കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്‌ളാസ്റ്റിക്കിനെതിരെ യുദ്ധം പ്രഖ്യാപിച്ചു കോര്‍പറേഷന്‍, ഉപനിയമാവലി യോഗംഅംഗീകരിച്ചു

Google Oneindia Malayalam News

കണ്ണൂര്‍: പ്‌ളാസ്റ്റിക്ക് മാലിന്യ സംസ്‌കരണം, ഖരമാലിന്യ സംസ്‌കരണം എന്നിവയുടെ ഉപനിയമാവലി കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. 2016 ലെ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് റൂള്‍സ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളതിന്‍ പ്രകാരം അതാത് സംസ്ഥാനങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ നയം രൂപീകരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ അതാത് മുനിസിപ്പല്‍ കൗണ്‍സിലുകള്‍ക്ക് ബൈലോ(ഉപനിയമാവലി) പുറപ്പെടുവിക്കുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച മാതൃകാ ബൈലോ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരത്തിന് നല്‍കിയിട്ടുണ്ട്. സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടങ്ങളിലെ ചട്ടം 15 (ഇ) പ്രകാരവും കേരള മുനിസിപ്പാലിറ്റി ആക്ടിന്റെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബൈലോ പുറപ്പെടുവിക്കാവുന്നത്.

kannur

ഖരമാലിന്യ പരിപാലന നിയമാവലിയില്‍ നഗരസഭാപരിധിക്കുള്ളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഖരമാലിന്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ചും മാലിന്യ ഉല്‍പ്പാദകരുടെ ഉത്തരവാദിത്തങ്ങള്‍ ഖരമാലിന്യങ്ങള്‍ വേര്‍തിരിക്കേണ്ടതിന്റെ പ്രാധാന്യം, പൗരസമൂഹത്തിന്റെ ചുമതലകള്‍, ബൈലോ വ്യവസ്ഥകള്‍ ലംഘിക്കുന്നതിന്റെ ശിക്ഷകള്‍ എന്നിങ്ങനെ കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുള്ളതാണ്. ഇത് പ്രകാരം ഇന്ന്(02122022) ചേര്‍ന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം ഖരമാലിന്യ സംസ്‌കരണത്തിനുള്ള ഉപനിയമാവലിയും, പ്ലാസ്റ്റിക് മാലിന്യ പരിപാലനത്തിനുള്ള ഉപനിയമാവലിയും അംഗീകരിച്ചു.

പൊതുസ്ഥലങ്ങള്‍ പൂര്‍ണ്ണമായും പ്ലാസ്റ്റിക് മുക്തമാക്കുക, പ്ലാസ്റ്റിക് മാലിന്യ സംഭരണ - പരിവഹണ ചെലവുകള്‍ പരമാവധി ചുരുക്കുകയും ശാസ്ത്രീയ ബദല്‍ നടപ്പാക്കുകയും ചെയ്യുക, പ്ലാസ്റ്റിക് മാലിന്യ പരിപാലന - സംസ്‌കരണ കൃത്യങ്ങളില്‍ ജനകീയ അവബോധവും ആഭിമുഖ്യവും ഉയര്‍ത്തുക, ഇതിന്റെ നടത്തിപ്പിന് ഫലപ്രദമായ നിര്‍വ്വഹണ - നിരീക്ഷണ - പരിഷ്‌കരണ ഉപാധികള്‍ക്ക് പ്രാബല്യം നല്‍കുക എന്നിവയാണ് ബൈലോയുടെ പ്രധാന ഉദ്ദേശ ലക്ഷ്യങ്ങള്‍.

കോര്‍പ്പറേഷന്‍ പരിധിക്കുള്ളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന ഒരു പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും ആരും തന്നെ നിര്‍മ്മിക്കാനോ സംഭരിക്കാനോ വില്‍ക്കാനോ പാടുള്ളതല്ല. പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വൃത്തിയാക്കി ഉണക്കി തരംതിരിച്ച് കോര്‍പ്പറേഷന്‍ ചുമതലപ്പെടുത്തുന്ന ഹരിതകര്‍മ്മസേനയ്ക്ക് കൈമാറേണ്ടതാണ്.

വ്യാപാര സ്ഥാപനങ്ങളില്‍ പൊതുജനങ്ങള്‍ കാണത്തക്ക വിധത്തില്‍ പ്രാദേശിക ഭാഷയിലും, ഇംഗ്ലീഷ് ഭാഷയിലും 'ഇവിടെ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍/കവറുകള്‍ വില്‍ക്കുന്നതല്ല' എന്ന ബോര്‍ഡ് എഴുതി പ്രദര്‍ശിപ്പിക്കേണ്ടതാണ്. അനുവദനീയമല്ലാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, വില്‍പ്പന, വിതരണം, ഉപയോഗം, ശേഖരണം എന്നിവ നടത്തുന്നവര്‍ക്കെതിരെ പിഴ ഈടാക്കുന്നതാണ്. ആദ്യ തവണ ലംഘിക്കുന്നതിന് 10,000/, രൂപയും രണ്ടാം തവണ ലംഘിക്കുന്നതിന് 25,000/ രൂപയും തുടര്‍ന്നുള്ള ലംഘനത്തിന് 50,000/ രൂപയും പിഴ ഈടാക്കുന്നതാണ്. തുടര്‍ന്നും ഉത്തരവ് ലംഘിക്കുന്ന പക്ഷം പ്രവര്‍ത്തനാനുമതി റദ്ദാക്കുന്നതായിരിക്കും.

