Get Updates
Get notified of breaking news, exclusive insights, and must-see stories!

സോഷ്യൽ മീഡിയയിൽ അപമാനിച്ചു: പരാതിയുമായി പേരാവൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി

പേരാവൂർ: പേരാവൂർ നിയമസഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി സക്കീർ ഹുസൈനെ നവ മാധ്യമങ്ങളിലൂടെ അപമാനിച്ചതായി പരാതി. ഇതു സംബന്ധിച്ച് സക്കീർ ഹുസൈൻ ജില്ലാ കലക്ടർക്കും തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകി. ക്രിസ്ത്യൻ- ലീഗ് എന്നു പേരുള്ള ഫേസ്ബുക്ക് പേജ് വഴിയാണ് അപമാനിക്കാൻ ശ്രമിച്ചതെന്നാണ് പരാതി. അൻസൽ മട്ടന്നുർ എന്ന പേരിലാണ് അപകീർത്തികരമായ പോസ്റ്റിട്ടത്.

ലൗ ജിഹാദിന് പുറകിൽ സിപിഎമ്മാണെന്നും സക്കീർ ഹുസൈനാണ് അതിന് നേതൃത്വം നൽകുന്നതെന്നും പരാമർശിക്കുന്ന വിധത്തിലായിരുന്നു ഫേയ്സ് ബുക്ക് പോസ്റ്റ്. ആൽബിച്ചൻ മുരിങ്ങോടിയെന്നയാളാണ് പേജ് കൈക്കാര്യം ചെയ്യുന്നതെന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇയാൾക്കും പോസ്റ്റിട്ടയാൾക്കുമെതിരെ സൈബർ നിയമപ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

 cpim-1-09-14

ഇതിനിടെ തീപാറുന്ന പോരാട്ടമാണ് ഇക്കുറി പേരാവൂര്‍ മണ്ഡലത്തില്‍ നടക്കുന്നത്.. ഹാട്രിക് ഉറപ്പിക്കാന്‍ അഡ്വ. സണ്ണി ജോസഫ് കളം നിറയുമ്പോള്‍ അതിന് തടയിടാന്‍ യുവതയുടെ കരുത്തുമായി സക്കീര്‍ ഹുസൈനും മുന്നേറുകയാണ്. പേരാവൂരില്‍ കാറ്റ് എങ്ങോട്ടാണ് എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കണ്ണൂരിന്റെ പ്രധാന മലയോര കേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന മണ്ഡലമാണ് പേരാവൂര്‍. പ്രസിദ്ധമായ കൊട്ടിയൂര്‍ പെരുമാള്‍ ക്ഷേത്രവും, പുരളിമലയും, മൃദംഗശൈലേശ്വരി ക്ഷേത്രവും പേരാവൂര്‍ മണ്ഡലത്തിലാണ്. ആറളം ഫാമും പഴശി അണക്കെട്ടും മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നു.

ആറളം, കണിച്ചാര്‍, കേളകം, മുഴക്കുന്ന്, പായം, പേരാവൂര്‍, അയ്യന്‍കുന്ന്, കൊട്ടിയൂര്‍ എന്നീ പഞ്ചായത്തുകളും ഇരിട്ടി നഗരസഭയും ചേര്‍ന്നതാണ് പേരാവൂര്‍ മണ്ഡലം. പഴയ പേരാവൂര്‍ മണ്ഡലത്തില്‍ നിന്ന് മട്ടന്നൂര്‍ നഗരസഭയും തില്ലങ്കേരി, കോളയാട് തുടങ്ങിയ പഞ്ചായത്തുകളും മാറ്റി വടക്കെ വയനാട് മണ്ഡലത്തിലെ കൊട്ടിയൂര്‍, കേളകം പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്താണ് പുതിയ പേരാവൂര്‍ മണ്ഡലം രൂപീകരിച്ചത്. പഴയ പേരാവൂരും പുതിയ പേരാവൂരും പൊതുവെ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് ചായ്വ് കാട്ടുകയാണ് പതിവ്. 1996ല്‍ കോണ്‍ഗ്രസ് എസിലെ കെ.ടി കുഞ്ഞഹമ്മദും 2006ല്‍ സി.പി.എമ്മിലെ കെ.കെ ശൈലജ ടീച്ചറും ജയിച്ചതൊഴിച്ചാല്‍ മണ്ഡലം യു.ഡി.എഫിന്റെ ആധിപത്യത്തിലായിരുന്നു എല്ലായ്പ്പോഴും. 1977 മുതല്‍ കോണ്‍ഗ്രസിലെ കെ.പി നൂറുദീന്‍ ജയിച്ച പേരാവൂരില്‍ 2001ല്‍ പ്രഫ. എ.ഡി മുസ്തഫയാണ് ജയിച്ചത്.

