ഗവർണർക്കെതിരായ പ്രതിഷേധത്തെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി: പാർട്ടിക്കാർ അതിരുവിട്ടെന്ന്
കണ്ണൂർ: സിപിഎം നേതൃത്വം നൽകുന്ന കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് എൺപതാം ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണ്ണർക്കെതിരെ നടത്തിയ പ്രതിഷേധത്തെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ സർവകലാശാല എൺപതാം ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യവേ ഗവർണ്ണർക്കെതിരെ പ്രതിഷേധം നടത്തിയത് സിപിഎം നേതാക്കളായ സിൻഡിക്കേറ്റ് അംഗങ്ങളുടെ മൗനാനുവാദത്തോടുകൂടിയാണ്.
ഗവർണറുടെ പ്രസംഗത്തിൽ പ്രതിഷേധിച്ച് വേദിയിൽ നിന്നും തടയാൻ ശ്രമിച്ചത് സിപിഎം സഹയാത്രികനും ചരിത്രകാരനുമായ ഇർഫാൻ ഹബീബാണ് . പ്രതിഷേധക്കാരായ വിദ്യാർത്ഥികളെ പോലീസ് അറസ്റ്റു ചെയ്യുമ്പോൾ തടയാൻ ശ്രമിച്ചത് സിപിഎം എംപി കെ കെ രാഗേഷും ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ കെ വി സുമേഷും സർവകലാശാല സിൻഡിക്കേറ്റംഗം ബിജു കണ്ടക്കൈയും ചേർന്നാണ്. ഗവർണർക്കെതിരെ കരിങ്കൊടി കാണിക്കാൻ മുൻപന്തിയിലുണ്ടായതും എസ്എഫ്ഐ പ്രവർത്തകരാണ്.

എന്നാൽ ഇതിനെ പരോക്ഷമായി വിമർശിച്ചാണ് സംസ്ഥാനത്ത് ഗവർണർക്കെതിരായ പ്രതിഷേധം അതിരുവിട്ടെന്ന് മുഖ്യമന്ത്രി സർവകക്ഷി യോഗത്തിൽ പറഞ്ഞത്. ഇതോടെ കണ്ണൂരിൽ ഗവർണർക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് നടപടിയുണ്ടാകുമെന്ന സൂചനയാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ നൽകുന്നത്. പൗരത്വ ഭേദഗതി നിയമവിരുദ്ധ സമരം എസ്ഡിപിഐ, ജമാത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകൾ ഹൈജാക്ക് ചെയ്യുന്നുവെന്ന കുറ്റപ്പെടുത്തലും പിണറായി വിജയന്റെ വാക്കുകളിൽ മറഞ്ഞിരിപ്പുണ്ട്.
വർഗീയ സംഘടനകളുടെ പ്രതിഷേധം അതിരുവിട്ടാൽ കർശന നടപടിയെടുക്കുമെന്നും പിണറായി മുന്നറിയിപ്പ് നൽകിയത് ഈ സൂചനയാ ലാണെന്നാണ് വിലയിരുത്തൽ. പ്രക്ഷോഭങ്ങളിൽ ആവശ്യമില്ലാത്തവർക്ക് ഇടം കൊടുക്കാതിരിക്കാൻ സംഘടനകൾ തയ്യാറാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ഭരണഘടന സംരക്ഷണത്തിനുള്ള പ്രമേയം ഏകകണ്ഠമായി പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യുഎപിഎ പോലെയുള്ള നിയമങ്ങൾ പ്രതിഷേധക്കാർക്കെതിരെ ചുമത്തരുതെന്നും, അനാവശ്യമായി കേസുകൾ അടിച്ചേൽപ്പിക്കുന്ന നടപടി സംസ്ഥാന സർക്കാർ നിർത്തലാക്കണമെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് ആവശ്യമായ ബോധവൽക്കരണ പരിപാടികൾ നടപ്പാക്കണം. കരുതൽ തടങ്കലുകൾ സ്ഥാപിക്കാൻ ഏതെങ്കിലും തരത്തിൽ സർക്കാർ നീക്കം നടന്നിട്ടുണ്ടെങ്കിൽ അത് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് യോഗത്തിൽ ആവശ്യപ്പെട്ടു.












Click it and Unblock the Notifications