സമരങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടില്ല, അതിനാല്‍ തെരഞ്ഞെടുപ്പില്‍ ഇടതിന് നേട്ടമുണ്ടായില്ല: സന്തോഷ്‌കുമാര്‍
കണ്ണൂര്‍: കര്‍ഷക സമരങ്ങള്‍ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടാതെ പോയതാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ഇടതു പാര്‍ട്ടികള്‍ക്ക് കഴിയാതെ പോയതിന് പിന്നിലെന്ന് അഡ്വ. പി.സന്തോഷ്‌കുമാര്‍ എം.പി. കണ്ണൂര്‍ പ്രസ് ക്ളബ്ബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിന് അടിത്തട്ടില്‍ സംഘടനാപരമായ ദൗര്‍ബല്യമുണ്ട്. എന്നാല്‍ ആശയപരമായ പരാജയമില്ല. ഒത്തുപിടിച്ചാല്‍ ബിജെപി ഭരണം ഇല്ലാതാക്കാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളില്‍ ഇടതുപക്ഷം പ്രതീക്ഷ പുലര്‍ത്തുന്നു. സമരങ്ങള്‍ പലതും രാഷ്ട്രീയവത്ക്കരിക്കപ്പെടാതെ പോകുന്നുവെന്നത് സത്യമാണ്. പരാജയങ്ങളില്‍ നിന്നും കോണ്‍ഗ്രസ് ആത്മപരിശോധന നടത്തുന്നില്ല. കോണ്‍ഗ്രസ് ഒരു സെമിനാറില്‍ പോലും പങ്കെടുക്കാന്‍ താല്‍പര്യം ഇല്ലാത്തവരായി മാറി.

ഫലത്തില്‍ ചിലയിടങ്ങളില്‍ ബിജെപിയെ സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ബിജെപി ഭരണത്തില്‍ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയില്ല എന്ന് ഉറപ്പാണ്. ഇന്നത്തെ അപകടകരമായ സാഹചര്യം അതിജീവിക്കാന്‍ കഴിയും എന്നു തന്നെയാണ് പ്രതീക്ഷ. പാര്‍ലമെന്ററി വിജയമെന്നത് ഭൂരിപക്ഷമെന്നതും ആത്യന്തികമായയൊന്നല്ല.
സമൂഹത്തിന്റെ താഴെത്തട്ടില്‍ നിന്നും സമരങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. ബിജെപിക്കെതിരെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഒന്നിക്കണം. ബിജെപിക്കെതിരെ സഖ്യം ഉണ്ടാവണം. എന്നാല്‍ സാഹചര്യങ്ങള്‍ മുന്‍ നിര്‍ത്തി സംസ്ഥാന അടിസ്ഥാനത്തില്‍ ഉള്ളതാണ് ധാരണകള്‍ എന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരെ അയഞ്ഞ നയങ്ങള്‍ സ്വീകരിക്കാന്‍ മാത്രമേ കോണ്‍ഗ്രസിന് കഴിയുന്നുള്ളൂ.
തീരുമാനമെടുത്താല്‍ അത് നടപ്പാക്കാനുള്ള ശേഷി നിലവില്‍ ബിജെപിക്കുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഭൂരിപക്ഷം ജനാധിപത്യത്തില്‍ അവസാനവാക്ക് അല്ല എന്നോര്‍ക്കണം. ജനങ്ങളാണ് ചരിത്രം നിര്‍ണയിക്കുന്നത്. സാഹചര്യങ്ങളും ഭൂരിപക്ഷവും മാറാം. നിലവില്‍ ലോക്സഭ രാജ്യസഭകളിലായി ഇടതുപക്ഷത്തിന് 12 എംപിമാര്‍ മാത്രമേയുള്ളൂ എന്നത് സത്യമാണ്. എന്നാല്‍ ഇടതുപക്ഷത്തിന് ഇന്ത്യന്‍ ജനതയില്‍ നല്ല സ്വാധീനമുണ്ട്. സാധ്യതയുണ്ട്.
കേരളത്തിന്റെ വികസനത്തിനൊപ്പം കണ്ണൂര്‍ ജില്ലയുടെ വികസനം കൂടിയാണ് ഏറ്റവും വലിയ പ്രശ്നം. മുമ്പത്തെപ്പോലെ മലബാറിനോടുള്ള അവഗണന എന്ന പരാതി ഇപ്പോഴില്ല. ജില്ലയിലെ ദുര്‍ബല ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് എം.പി. എന്ന നിലയില്‍ ആദ്യം ശ്രമിക്കുക. ആദിവാസികള്‍ , മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ വിദ്യാഭ്യാസമേഖലയില്‍ പിന്നാക്കം നില്‍ക്കുന്നവര്‍, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കുക.
കോടഞ്ചേരിയില്‍ ലൗ ജിഹാദ് എന്ന ജോര്‍ജ് എം തോമസിന്റെ പരാമര്‍ശം ഒറ്റപ്പെട്ട ശബ്ദമാണ്. അതിനെ എല്ലാവരും തള്ളിപ്പറഞ്ഞിട്ടുണ്ട്. മഹത്തായ ആരവങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട ശബ്ദത്തിന് എന്ത് പ്രസക്തിയെന്നും പി.സന്തോഷ് കുമാര്‍ മറുപടിയായി പ്രതികരിച്ചു.












Click it and Unblock the Notifications