മന്ത്രവാദ ചികിത്സ നടത്തി ബാലിക മരിച്ച സംഭവം; പൊലീസ് കേസെടുത്തു
കണ്ണൂർ: പനിബാധിച്ച് അവശയായ ബാലികയെ ആശുപത്രിയിൽ എത്തിക്കാതെ മന്ത്രവാദ ചികിത്സ നടത്തിയ സംഭവത്തിൽ സിറ്റി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സിറ്റി നാലുവയൽ ദാറുൽ ഹിദായത്ത് ഹൗസിൽ സാബിറയുടെയും അബ്ദുൽ സത്താറിന്റെയും മകൾ എം.എ.ഫാത്തിമ (11) ആണ് പനി ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചത്. പെൺകുട്ടിക്ക് വൈദ്യ ചികിത്സ ലഭ്യമാക്കുന്നതിന് പകരം മന്ത്രവാദ ചികിത്സ നടത്തിയതാണ് മരണമുണ്ടാക്കാൻ കാരണമായതെന്ന പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.

കഴിഞ്ഞദിവസം കണ്ണൂരിലെ നാലുവയലിലാണ് സംഭവം. സിറ്റി നാലുവയൽ ദാറുൽ ഹിദായത്ത് ഹൗസിൽ സാബിറയുടെയും അബ്ദുൽ സത്താറിന്റെയും മകൾ എം.എ.ഫാത്തിമ (11) ആണ് പനി ബാധിച്ച് മരിച്ചത്. കടുത്ത പനിയെ തുടർന്ന് ഫാത്തിമ കഴിഞ്ഞ മൂന്നു ദിവസത്തോളമായി ചികിത്സയിലായിരുന്നു. വൈദ്യ ചികിത്സ ലഭ്യമാക്കുന്നതിന് പകരം മന്ത്രവാദ ചികിത്സ നൽകിയതാണ് കുട്ടി മരിക്കാൻ കാരണമായതെന്നാണ് ബന്ധുക്കൾ പൊലീസിൽ പരാതിപ്പെട്ടിരിക്കുന്നത്. പെൺകുട്ടിയുടെ പിതാവിൻ്റെ സഹോദരൻ നൽകിയ പരാതിയെ തുടർന്നാണ് സിറ്റി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.
കുഞ്ഞു നിളയോടൊപ്പം പേളി മാണിയുടെ യോഗ; വാവ എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

കഴിഞ്ഞ ദിവസം പുലർച്ചെ കടുത്ത പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് താണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശ്വാസകോശത്തിലെ അണുബാധ, അനീമിയ, പനി എന്നിവയാണ് ഫാത്തിമയുടെ മരണകാരണമെന്നാണ് പരിയാരം ഗവ. മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം.

കണ്ണൂരിലെ കൊടപ്പറമ്പ്, നാലുവയൽ പ്രദേശത്ത് ഇത്തരത്തിൽ മന്ത്രവാദ ചികിത്സയെത്തുടർന്ന് മുൻപും മൂന്ന് മരണങ്ങൾ നടന്നിട്ടുണ്ട്. ഇവരുടെ ബന്ധുക്കളിൽ ചിലർ അന്നു മുൻസിഫ് കോടതിയിൽ നൽകിയ പരാതിയിൽ രണ്ടു പേർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചിരുന്നു.

ഈ പെൺകുട്ടി കൂടി മരിക്കുന്നതോടെ മന്ത്രവാദം വഴി ചികിത്സ നടത്തി മരണം സംഭവിക്കുന്നവരുടെ എണ്ണം നാലാവുകയാണ്. ഫാത്തിമയുടെ കബറടക്കം നടത്തി. സിറ്റി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. മുഹമ്മദ് സാബിഖ്, മുഹമ്മദ് സാഹിർ, മുഹമ്മദ് സഹൽ എന്നിവരാണ് ഫാത്തിമയുടെ സഹോദരങ്ങൾ. സംഭവത്തിൽ പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആരൊക്കെയാണ് സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications