പയ്യന്നൂരില്‍ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷ്ടിച്ചത് പ്രൊഫഷണല്‍ കവര്‍ച്ചാ സംഘമെന്ന് പോലീസ്
പയ്യന്നൂര്‍: പയ്യന്നൂരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി വന്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വീട്ടുകാര്‍ വീടിന്റെ മുകള്‍നിലയില്‍ ഉറങ്ങിക്കിടക്കവെ വീടുകുത്തിതുറന്ന് 76 പവനും 4000 രൂപ കവര്‍ച്ച ചെയ്ത കേസിലാണ് പയ്യന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
ഇതിനിടെ പൊലിസ് നടത്തിയ തെരച്ചലില്‍ മോഷ്ടാക്കളുടെ ശ്രദ്ധയില്‍പ്പെടാതെ കിടന്ന ഗള്‍ഫിലുള്ള യുവതിയുടെ 30 പവന്റെ ആഭരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കവര്‍ച്ചക്ക് പിന്നില്‍ വാഹനത്തിലെത്തിയ അഞ്ചംഗ പ്രൊഫഷണല്‍ സംഘമെന്ന് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് പെരുമ്പ കൃഷ്ണാ ട്രേഡേഴ്‌സിന് സമീപത്തെ റഫീഖ് മന്‍സിലില്‍ സി.കെ. സുഹ്റയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. താഴെത്തെ മുറികളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 76 പവന്റെ സ്വര്‍ണാഭരണങ്ങളും നാലായിരം രൂപയും നഷ്ടപ്പെട്ടതായി സുഹ്‌റയുടെ മകള്‍ സികെ സാജിതയാണ് പയ്യന്നൂര്‍ പൊലിസില്‍ പരാതി നല്‍കിയത്. പൊലിസ് അന്വേഷണം നടക്കുന്നതിനിടയിലാണ് 30 പവന്റെ ആഭരണങ്ങള്‍ കണ്ടെത്തിയത്.
സുഹ്റയുടെ ഗള്‍ഫിലുള്ള മരുമകള്‍ ഹസീന അലമാരയിലെ താഴെത്തെ ഡ്രോയില്‍ പേഴ്‌സില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ച്ചക്കാരുടെ കണ്ണില്‍പ്പെടാതിരുന്നത്. ആഭരണങ്ങള്‍ പേഴ്സില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന വിവരം വീട്ടിലുള്ളവരോട് പറയാതിരുന്നതിനാല്‍ ഈ കാര്യം വീട്ടിലുള്ളവര്‍ക്കും അറിയില്ലായിരുന്നു. ഇത്രയും ആഭരണങ്ങള്‍ തിരിച്ച് കിട്ടിയ വിവരമറിയിച്ചപ്പോഴാണ് ഹസീന വെച്ചിരുന്ന ആഭരണങ്ങളാണിതെന്ന് മനസിലായത്. ഇതേതുടര്‍ന്ന് 30പവന്റെ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചുകിട്ടിയ വിവരം വീട്ടുകാര്‍തന്നെ പൊലിസില്‍ അറിയിക്കുകയായിരുന്നു.
കണ്ണൂരില്‍ നിന്നെത്തിയ വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്.സമീപത്തെ സ്ഥാപനത്തിലെ നിരീക്ഷണ കാമറ പരിശോധിച്ചപ്പോള്‍ സംഭവ ദിവസംപുലര്‍ച്ചെ രണ്ടേ കാലിനും നാലരക്കുമിടയില്‍ ഒരേ വ്യക്തി അഞ്ച് പ്രാവശ്യം ഇതിലൂടെ ടോര്‍ച്ച് തെളിച്ച് പോകുന്നതായി കണ്ടെത്തി.
നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് സംഘം ഡിവൈഎസ്.പി.എ. ഉമേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജ്ജ്, എസ്.ഐ എം.കെ.രഞ്ജിത്ത് എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
അതേസമയം കണ്ടോത്ത് പൂട്ടിക്കിടന്ന വീട്ടില്‍ നടത്തിയ മോഷണ ശ്രമത്തിനെതിരേയും പയ്യന്നൂര്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. കാങ്കോല്‍ വെസ്റ്റ്‌കോസ്റ്റ് കമ്പനി ജീവനക്കാരന്‍ കണ്ടോത്ത് കിഴക്കേകൊവ്വലിലെ പീടിയക്കല്‍ ഡൊമിനിക്ക് തോമസിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
കുടുംബത്തോടൊപ്പം കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയത്തേക്ക് പോയ ഇവര്‍ ചൊവ്വാഴ്ച്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് വാതിലും കിടപ്പുമുറികളിലെ അലമാരകളും കുത്തിത്തുറന്ന് നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്.
ഇതുസംബന്ധിച്ച പരാതിയില്‍ പയ്യന്നൂര്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പയ്യന്നൂരില്‍ നടന്നു വരുന്ന വ്യാപക മോഷണ സംഭവങ്ങളില്‍ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ് പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നാണ് ഇവരുടെ ആവശ്യം.












Click it and Unblock the Notifications