അനധികൃത മദ്യക്കടത്ത് തടയാൻ നീക്കം: മയ്യഴിയിലെ ബാറുകൾക്ക് റവന്യൂ അധികൃതരുടെ നിയന്ത്രണം
മയ്യഴി: കൊവിഡ് വ്യാപനം രൂക്ഷമായ മയ്യഴിയിൽ പൂട്ടിയിട്ട ബാറുകളിൽ നിന്നും മദ്യക്കടത്ത് നടത്തുന്നുവെന്ന പരാതിയെ തുടർന്ന് ഡബിൾ ലോക്ക് ഡൗണുമായി റവന്യു അധികൃതർ രംഗത്തെത്തി. മയ്യഴിയിലെ നുറ്റി പത്തോളം ബാറുകൾക്ക് പൂട്ടിട്ടാണ് റവന്യു വകുപ്പ് അധികൃതർ നിലപാട് ശക്തമാക്കിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ മയ്യഴി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾ ഈ മാസം 30 വരെ അടച്ചിട്ടിരിക്കുകയാണ് ഈ സാഹചര്യത്തിലാണ് രാത്രി കാലങ്ങളിൽ ഇവിടെ നിന്നും രാത്രി കാലങ്ങളിൽ മദ്യം പുറത്തേക്ക് കടത്തുന്നതായി പ്രദേശവാസികളിൽ നിന്നും പരാതിയുയർന്നത്.
ഇതോടെയാണ് അനധികൃത മദ്യവിൽപ്പന തടയുന്നതിന് മാഹി റവന്യു വകുപ്പ് അധികൃതർ കഴിഞ്ഞ ദിവസം പ്രദേശത്തെ മദ്യശാലകൾ പൂട്ടി സീൽ ചെയ്തത്. ഇതു കൂടാതെ മദ്യ ഗോഡൗണുകളും പൂട്ടി സീൽ ചെയ്തിട്ടുണ്ട്. മാഹി നഗരത്തിലെ ബാറുൾപ്പെടെ 64 മദ്യവിൽപ്പന ശാലകളാണ് പൂട്ടി സീൽ ചെയ്തത്. ഇതു കൂടാതെ പന്തക്കൽ, മൂഴിക്കര ,കോപ്പാലം എന്നി വടങ്ങളിലെ ബാറുകളും ഇരട്ട പൂട്ടിട്ട് പൂട്ടിയിട്ടുണ്ട്. മാഹി ഡെപ്യൂട്ടി തഹസിൽദാർ എം. സെന്തിൽകുമാർ, റവന്യു ഇൻസ്പെക്ടർ പി. അനീഷ് കുമാർ എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമെത്തിയാണ് ബാറുകൾ പൂട്ടിസീൽ ചെയ്തതത്.

മയ്യഴിക്ക് തൊട്ടടുത്ത കേരളത്തിലെ സർക്കാർ മദ്യ വിൽപ്പനശാലകളും ബാറുകളും അടച്ചതിനാൽ കഴിഞ്ഞ ദിവസം രാവിലെ മുതൽ തൊട്ടടുത്ത ജില്ലകളായ കണ്ണുർ ,കോഴിക്കോട് എന്നിവടങ്ങമ്മിൽ നിന്ന് നുറ് കണക്കിനാളുകൾ മദ്യം വാങ്ങുവാൻ കൂട്ടമായി മയ്യഴിയിലെത്തിയിരുന്നു. എന്നാൽ, പോലീസ് ഇവരെ തിരിച്ചയച്ചു. ഒരു മാസം മുൻപ് കോട്ടയം ജില്ലയിൽ വില്പനയ്ക്ക് എത്തിച്ച 144 കുപ്പി പുതുച്ചേരി നിർമ്മിത വിദേശ മദ്യവുമായി കതിരൂർ സ്വദേശിയായ യുവാവ് എക്സൈസിന്റെ പിടിയിലായിരുന്നു. ഈ സംഭവത്തോടെയാണ് മയ്യഴിയിലെ ബാറുകളിൽ നിന്നും മദ്യം പുറത്തേക്ക് കടത്തുന്നതായ വ്യക്തമായ വിവരം റവന്യു വകുപ്പിന് ലഭിച്ചത്.
കതിരൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ പുല്യേട് വെസ്റ്റ് മലമ്മൽ കെ.വി. സുജിത്തി (27) നെയാണ് കോട്ടയം എക്സൈസ് സ്പെഷൽ സ്ക്വാഡും കമ്മിഷണർ സ്ക്വാഡ് അംഗങ്ങളും ചേർന്ന് അറസ്റ്റ് ചെയ്തത്. മദ്യവുമായി ഇയാൾ സഞ്ചരിച്ച ഹോണ്ട സിറ്റി കാറും എക്സൈസ് സംഘം പിടിച്ചെടുത്തു. മുണ്ടക്കയം കോസ്വേ പാലത്തിന് സമീപത്ത് വാഹന പരിശോധനക്കിടയിലാണ് ഇയാളെ പിടികൂടിയത്. കാറിൽ എത്തിയ സുജിത് പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ ഉദ്യോഗസ്ഥർ കാർ പരിശോധിച്ചു. ഇതോടെ കാറിൽ വില്പയ്നക്കായി കോട്ടയം ജില്ലയിലേക്ക് കൊണ്ടു വന്ന മദ്യം കണ്ടെത്തി. 144 കുപ്പികളിലായി 108 ലിറ്റർ പുതുച്ചേരി മദ്യമാണ് കാറിലുണ്ടായിരുന്നത്.ഇയാൾ മുൻപും കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്ക് പുതുച്ചേരി മദ്യം എത്തിച്ചു വിൽപ്പന നടത്തിയിട്ടുണ്ടെന്ന് എക്സൈസ് കണ്ടെത്തി. സമാന കുറ്റത്തിന് ഇയാളുടെ പേരിൽ വടകര എക്സൈസ് റേഞ്ചിൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇയാൾ പതിവായി മയ്യഴിയിൽ നിന്നും മദ്യം എത്തിച്ചിരുന്ന ഹോണ്ട സിറ്റി കാറിലാണ്. കാറിൽ ഡിക്കിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. മയ്യഴിയിൽ നിന്നും വാങ്ങുന്ന മദ്യം കൂടിയ വില്പന മറ്റു ജില്ലകളിൽ എത്തിച്ചു വില്പന നടത്തുകയാണ് ഇയാളുടെ പതിവ് രീതിയെന്നാണ് എക്സൈസ് പറയുന്നത്. മിക്കപ്പോഴും കാറിൽ കറങ്ങി നടന്നു മദ്യം വില്പന നടത്തുന്നതിനാൽ ആരും സംശയിക്കാറുണ്ടായിരുന്നില്ല. കോട്ടയമുൾപ്പെടെയുള്ള ചില ജില്ലകളിൽ ഇയാൾ പതിവായി മദ്യം നൽകിവരുന്നതായും എക്സൈസിനു വിവരം ലഭിച്ചിട്ടുണ്ട്.ഇതോടെയാണ് കതിരുർ സ്വദേശിയെ കുറിച്ചുള്ള വിവരങ്ങളും ഇയാൾ മദ്യം വാങ്ങിയിരുന്ന ബാറുകളെ കുറിച്ചുമുള്ള വിവരങ്ങളും എക്സൈസ് മയ്യഴി പൊലിസിനെയും റവന്യു വകുപ്പിനെയും അറിയിക്കുന്നത്.ഇതിനു ശേഷം പുതുച്ചേരി റവന്യു വകുപ്പ് അധികൃതർ മയ്യഴിയിലെ ബാറുകൾ നിരീക്ഷിച്ചുവരികയായിരുന്നു കൊ വിഡ്നിയന്ത്രണകാലത്ത് മദ്യക്കടത്ത് ഒഴിവാക്കുന്നതിനാണ് മാഹിയിലെ ബാറുകൾക്ക് ഇപ്പോൾ ഇരട്ട പൂട്ട് വീണത്.












Click it and Unblock the Notifications