ബ്രാന്റഡ് വസ്ത്രം, ബുള്ളറ്റ്, സ്റ്റാര്‍ ഹോട്ടലിലെ താമസം; ആഡംബരത്തിന് മോഷണം; 25 കാരന്‍ പിടിയില്‍
കണ്ണൂര്‍: വിലയേറിയ ബ്രാന്റഡ് വസ്ത്രങ്ങള്‍ ധരിക്കാനും ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കാനുമായി മോഷണം പതിവാക്കിയ 25 കാരന്‍ പിടിയിലായി. ഇരിക്കൂര്‍ സ്വദേശി ഇസ്മായിലിനെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കായംകുളത്ത് നിന്നും കവര്‍ന്ന 50 പവന്‍ സ്വര്‍ണ്ണം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു ഇസ്മയിലിനെ പൊലീസ് വലയിലാക്കിയത്.

നാല് ജില്ലകളില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഇസ്മയില്‍. ഓരോ കേസിലും പിടിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയാല്‍ ഉടന്‍ അടുത്ത മോഷണം ആസൂത്രണം ചെയ്യുന്നതാണ് രീതി. കഴിഞ്ഞ ഏപ്രിലില്‍ കോഴിക്കോട് ജില്ലയിലെ പൂവാട്ടുപറമ്പിലെ ഒരു വീട്ടില്‍ കയറി 20 പവനും ഒരുലക്ഷം രൂപയും ഇസ്മയില്‍ കവര്‍ന്നിരുന്നു.
കൂടാതെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട എന്‍ഫീല്‍ഡ് ബൈക്കും തട്ടിയെടുത്തിരുന്നു. ഇതിന് ശേഷം ഇസ്മായിലിനെ പൊലീസ് പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സെപ്തംബര്‍ രണ്ടാം തീയതി ജാമ്യത്തിലറങ്ങി അവിടെ നിന്ന് ഇസ്മായില്‍ നേരെ പോയത് പത്തനംതിട്ടയിലേക്കായിരുന്നു. അവിടെ പെണ്‍സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്നു.
അതിനിടെയാണ് അഞ്ചാം തീയതി കായംകുളത്ത് മോഷണം നടത്തിയത്. ഇവിടെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 50 പവനും രണ്ടരലക്ഷം രൂപയും കൈക്കലാക്കുകയായിരുന്നു. ഈ സ്വര്‍ണ്ണം വില്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് കണ്ണൂര്‍ ടൗണ്‍ സി ഐ ബിനു മോഹനും സംഘവും ഇസ്മായിലിനെ അറസ്റ്റ് ചെയ്തത്.
പെര്‍ഫ്യൂമിന്റെ ഗന്ധം മണിക്കൂറുകള്‍ നീണ്ടുനില്‍ക്കണോ... ഇതാ ചില പൊടിക്കൈകള്‍
ഇയാളുടെ കയ്യില്‍ നിന്നും കുറച്ച് സ്വര്‍ണ്ണം കണ്ടെടുത്തിട്ടുണ്ട്. ബാക്കി പണയമിടപാട് സ്ഥാപനങ്ങളില്‍ പണയം വെച്ചതായി പൊലീസിന് വിവരം ലഭിച്ചു. ഇസ്മായിലിനെ വൈകാതെ കായംകുളം പൊലീസിന് കൈമാറും. ആഡംബര ജീവിതം നയിക്കാനാണ് ബികോം ബിരുദധാരിയായ ഇസ്മയില്‍ മോഷണം നടത്തുന്നത്.
ബ്രാന്റഡ് വസ്ത്രങ്ങള്‍ മാത്രമാണ് ധരിക്കുക. യാത്രയാകട്ടെ ബുള്ളറ്റിലും. സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിച്ച് രാവിലെ പൂട്ടിക്കിടക്കുന്ന വീടുകള്‍ നോക്കിവെച്ച് രാത്രി മോഷണത്തിന് ഇറങ്ങുകയാണ് ചെയ്യുന്നത്. ഫോണുകളും സിമ്മുകളും നിരന്തരം മാറ്റുന്നതിനാല്‍ ഇയാളെ കണ്ടെത്തുന്നത് ശ്രമകരമാണ് എന്നാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications