പിലാത്തറയില്‍ കള്ളവോട്ടിനെ എതിര്‍ത്ത് വോട്ടു ചെയ്തു: ഷാലറ്റിന്റെ വീടിനു സമീപം ബോംബേറ്!!
പയ്യന്നൂര്‍: പിലാത്തറയില്‍ സിഎം നഗറിലെ കെ.ജെ ഷാലറ്റിന്റെ വീടിന് സമീപം ഉഗ്രസ്‌ഫോടനം. ബുധനാഴ്ച്ച രാത്രി 9.15നായിരുന്നു സംഭവം. ഏതാണ്ട് നൂറ് മീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. പരിയാരം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരത്ത് നേരത്തെ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചതാണോ എന്ന സംശയത്തിലാണ് പോലീസ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് ആരോ തന്റെ വോട്ട് ചെയ്തതിനാല്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കഴിയാതെ പോവുകയും തുടര്‍ന്ന് റീ പോളിങ്ങില്‍ വോട്ടു രേഖപ്പെടുത്തിയതിന്റെ സന്തോഷം പങ്കുവച്ചും വാര്‍ത്തകളില്‍ ഇടംപിടിച്ച കെ ജെ ഷാലറ്റിന്റെ വീട്ടിനു നേരെ അതേദിവസം ബോംബാക്രമണം നടന്നിരുന്നു.

ഈ സംഭവത്തില്‍ പൊലിസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പിലാത്തറയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം വോട്ട് മറ്റാരോ ചെയ്തതിന് പ്രതികരിച്ച ഷാലറ്റിന്റെ വീടിന് സമീപപ്രദേശത്ത് വീണ്ടും ശക്തമായ ബോംബ് സ്‌ഫോടനം നടന്നതിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ആരോപിച്ചു. ഇത് ബോധപൂര്‍വം ഭീതിപരത്താനുള്ള ശ്രമമാണെന്നും അക്രമത്തെ ജനാധിപത്യപരമായി നേരിടുമെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.
സിപിഎം പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കേസുകളില്‍ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നത് നാടിന്റെ ക്രമസമാധാന പാലനത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ബോംബേറ് കേസ് കൃത്യമായി അന്വേഷിച്ച് പോലീസ് ഉടന്‍ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി കോണ്‍ഗ്രസ് രംഗത്ത് വരുമെന്നും പാച്ചേനി പറഞ്ഞു.












Click it and Unblock the Notifications