ഖരമാലിന്യങ്ങള്‍ ജൈവമാലിന്യങ്ങള്‍, അപകടകരമായ ഗാര്‍ഹിക മാലിന്യങ്ങള്‍, ആശുപ്ത്രി മാലിന്യങ്ങള്‍, നിര്‍മ്മാണ - നശീകരണ മാലിന്യങ്ങള്‍, ഉദ്യാന-സസ്യ മാലിന്യങ്ങള്‍, ജൈവേതര മാലിന്യങ്ങള്‍, ഇതരവിഭാഗ മാലിന്യങ്ങള്‍ എന്നിങ്ങനെ തരം തിരിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതും പൊതുശല്യം ഉണ്ടാകുന്ന വിധം മാലിന്യം ശേഖരിക്കുന്നതും നിരോധിക്കും. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശ്ശന ശിക്ഷാ നടപടികള്‍ കൈക്കുള്ളന്നതിനും തീരുമാനിച്ചു. ആശുപത്രികളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളും വ്യവസായശാലകളില്‍ നിന്നല്ലാത്ത ആപത്കരമായ മാലിന്യങ്ങളും ഭസ്മീകരണ പ്രക്രിയയിലൂടെ ഇല്ലാതാക്കും. ഫാക്ടറി, വര്‍ക്ക്‌ഷോപ്പ്, വ്യാപാര വാണിജ്യ കേന്ദ്രം, ചന്തകള്‍, ഹോട്ടല്‍, റെസ്റ്റോറന്റ്, കശാപ്പുശാല, ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും നിര്‍ദ്ദിഷ്ട രീതിയില്‍ മാലിന്യം നീക്കം ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കും. അതുപ്രകാരം മാലിന്യം നീക്കം ചെയ്യുന്നില്ലെങ്കില്‍ ആയത് നീക്കം ചെയ്യിക്കുകയും അതിനു വേണ്ടിവരുന്ന ചെലവ് ഉടമസ്ഥരില്‍ നിന്ന് ഈടാക്കുകയും ചെയ്യും. മലിനജലം പൊതു സ്ഥലത്തോ സ്വകാര്യ ഇടത്തിലേക്കോ ഒഴുക്കിവിടാന്‍ പാടില്ലാത്തതാണ്. പൊതുവഴിയിലോ പൊതുസ്ഥലത്തോ മലമൂത്രവിസര്‍ജ്ജനം നടത്തുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുന്നതായിരിക്കും.

കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് മാലിന്യനിര്‍മാര്‍ജ്ജനെ സംബന്ധിച്ച ഉപനിയമാവലി നടപ്പിലാക്കുക. മാലിന്യ നിര്‍മ്മാര്‍ജ്ജനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് 20 ഓളം അംഗങ്ങളെ ഉള്‍പ്പെടുത്തി സാങ്കേതിക പിന്തുണാ സമിതി രൂപീകരിക്കുന്നതിനും ബൈലോയില്‍ വ്യവസ്ഥയുണ്ട്. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവരില്‍ നിന്ന് തല്‍ക്ഷണം പിഴ ഈടാക്കുന്നതിനും പിഴ അടക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനുംബൈലോ അധികാരം നല്‍കുന്നുണ്ട്.

നമ്മുടെ നാട് അഭിമുഖീകരിക്കുന്ന മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ബൈലോയിലെ വ്യവസ്ഥകള്‍ ഉദ്യോഗസ്ഥര്‍ കര്‍ശനമായി നടപ്പിലാക്കുന്നതോടൊപ്പം ഇതിനായി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുന്നതിനും ഉള്ള ഉത്തരവാദിത്തം ജനപ്രതിനിധികള്‍ കൂടി നിര്‍വ്വഹിക്കണമെന്ന് മേയര്‍ അഡ്വ.ടി.ഒ മോഹനന്‍ പറഞ്ഞു.

കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഡെപ്യൂട്ടി മേയര്‍ കെ.ഷബീന ടീച്ചര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.പി രാജേഷ്, അഡ്വ.പി ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, എന്‍ സുകന്യ, ടി രവീന്ദ്രന്‍, കെ.എം സാബിറ ടീച്ചര്‍, ഫിറോസ ഹാഷിം, എസ് ഷഹീദ, പി പി വല്‍സലന്‍ തുടങ്ങിയവര്‍ സംസാരിച്ചു

English summary
Corporation declares war on plastic, approves bye-law meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X