ഇതര സംസ്ഥാനക്കാരെ തട്ടിക്കൊണ്ട് പോയി കൊള്ളയടിച്ച സംഭവം: ആസൂത്രകർ കാഞ്ഞങ്ങാട് സ്വദേശികളെന്ന് പോലീസ്!!
പയ്യന്നൂർ: സാനിറ്റൈസർ മൊത്തമായി വാങ്ങുന്നതിനായി തളിപ്പറമ്പിലെത്തിയ സംഘത്തെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്. ഇതര സംസ്ഥാനക്കാരെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽകള്ളനോട്ട് സംഘമാണെന്നാണ് ഇപ്പോൾ ലഭിച്ച സൂചന. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘമാണ് ഇതിനു പിന്നാലെന്ന് വ്യക്തമായ വിവരം ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
ഇവരെ തട്ടിക്കൊണ്ടുവരുന്നതിന് ഉപയോഗിച്ച കാഞ്ഞങ്ങാട് സ്വദേശിയുടെ കാറും രണ്ടു ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതര സംസ്ഥാനക്കാരെ മര്‍ദിച്ച കാഞ്ഞങ്ങാട് ആവിക്കര സ്വദേശിയെ പോലീസ് ചോദ്യം ചെയ്തത് വരികയാണ്. ഇതര സംസ്ഥാനക്കാരെ തട്ടിക്കൊണ്ടുവന്ന സംഘത്തില്‍ ഏറ്റവും ചുരുങ്ങിയത് ഒൻപതു പേരുണ്ടായിരുന്നതായി മര്‍ദനമേറ്റവര്‍ മൊഴി നല്‍കിയതായി പരിയാരം എസ്ഐ എം.പി. ഷാജി പറഞ്ഞു.

സാനിറ്റൈസര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഇതരസംസ്ഥാനക്കാർ എത്തിയത്. ഇവര്‍ക്ക് മര്‍ദനമേറ്റ സംഭവത്തിലും കഞ്ചാവ് പിടികൂടിയ സംഭവങ്ങളിലുമായി രണ്ടുകേസുകളെടുത്തിട്ടുണ്ട്. സംഭവത്തിലെ ദുരൂഹതകളും ചുരുളുകളും അഴിക്കാന്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും എസ്ഐ പറഞ്ഞു. കണ്ണൂരിലെത്തിയ ഇതരസംസ്ഥാനക്കാരെ പരിയാരം ഇരിങ്ങലിലെ ആളൊഴിഞ്ഞ വീട്ടിലേക്കു തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.
സംഘത്തിലെ ഒരാളെ പിടികൂടി പോലീസ് ചോദ്യം ചെയ്തിരുന്നു. ഇയാളിൽ നിന്നുമാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. മര്‍ദനമേറ്റ മുംബൈ കുലാവയിലെ ഓംരാജ് (42), കല്യാണിലെ സമാധാന് (34), ഗുജറാത്ത് അഹമ്മദാബാദിലെ അഷ്വിന് (29) എന്നിവരെ പോലീസ് മോചിപ്പിച്ച് ക്വാറന്റൈനിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഗോവ വഴി കണ്ണൂരിലെത്തിയ സംഘത്തെയാണ് കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും ആഭരണങ്ങളും കവര്‍ന്നത്. ഇരിങ്ങലിലെ ഒരു വീട്ടില്‍ കൊണ്ടുപോയാണ് ഇവരെ ബന്ദിയാക്കി മര്‍ദിച്ചത്. ഇതിനിടയില്‍ കര്‍ണാടക ബല്‍ഗാമിലെ സഞ്ജയ്, മുംബൈയിലെ സതീഷ് എന്നിവര്‍ ഓടി രക്ഷപ്പെടുന്നത് കണ്ടവരാണ് പോലീസിന് വിവരം നല്‍കിയത്.
ഇതേത്തുടര്‍ന്ന് പരിയാരം സിഐ കെ.വി. ബാബു, എസ്ഐ എം.പി. ഷാജി എന്നിവരുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് തടങ്കലില്‍നിന്നു സംഘത്തെ മോചിപ്പിച്ച് ക്വാറന്റൈന് കേന്ദ്രത്തിലെത്തിച്ചത്. ഇവരെ തടവിലാക്കിയ വീട്ടില്‍നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടിയതായും പോലീസ് പറഞ്ഞു. കുഴൽപ്പണ, സ്വർണ. കടത്ത് റാക്കറ്റിന് സംഭവവുമായി ബന്ധമുണ്ടോയെന്ന കാര്യവും പൊലിസ് അന്വേഷിച്ചുവരികയാണ്.കുടുതൽ അറസ്റ്റ് ഉടനെയുണ്ടാകുമെന്നാണ് സൂചന.












Click it and Unblock the Notifications