മധുര ശബ്ദത്തിന് നിത്യസ്മാരകം; എസ്പിബിക്ക് പൂര്‍ണകായ പ്രതിമ ഒരുക്കി കണ്ണൂരിലെ ശില്‍പി
പയ്യന്നൂര്‍: വിഖ്യാത ചലച്ചിത്ര ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പൂര്‍ണകായ പ്രതിമ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്. പ്രശസ്ത യുവ ശില്‍പി ഉണ്ണി കാനായിയാണ് ശിൽപം നിർമ്മിക്കുന്നത്. 10 അടി ഉയരമാണ് പ്രതിമയ്ക്ക് ഉള്ളത്. മലയാള ചലച്ചിത്ര പിന്നണിഗായക സംഘടനയായ 'സമം' മുൻകൈയെടുത്താണ് പ്രതിമ നിർമ്മിക്കുന്നത്.
മാസങ്ങള്‍ക്കുളളില്‍ ലോകമെമ്പാടുമുള്ള എസ്.പി.ബി ആരാധകര്‍ക്കായി പാലക്കാട് നഗരഹൃദയത്തില്‍ പ്രതിമ സ്ഥാപിക്കും. സമം പ്രസിഡന്റ് സുദീപ് കുമാര്‍,സെക്രട്ടറി രവിശങ്കര്‍, ട്രഷറര്‍ അനൂപ് ശങ്കര്‍, ഭരണസമിതി അംഗം അഫ്‌സല്‍ എന്നിവര്‍ കാനായിയില്‍ നേരിട്ടെത്തി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ഇന്ത്യയിലെ തന്നെ ആദ്യത്തെ പ്രതിമ കേരളത്തില്‍ സ്ഥാപിക്കുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് സമം ഭാരവാഹികള്‍ പറഞ്ഞു.

ബാലസുബ്രമണ്യത്തിന്റെ വെങ്കല ശില്പമാണ് ഒരുക്കുന്നത്. പാന്റു കോട്ടും ഇട്ട് സൗമ്യമായിചിരിച്ച് കൊണ്ട് കൈകൂപ്പി നില്‍ക്കുന്ന രീതിയിലാണ് പ്രതിമ ഒരുക്കുന്നത്. വെങ്കല ശില്പത്തിന്റെ ആദ്യ കളിമണ്ണ് രൂപം കാണാന്‍ സമം സംഘടനയുടെ ഭാരവാഹികളായ മലയാളത്തിലെ പ്രീയ ഗായകര്‍ സുദീപ് കുമാര്‍,, രവിശങ്കര്‍ അഫ്‌സല്‍ ,അനൂപ് ശങ്കര്‍ എന്നിവര്‍ കാനായിലെ ശില്പിയുടെ പണിപ്പുരയിലെത്തിയിരുന്നു.
മൂന്ന് മാസം കൊണ്ട് പ്രതിമ അനാച്ഛാദനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍ നാലുമാസം സമയമെടുത്ത് കളിമണ്ണില്‍ പൂര്‍ത്തിയായ ശില്പം പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ മോള്‍ഡ് എടുത്ത ശേഷം മെഴുകില്‍ നിര്‍മ്മിച്ച് വെങ്കലത്തിലേക്ക് കാസ്റ്റ് ചെയ്യും. പ്രതിമ പൂർത്തിയാകുമ്പോൾ ഒരു ടൺ ഭാരമുണ്ടാകും.












Click it and Unblock the Notifications