വീണ്ടും ഗ്യാസ് ടാങ്കര്‍ ലോറി അപകടം, ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം
തലശേരി: കണ്ണൂര്‍-കോഴിക്കോട് ദേശീയപാതയില്‍ വീണ്ടും ഗ്യാസ് ടാങ്കര്‍ ലോറി അപകടം.
നഗരത്തെ പരിഭ്രാന്തിയിലാഴ്ത്തിക്കൊണ്ട് തലശേരിയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു.
തലശേരി നഗരത്തിലെ രണ്ടാം ഗേറ്റില്‍ പാചകവാതകം കയറ്റി കൊണ്ടുപോവുകയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിയാണ് ശനിയാഴ്ച്ച രാവിലെ ഏഴുമണിയോടെ നിയന്ത്രണം വിട്ടു മറിഞ്ഞത്.
മംഗ്‌ളൂരില്‍ നിന്നും കോഴിക്കോട്ടെക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് മറിഞ്ഞത് അപകടത്തില്‍ വാതകചോര്‍ച്ചയുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.തലശേരി പൊലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനമാരംഭിച്ചു. കണ്ണൂര്‍-കോഴിക്കോട് ദേശീയ പാതയിലൂടെ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. അപകടം നടന്ന സ്ഥലത്തിന്റെ ഒരുകിലോമീറ്റര്‍ പരിധിയില്‍ പൊലിസ്, ഫയര്‍ഫോഴ്‌സ് സേനകള്‍ കടുത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചോളാരിയില്‍ നിന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വിദഗ്ദ്ധരെത്തി ടാങ്കറില്‍ നിന്നും ഗ്യാസ് മറ്റൊന്നിലെക്ക് മാറ്റുമെന്ന് പൊലിസ് അറിയിച്ചു. മംഗ്‌ളൂരില്‍ നിന്ന് ഖലാസികളെത്തിയാണ് ഗ്യാസ് ടാങ്കര്‍ മാറ്റുക. മംഗ്‌ളൂരില്‍ നിന്നും പാചകവാതകം കയറ്റി ചോളാരിയിലേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. കണ്ണൂര്‍- തലശേരി ദേശീയ പാതയില്‍ ഗ്യാസ് ലോറികള്‍ അപകടത്തില്‍പ്പെടുന്നത് പതിവായതോടെ പൊലിസ് കര്‍ശനനിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.
രാത്രികാല വാഹനപരിശോധനയും പിഴയീടാക്കലും ശക്തമാക്കിയതിനെ തുടര്‍ന്ന് അപകടങ്ങള്‍ക്കു കുറവ് വന്നിരുന്നു. നിയമങ്ങള്‍ ലംഘിച്ചാണ് ഗ്യാസ് ടാങ്കറുകള്‍ സര്‍വീസ് നടത്തുന്നതെന്ന ജനങ്ങളുടെ പരാതിയിലാണ് പൊലിസ് നടപടിയെടുത്തത്. എന്നാല്‍ കൊവിഡ് മൂന്നാം തരംഗത്തെ തുടര്‍ന്ന് പരിശോധനയില്‍ അയവു വന്നതോടെ ഇപ്പോള്‍ വീണ്ടും അപകടമുണ്ടായിരിക്കുകയാണ്. ചാല ദുരന്തത്തില്‍ നിരവധിയാളുകളുടെ ജീവന്‍ നഷ്ടമായ കണ്ണൂരില്‍ ഇതിനു ശേഷവും വലുതും ചെറുതുമായ നിരവധി ഗ്യാസ് ടാങ്കര്‍ ലോറി അപകടങ്ങളാണ് നടന്നത്.












Click it and Unblock the Notifications