്ട് പറിച്ചെടുത്ത്അപമാനിക്കുകയും ചെയ്തുവെന്ന പരാതിയില്‍ കണ്ടാലറിയാവുന്ന 18 കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
കോര്‍പറേഷന്‍ കോംപൗണ്ടില്‍ നിര്‍മ്മിച്ച കുടുംബശ്രീ ടേസ്റ്റ് ആന്‍ഡ് ഹട്ട് ഭക്ഷണശാല പുതിയ ആസ്ഥാന മന്ദിരം നിര്‍മ്മാണത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം മേയറുടെ ഓഫിസിന് മുന്‍പില്‍ കുത്തിയിരുന്ന് സമരം നടത്തിയ കുടുംബശ്രീ പ്രവര്‍ത്തകരാണ് മേയറെ ഓഫിസിലേക്ക് കടത്താതെ തടയുകയും ഇതിനെ അവഗണിച്ചു കൊണ്ടു കടക്കാന്‍ ശ്രമിച്ച മേയറുടെ ഉടുത്തമുണ്ട് അഴിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തത്.
തന്നെ കുടുംബശ്രീ ഗുണ്ടകള്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന് ഇതിനെ തുടര്‍ന്ന് മേയര്‍ വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞു. മേയര്‍ ടി.ഒ.മോഹനന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന 18കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ പത്തു മണി മുതല്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ഗോ ബാക്കെന്ന് വിളിച്ചു സമരം നടത്തിയ കുടുംബശ്രീ പ്രവര്‍ത്തകരെ മണിക്കൂറുകളുടെ ശ്രമഫലമായാണ് പൊലീസിന് നീക്കം ചെയ്യാന്‍ കഴിഞ്ഞത്. കോര്‍പറേഷന്‍ ഓഫിസിനകത്ത് അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു മേയര്‍ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ , കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.