ഇനി തെളിനീരൊഴുകും: പഴശ്ശി പദ്ധതിയുടെ മെയിന്‍ കനാല്‍ വഴി വെള്ളം ഒഴുക്കിവിട്ടു
ഇരിട്ടി: പതിനാറുവര്‍ഷങ്ങള്‍ക്കു ശേഷം പഴശ്ശി പദ്ധതിയുടെ മെയിന്‍ കനാല്‍ വഴി വെളളമൊഴുക്കി വിട്ടു. ജനുവരി 31-ന് രാവിലെ ഒന്‍പതുമണിക്കാണ് 42 കിലോമീറ്റര്‍ വരുന്ന മെയിന്‍ കനാല്‍ വഴിയും മാഹി ബ്രാഞ്ച് കനാല്‍ വഴിയുമാണ് വെള്ളമൊഴുക്കുന്ന ട്രയല്‍ റണ്‍ നടത്തുക. കഴിഞ്ഞ ദിവസം പഴശ്ശി പദ്ധതിയില്‍ ചേര്‍ന്ന പ്ലാനിങ് ബോര്‍ഡ് യോഗത്തിലാണ് ഇതിനായുള്ള തീരുമാനമെടുത്തത്.
2012 ലെ കനത്ത മഴയില്‍ ഷട്ടറുകള്‍ തുറക്കാനാവാതെ ഉണ്ടായ പ്രളയത്തില്‍ പഴശ്ശി കനാലിന്റെ ഒരു ഭാഗം തകര്‍ന്നു പോയിരുന്നു. ഇതോടെയാണ് കനാലുകള്‍ വഴിയുള്ള വെള്ളമൊഴുക്ക് പൂര്‍ണ്ണമായും തടസ്സപ്പെട്ടത്. കഴിഞ്ഞ വര്‍ഷം നടത്തിയ ട്രയല്‍ റണ്ണിലൂടെ പദ്ധതി പ്രദേശത്തുനിന്നും കീച്ചേരി വരെയുള്ള 5.55 കിലോമീറ്റര്‍ ദൂരത്തില്‍ കനാല്‍ വഴി വെള്ളമെത്തിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നടത്തിയ പ്രവര്‍ത്തനത്തിലൂടെയാണ് പഴശ്ശി പദ്ധതി മുതല്‍ പറശ്ശിനിക്കടവ് അക്കഡേറ്റ് പാലം വരെ നീളുന്ന 42 കിലോമീറ്റര്‍ മെയിന്‍ കനാല്‍ വഴി പൂര്‍ണ്ണമായും വെള്ളമൊഴുക്കാന്‍ സാധിക്കുന്ന നിലയിലേക്ക് ഇതിനെ മാറ്റിയെടുക്കാനായത്.

1979 ല്‍ അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയാണ് പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്. ഒരു ജലസേചന പദ്ധതി എന്ന നിലയിലായിരുന്നു തുടക്കം. കുറച്ചുകാലം മെയിന്‍ കനല്‍ വഴിയും ഉപ കനല്‍ വഴികളിലൂടെയും വെള്ളമൊഴുക്കാന്‍ കഴിഞ്ഞെങ്കിലും കാലാകാലങ്ങളില്‍ വേണ്ട അറ്റകുറ്റപ്പണികളൊന്നും ഇല്ലാതെ ആയതോടെ പദ്ധതി പ്രവര്‍ത്തനം താളം തെറ്റി. തുരുമ്പെടുത്തു ചോര്‍ന്നൊലിക്കുന്ന ഷട്ടറുകള്‍ക്കു പദ്ധതിയില്‍ ആവശ്യമായ വെള്ളം ശേഖരിക്കാനുള്ള ശേഷി കുറഞ്ഞു. ഇതിനിടയില്‍ ഉണ്ടായ കനത്ത മഴയും ഷട്ടര്‍ തുറക്കാനാകാതെ ഉണ്ടായ പ്രളയവും പഴശ്ശിയുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചു. പദ്ധതി ഉപേക്ഷിക്കേണ്ടി വരുമോ എന്ന നിലയിലാവുകയും നിരവധി വിമശനങ്ങളും ഉയര്‍ന്നതോടെ സര്‍ക്കാര്‍ പദ്ധതിയുടെ മുഴുവന്‍ ഷട്ടറുകളും പുതുക്കിപ്പണിയാന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ന് കണ്ണൂര്‍ ജില്ലയുടെ ദാഹാദായിനിയാണ് ചുറ്റും പച്ചപ്പ് തീര്‍ത്ത് നിറഞ്ഞു കിടക്കുന്ന പഴശ്ശി ജലാശയം. ജില്ലയിലെ ചെറുതും വലുതുമായ പന്ത്രണ്ടോളം ശുദ്ധജല വിതരണ പദ്ധതികളാണ് പഴശ്ശിയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പം മെയിന്‍ കനലിലൂടെയും 450 തോളം കിലോമീറ്ററോളം വരുന്ന കൈക്കാനാലുകളിലൂടെയും വെള്ളമൊഴുകിത്തുടങ്ങുക കൂടി ചെയ്താല്‍ അത് ജില്ലയിലെ കാര്‍ഷിക മേഖലക്കും ഉണര്‍വേകുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. ട്രയല്‍ റണ്‍ നടത്തുന്നതിന് മുന്‍പ് തീരപ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് ഇറിഗേഷന്‍ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.ട്രയല്‍ റണിന്റെ ഭാഗമായുളള വെളളമൊഴുക്കി വിട്ടത് വിജയകരമാണെന്നാണ് ഇറിഗേഷന്‍ വകുപ്പ് അധികൃതരുടെ വിലയിരുത്തല്‍.












Click it and Unblock the Notifications