ആളില്ലാത്ത വീട്ടില്‍ മോഷണത്തിനായി കയറി കിണറ്റില്‍ വീണ കള്ളന്‍ പിടിയില്‍
പയ്യന്നൂര്‍: ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണത്തിനെത്തിയ മോഷ്ടാവ് കിണറ്റില്‍ വീണു. കുറുമാത്തൂരിലെ എം.പി ഷമീറാണ് (35) പൊലിസിന്റെ പിടിയിലായത്. തിങ്കളാഴ്ച്ച രാത്രി ഒന്‍പതു മണിയോടെ മാതമംഗലം തുമ്പത്തടത്തിലാണ് സംഭവം. വെള്ളോറ സ്‌കുളില്‍ നിന്നും അധ്യാപകനായി വിരമിച്ച പവിത്രന്റെ വീട്ടിലാണ് ഇയാള്‍ മോഷണം നടത്താന്‍ ശ്രമിച്ചത്.
വീട്ടുകാര്‍ പുറത്തുപോയ നേരം നോക്കി മോഷ്ടിക്കാന്‍ കയറിയതായിരുന്നു ഇയാള്‍. ഇതിനിടെയാണ് അബദ്ധത്തില്‍ കിണറ്റില്‍ വീണത്. ഒടുവില്‍ പൊലിസും ഫയര്‍ഫോഴ്സുമെത്തിയാണ് ഇയാളെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തത്. പവിത്രനും കണ്ണൂര്‍ എ.ഇ.ഒയായ ഭാര്യയും അന്നേ ദിവസം രാത്രി എട്ടുമണിയോടെ തിരുവനന്തപുരത്തേക്ക് മാവേലി എക്സ് പ്രസ് ട്രെയിനില്‍ പോയിരുന്നു.
വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം വീടിനോട് ചേര്‍ന്നുള്ള കിണറിന്റെ ആള്‍ മറയിലൂടെ പാരപ്പറ്റിലേക്ക് പിടിച്ചു കയറാന്‍ ശ്രമിക്കവെ പാരപ്പറ്റ് കെട്ടിയ ഇഷ്ടിക ഇളകി അതോടൊപ്പം ഷമീര്‍ കിണറ്റില്‍ വീഴുകയായിരുന്നു. ഒന്നരയാളോളം വെള്ളമുള്ള കിണറ്റില്‍ നിന്നും ആരുമറിയാതെ രക്ഷപ്പെടുന്നതിനായി ഷമീര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ഒടുവില്‍ നിലവിളി കേട്ടെത്തിയ പരിസരവാസികളാണ് കിണറ്റില്‍ വീണു കിടന്നു കരയുന്ന മോഷ്ടാവിനെ കണ്ടത്. ഇതോടെ നാട്ടുകാര്‍ പെരിങ്ങോം പൊലിസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്സിന്റെ സഹായം തേടിയ പൊലിസ് അവരെത്തിയ ശേഷം ഷമീറിനെ പുറത്തെടുക്കുകയായിരുന്നു തുടര്‍ന്ന് രാത്രി പത്തരയോടെ ഇയാളെ കസ്റ്റഡിയിലെടുത്ത് തളിപറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഷമീര്‍ ഇവിടേക്ക് വന്ന യുണികോണ്‍ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ മാത്രം ഷമീറിനെതിരെ മൂന്ന് കവര്‍ച്ചാ കേസുകളുണ്ടെന്നാണ് പൊലിസ് നല്‍കുന്ന വിവരം. ഇതിനിടെ കണ്ണൂര്‍ നഗരത്തില്‍ ട്രെയിനിങ്ങ് സ്‌കൂളിനടുത്തെ സൂപെക്സ് കോംപ്ലക്‌സില്‍ പരക്കെ കവര്‍ച്ച നടന്നു. ഏഴ് സ്ഥാപനങ്ങളുടെ പൂട്ടു തകര്‍ത്താണ് മോഷണം നടന്നത്.
ലൈക ബ്യൂട്ടി പാര്‍ലര്‍, ഗ്രീന്‍ലാന്റ് സ്റ്റുഡിയോ, എസ്.ആര്‍.പ്രിന്റര്‍സ്, റയോണ്‍സ് ക്രിയേഷന്‍സ്, എസ്.ഡവലപ്പേഴ്സ്, മെഡിടെക് സൊലൂഷന്‍സ് എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. സ്ഥാപനങ്ങളുടെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. ഷട്ടറിനുള്ളില്‍ മുറിക്കിട്ട ഗ്ലാസുകളും തകര്‍ത്തിട്ടുണ്ട്. എന്നാല്‍ സ്ഥാപനങ്ങളില്‍ നിന്ന് എന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന കണക്കെടുത്തു വരികയാണ്.
മമ്മൂക്കയുടെ വോട്ട് പെട്ടിയിലാക്കണം; വോട്ട് അഭ്യര്‍ത്ഥിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയും, ചിത്രങ്ങള്‍
വിവരമറിഞ്ഞ് കണ്ണുര്‍ ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ സ്ഥലത്തെത്തി അന്വേഷണം നടത്തി. മോഷ്ടാക്കള്‍ കൊണ്ടുവന്നതെന്ന് കരുതുന്ന ഇരുമ്പ് കമ്പികള്‍, കത്രിക, സോപ്പ് പോലുള്ള കട്ട, കല്ല് മുതലായവ സ്ഥാപനത്തിന് മുന്നില്‍ തന്നെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഡോഗ്സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.