കവർച്ചക്കിടെ അക്രമികളുടെ അടിയേറ്റു: ചികിത്സയിൽ കഴിഞ്ഞ വയോധിക മരിച്ചു, സംഭവം കണ്ണൂരിൽ
കണ്ണൂർ: കവർച്ചക്കാരുടെ ആക്രമണത്തിനിരയായി പരിക്കേറ്റ വയോധിക മരിച്ചു. രാത്രിയിൽ പൈപ്പിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് വയോധിക ആക്രമണത്തിനിരയായത്. കണ്ണൂർ വാരം ഐഎംടി സ്കൂളിന് സമീപത്തുള്ള വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ആയിഷ എന്ന 75കാരിയാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചിട്ടുള്ളത്.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവമുണ്ടായത്. ഈ സമയം വീടിന് പിറക് വശത്തുള്ള പൈപ്പിൽ നിന്ന് വെള്ളം വീഴുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ ഒറ്റയ്ക്ക് താമസിക്കുന്ന ഇവർ പുറത്തിറങ്ങി നോക്കുകയായിരുന്നു. വീടിന് പുറത്തിറങ്ങയതോടെ കവർച്ചക്കാരാണ് ആയിഷയെ തലക്കടിച്ച് താഴെ വീഴ്ത്തിയത്.

തുടർന്ന് ഇവർ ധരിച്ചിരുന്ന മാലയും കമ്മലും അടങ്ങുന്ന സ്വർണ്ണാഭരണങ്ങൾ കവർന്ന സംഘം ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവരുടെ കമ്മൽ ചെവിയിൽ നിന്ന് പറിച്ചെടുത്താണ് അക്രമികൾ രക്ഷപ്പെട്ടത്. മൂന്നംഗ സംഘമാണ് ആക്രമണത്തിനും കവർച്ചയ്ക്കും പിന്നിലുണ്ടായിരുന്നത്. എന്നാൽ ശബ്ദം കേട്ട് സമീപ വാസികൾ സ്ഥലത്തെത്തുമ്പോഴേക്ക് അക്രമികൾ കടന്നുകളയുകയായിരുന്നു. ഇവരുടെ ചെവിയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
സ്റ്റൈലിഷായി അക്ഷയ പ്രേമനാഥ്... ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പുറത്ത്
അക്രമി സംഘത്തിൽ ഹിന്ദി സംസാരിക്കുന്നവർ ഉണ്ടായിരുന്നുവെന്നാണ് ആയിഷ നൽകിയ വിവരം. ഇതോടെ സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഇതോടെ പ്രദേശ വാസികൾക്ക് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കവർച്ചക്കാർ ആളുകളെ വീടിന് പുറത്തിറങ്ങുന്നതിനായി ഇത്തരത്തിലുള്ള പല തന്ത്രങ്ങളും പയറ്റിവരുന്നതായും പോലീസ് ജനങ്ങൾക്ക് നിർദേശിച്ചത്.












Click it and Unblock the Notifications