കണ്ണൂര്‍ സര്‍വകലാശാല പഠന ബോര്‍ഡ് നിയമനം; പട്ടിക തിരിച്ചയച്ച് ഗവര്‍ണര്‍
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ വിവിധ പഠന ബോര്‍ഡുകളിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ടവരില്‍ അംഗീകാരമില്ലാത്തവരും, യോഗ്യതയില്ലാത്തവരുമായ അധ്യാപകരെ ഒഴിവാക്കി പകരം യോഗ്യരായവരെ ഉള്‍പ്പെടുത്തി ലിസ്റ്റ് സമര്‍പ്പിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ വൈസ് ചാന്‍സലറോട് ഇക്കാര്യം ആവശ്യപ്പെട്ടു.
തനത് വിഷയങ്ങളിലെ വിദഗ്ധരെ ഒഴിവാക്കി വ്യത്യസ്തമായ വിഷയങ്ങളില്‍ നിന്നും പഠന ബോര്‍ഡുകളില്‍ ഉള്‍പ്പെടുത്തിയ അംഗങ്ങളെയും ലിസ്റ്റില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പഠന ബോര്‍ഡ് സ്വയം പുനഃസംഘടിപ്പിച്ച വിസിക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ നിന്നും കിട്ടിയ തിരിച്ചടിക്ക് ശേഷം ഗവര്‍ണറുടെ നിലപാട് കനത്ത പ്രഹരമായെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിന്‍ കമ്മിറ്റി ആരോപിച്ചു.

കഴിഞ്ഞ വര്‍ഷം ചാന്‍സലറുടെ അധികാരം സ്വയം ഏറ്റെടുത്ത് വിസി 72 പഠന ബോര്‍ഡുകള്‍ രൂപീകരിച്ചിരുന്നു. വ്യാപകമായ ക്രമക്കേടുകള്‍ പ്രസ്തുത പഠന ബോര്‍ഡുകളില്‍ ഉണ്ടായിരുന്നു. അടിസ്ഥാന യോഗ്യതയില്ലാത്ത 68 പേരെ അധ്യാപകര്‍ എന്ന നിലയില്‍ പഠന ബോര്‍ഡുകളില്‍ നിയമിക്കുകയായിരുന്നു
മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫ് അംഗവും, പാര്‍ട്ടി പത്രത്തിലെ ചില ഉദ്യോഗസ്ഥരും ചില പഠന ബോര്‍ഡുകളില്‍ നിയമിച്ചവരില്‍പെടുന്നു. യോഗ്യതയുള്ള നൂറുകണക്കിന് സീനിയര്‍ അധ്യാപകരെ ഒഴിവാക്കിയാണ് യോഗ്യതയില്ലാത്തവരെയും അധ്യാപന പരിചയം കുറഞ്ഞവരെയും നിയമിച്ചതെന്നും സേവ് യൂനിവേഴ്സിറ്റി ഭാരവാഹികള്‍ ആരോപിച്ചു.
ക്രമവിരുദ്ധമായി രൂപീകരിച്ച പഠന ബോര്‍ഡുകള്‍ റദ്ദാക്കാന്‍ അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ ഷിനോ പി ജോസ് നല്‍കിയ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് വീണ്ടും അതേ അംഗങ്ങളെ പഠന ബോര്‍ഡുകളില്‍ നിലനിര്‍ത്തിക്കൊണ്ട്, ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നാമനിര്‍ദ്ദേശം നടത്തണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് കത്തയച്ചതിന്റെ അനന്തരഫലമാണ് പട്ടിക മടക്കിയത്.
പഠനബോര്‍ഡുകളില്‍ ഉള്‍പ്പെട്ടവരുടെ പട്ടികയില്‍ അംഗീകാരമില്ലാത്ത അധ്യാപകരും, തനത് വിഷയങ്ങളില്‍ വിദഗ്ധരായവര്‍ക്ക് പകരം വ്യത്യസ്ത വിഷയങ്ങളില്‍ നിന്നുള്ള വരെ ബോര്‍ഡുകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലിസ്റ്റ് ഗവര്‍ണര്‍ തിരിച്ചയച്ചത്.
കഴിഞ്ഞ ഒരു വര്‍ഷമായി പഠനബോര്‍ഡുകള്‍ കൂടാതെയാണ് സര്‍വ്വകലാശാലയില്‍ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് സേവ് യൂനിവേഴ്സിറ്റി ഫോറം ഭാരവാഹികളായ ആര്‍. എസ് ശശികുമാര്‍, എം. ഷാജര്‍ ഖാന്‍ എന്നിവര്‍ ആരോപിച്ചു.












Click it and Unblock the Notifications