പുതിയ പേരാവൂര്‍ മണ്ഡലം നിലവില്‍ വന്ന 2011ലും 2016 ലും കോണ്‍ഗ്രസിലെ അഡ്വ. സണ്ണി ജോസഫാണ് നിയമസഭയിലെത്തിയത്. ആറളം, കണിച്ചാര്‍, കേളകം, മുഴക്കുന്ന്, പായം, പേരാവൂര്‍ പഞ്ചായത്തുകളും, ഇരിട്ടി നഗരസഭയും ഭരിക്കുന്നത് ഇടതുമുന്നണിയാണ്. കൊട്ടിയൂര്‍, അയ്യന്‍കുന്ന് പഞ്ചായത്തുകള്‍ മാത്രമാണ് യു.ഡി.എഫിന്റെ കൈയിലുള്ളത്. ഒറ്റനോട്ടത്തില്‍ ഇത് ഒരു എല്‍.ഡി.എഫ് മണ്ഡലമാണെന്നേ തോന്നുകയുള്ളു. തദ്ദേശ സ്വയംഭരണസ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മേല്‍ക്കൈ കിട്ടാറുണ്ടെങ്കിലും ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഫലം മറിച്ചാവുന്നതാണ് ചരിത്രം.

2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 7,357 വോട്ടുകളുടെ മേല്‍ക്കൈയുണ്ട് ഇടതുമുന്നണിക്ക്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 23,665 വോട്ടുകളുടെ ഭൂരിപക്ഷമാണ് കെ.സുധാകരന് മണ്ഡലത്തില്‍ കിട്ടിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഡ്വ. സണ്ണി ജോസഫ് 7,989 വോട്ടുകള്‍ക്ക് സി.പി.എമ്മിലെ അഡ്വ. ബിനോയ് കുര്യനെ പരാജയപ്പെടുത്തിയത്. വോട്ടിംങ് രീതിയില്‍ ആര്‍ക്കും പിടികൊടുക്കാത്ത മണ്ഡലമാണ് പേരാവൂര്‍ എന്ന് വ്യക്തമാണ്.

