കലക്ടറേറ്റ് മാര്‍ച്ച്: 30 യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസ്, പൊലീസിനെതിരെ വനിതാപ്രവര്‍ത്തകരുടെ പരാതി
കണ്ണൂര്‍: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത വനിതാ പ്രവര്‍ത്തകരുള്‍പ്പടെ മുപ്പതുപേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു. പൊലിസുമായുളള സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വനിതാ പ്രവര്‍ത്തകയുള്‍പ്പെടെ നാലുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. വനിതാ പ്രവര്‍ത്തകര്‍ക്കു നേരെ പൊലിസ് അതിക്രമം കാണിച്ചുവെന്ന ആരോപണം ശക്തമായിട്ടുണ്ട്.
പുരുഷ പൊലിസുകാരുള്‍പ്പടെയാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത വനിതാപ്രവര്‍ത്തകരെ കൈക്കാര്യം ചെയ്തത്. വെളളിയാഴ്ച്ച രാവിലെ പതിനൊന്നരയോടെ ഡി.സി.സി ഓഫീസില്‍ നിന്നുമാരംഭിച്ച പ്രതിഷേധ മാര്‍ച്ച് കലക്റേറ്റ് ഒന്നാം കവാടത്തിലെത്തിയത് സമാധാനപരമായിരുന്നു. മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്യുന്നതിനിടെ പ്രവര്‍ത്തകരും പൊലിസും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു.

ബാരിക്കേഡ് മറികടന്നു കലക്ടറേറ്റ് കോംപൗണ്ടിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലിസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിനെ തുടര്‍ന്ന് ജലപീരങ്കിക്കു നേരെ തിരിഞ്ഞ പ്രവര്‍ത്തകരെ രണ്ടു തവണ പൊലിസ് ലാത്തി വീശി ഓടിച്ചു. ലാത്തിചാര്‍ജിനിടെ റോഡില്‍വീണ വനിതാപ്രവര്‍ത്തകരെ പൊലിസ് നിലത്തിട്ടു ചവിട്ടിയതായി പരാതിയുണ്ട്. യൂത്ത് കോണ്‍ഗ്രസ് അഴീക്കോട് ബ്ളോക്ക് സെക്രട്ടറി റിയാ നാരായണനെയാണ് പൊലിസ് നിലത്തിട്ട് ചവുട്ടിയത്.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ജീനയ്ക്കും മര്‍ദ്ദനത്തില്‍ പരുക്കേറ്റു. വനിതാ പ്രവര്‍ത്തകരുടെ വസ്ത്രങ്ങള്‍ പുരുഷ പൊലിസുള്‍പ്പടെ വലിച്ചുകീറിയതായി ജീന ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിതാ മോഹനനെ റോഡിലൂടെ പൊലിസ് അറസ്റ്റു ചെയ്തു നീക്കുന്നതിന്റെ ഭാഗമായി വലിച്ചിഴച്ചതായി ആരോപണമുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ റിജില്‍ മാക്കുറ്റി, സുധീപ് ജയിംസ്്, വിജില്‍മോഹന്‍, എം.സി അതുല്‍, പ്രനില്‍ മതുക്കോത്ത്, നിമിഷ, മിഥുന്‍മാറോളി, അശ്വിന്‍, ഷിജു, കമല്‍ജിത്ത്, ഹരികൃഷ്ണന്‍ പാളാട് എന്നിവര്‍ക്കും പൊലിസിന്റെ മര്‍ദ്ദനമേറ്റു.
ജാമ്യം ലഭിച്ച റിയാ നാരായണന്‍ ഉള്‍പ്പെടെയുളള വനിതാപ്രവര്‍ത്തകരെയാണ് പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞ് ഡിസിസി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജുള്‍പ്പടെ സംഭവസ്ഥലത്ത് എത്തിയിരുന്നു.












Click it and Unblock the Notifications