അപകടമുണ്ടാക്കാന്‍ പാളത്തില്‍ കരിങ്കല്ലുകള്‍ കൂട്ടിവെക്കുന്നു; നടപടി ശക്തമാക്കി റെയില്‍വെ
തളിപ്പറമ്പ്: റെയില്‍വേ പാളത്തില്‍ അപകടകമുണ്ടാക്കുന്നതിനായി കരിങ്കല്ലുകള്‍ കൂട്ടിവെക്കുന്നതിനെതിരെ റെയില്‍വെ അധികൃര്‍ നടപടികള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം അപകടകരമാംവിധം കല്ലുകള്‍ പെറുക്കി വെച്ച 18 വയസ്സില്‍ താഴെ പ്രായമുള്ള ആറ് വിദ്യാര്‍ഥികളെ റെയില്‍വെ പൊലീസ് പിടികൂടിയിരുന്നു.
ഇവരെ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ താക്കീത് ചെയ്തു പിന്നീട് വിട്ടു. തൃക്കരിപ്പൂര്‍-പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനുകളുടെ മധ്യത്തില്‍ രാമവില്യം റെയില്‍വേ ഗേറ്റിനു തെക്കു ഭാഗത്ത് ഇളമ്പച്ചി മിനി സ്റ്റേഡിയം പരിസരത്തു കഴിഞ്ഞ ദിവസം രാവിലെയാണു സംഭവം. 11 മുതല്‍ 14 വയസ്സു വരെ പ്രായക്കാരായ കുട്ടികളാണു റെയില്‍ പാളത്തില്‍ കല്ലുകള്‍ അടുക്കി വെച്ചത്.

കുട്ടികളുടെ സംഘം അപായമുണ്ടാക്കുന്ന തരത്തില്‍ കല്ലുകള്‍ അടുക്കി വയ്ക്കുന്നതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ റെയില്‍വേ അധികൃതരെ വിവരം അറിയിച്ചു. റെയില്‍വേ ചന്തേര പൊലീസിനു വിവരം കൈമാറി. എസ്‌ഐ എം.വി.ശ്രീദാസിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി.
കുട്ടികള്‍ നടത്തിയ ഗുരുതരമായ കുറ്റം പൊലീസ് മാതാപിതാക്കളെ ബോധ്യപ്പെടുത്തി. തുടര്‍ന്നു താക്കീത് ചെയ്തു വിട്ടു. ജുവനൈല്‍ ജസ്റ്റിസ് പ്രകാരം പൊലീസ് വിവരം റിപ്പോര്‍ട്ട് ചെയ്തു. മിനി സ്റ്റേഡിയത്തില്‍ കളിക്കാനെത്തിയ കുട്ടികള്‍ കളിക്കിടയില്‍ റെയില്‍ പാളത്തില്‍ കയറി കല്ലുകള്‍ അടുക്കി വയ്ക്കുകയായിരുന്നു.
പ്രദേശത്തെ രണ്ടു വിദ്യാലയങ്ങളില്‍ പഠിക്കുന്നവരാണ് 6 പേരും. സമീപകാലത്ത് ചന്തേര, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തില്‍ കല്ല് പെറുക്കി വെക്കുന്നതും ട്രെയിനുകള്‍ക്കു നേരെ കല്ലെറിയുന്നതും നിരവധി ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. ഇത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.
ഡ്രെസ് ഏതുമാകട്ടെ... ഫോട്ടോസ് മിന്നിക്കാന്‍ വിമല മതി; വൈറല്‍ ചിത്രങ്ങള്‍ കണ്ടാലോ
റെയില്‍വേ അധികൃതര്‍ ഈ മേഖലയില്‍ ജാഗ്രത ശക്തിപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സംവിധാനം കുറ്റമറ്റതാക്കണമെന്നു നാട്ടുകാരും യാത്രക്കാരും ആവശ്യമുന്നയിച്ചു രംഗത്തുവന്നിരുന്നു. വരും ദിനങ്ങളിലും റെയില്‍വെ ട്രാക്കിന് സമീപങ്ങളില്‍ ജാഗ്രത ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു












Click it and Unblock the Notifications