. 2011ല്‍ 7,129 വോട്ട് നേടിയ ബി.ജെ.പി, ബി.ഡി.ജെ.എസിലൂടെ 2016ല്‍ അത് ഇരട്ടിയിലധികമാക്കി. എസ്.ഡി.പി.ഐയുടെ സ്ഥാനാര്‍ഥിയും മത്സരരംഗത്തുണ്ട്. പാര്‍ട്ടിക്കും മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്. സിറ്റിംങ് എം.എല്‍.എ 69കാരനായ അഡ്വ. സണ്ണി ജോസഫ് കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് കടക്കുന്നത്. കോഴിക്കോട് സര്‍വകലാശാല സിന്റിക്കേറ്റിലെ വിദ്യാര്‍ഥി പ്രതിനിധിയായ അദ്ദേഹം നിയമത്തില്‍ ബിരുദാനന്തര ബിരുദദാരിയാണ്. അഭിഭാഷകരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച അദ്ദേഹം മട്ടന്നൂര്‍ ബാര്‍ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. ഉളിക്കല്‍ കോ-ഓപ്പറേറ്റിവ് ബാങ്ക്, തലശേരി കാര്‍ഷിക വികസന ബാങ്ക് എന്നിവയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ച സണ്ണി ജോസഫ് ദീര്‍ഘകാലം കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു. ജില്ലാ യു.ഡി.എഫ് ചെയര്‍മാനുമായിരുന്നു. എല്‍സി ജോസഫാണ് ഭാര്യ. കൈവിട്ട് പോയ പേരാവൂരിനെ ഇടതോട് ചേര്‍ക്കാന്‍ ഇടതുമുന്നണി നിയോഗിച്ച കെ.വി സക്കീര്‍ ഹുസൈന്‍ സി.പി.എം ഇരിട്ടി ഏരിയാ സെക്രട്ടറിയം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനരംഗത്തെത്തിയ സക്കീര്‍ ഹുസൈന്‍ ജനകീയതയിലൂന്നിയ സംഘാടന മികവും പ്രക്ഷോഭ പോരാട്ടരംഗത്തെ അനുഭവക്കുരുത്തുമായാണ് അങ്കത്തട്ടിലേക്കിറങ്ങുന്നത്. എസ്.എഫ്.ഐയിലൂടെ പൊതുരംഗത്തെത്തിയ സക്കീര്‍ ബാലസംഘം വില്ലേജ് സെക്രട്ടറി, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റംഗം, യൂണിവേഴ്സിറ്റി കൗണ്‍സിലര്‍, ഡി.വൈ.എഫ്.ഐ ഇരിട്ടി ബ്ലോക്ക് സെക്രട്ടറി, ജില്ലാ ജോ.സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 37കാരനായ സക്കീര്‍ ഹുസൈന്‍ ചാവശേരി പത്തൊമ്പതാം മൈല്‍ സ്വദേശിയാണ്. സി.എം ഷാഹിനയാണ് ഭാര്യ. പേരാവൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് ബി.ജെ.പിയിലെ സ്മിത ജയമോഹനാണ്. മഹിളാ മോര്‍ച്ചയുടെ ജില്ലാ അധ്യക്ഷയായ സ്മിത, ജില്ലയിലെ ബി.ജെ.പിയുടെ പ്രധാന നേതാക്കളിലൊരാളാണ്. പേരാവൂര്‍ മണ്ഡലത്തില്‍ ബി.ജെ.പിക്ക് നിര്‍ണായക സ്വാധീനമുണ്ട്. ഇരിട്ടി നഗരസഭയില്‍ ആറ് അംഗങ്ങള്‍ ബി.ജെ.പിക്കുണ്ട്. സഖ്യകക്ഷിയായ ബി.ഡി.ജെ.എസിനും മണ്ഡലത്തില്‍ സ്വാധീനമുണ്ട്. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനും മണ്ഡലത്തില്‍ നിര്‍ണായക ശക്തിയുണ്ട്. ഇടതുമുന്നണിയില്‍ മാണിഗ്രൂപ്പ് സീറ്റ് ആവശ്യപ്പെട്ടിരുന്നതാണ്. പേരാവൂര്‍ കിട്ടിയാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ടി ജോസിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു പാര്‍ട്ടി തീരുമാനിച്ചത്. എന്നാല്‍ പേരാവൂര്‍ നല്‍കാതെ ഇരിക്കൂറാണ് ജോസ്.കെ.മാണി വിഭാഗത്തിന് നല്‍കിയത്. കേരള കോണ്‍ഗ്രസിന്റെ മുന്നണിമാറ്റം പേരാവൂരില്‍ യു.ഡി.എഫിനെ ബാധിക്കാന്‍ സാധ്യതയുണ്ട്. മലയോരം മണ്ഡലെ ഇത്തവണയും തന്നെ തുണക്കുമെന്ന് അഡ്വ. സണ്ണി ജോസഫ് ഉറപ്പിച്ചു പറയുമ്പോള്‍ ജയത്തില്‍ കുറഞ്ഞത് ഒന്നും താന്‍ പ്രതീക്ഷിക്കുന്നില്ലെന്നാണ് സക്കീര്‍ ഹുസൈന്‍ പറയുന്നത്. കരുത്തുകാട്ടാന്‍ ബി.ജെ.പിയും കളം നിറയുമ്പോള്‍ പേരാവൂരിലെ ഫലം പ്രവചനാതീതമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+