എക്സൈസ് ഡ്രൈവറുടെ കൊവിഡ് മരണം: സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ലോങ്ങ് മാർച്ചുമായി യൂത്ത് കോൺഗ്രസ്
ഇരിട്ടി: മട്ടന്നൂർ റെയ്ഞ്ച് ഓഫിസിലെ എക്സൈസ് ഡ്രൈവറുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. ഇദ്ദേഹത്തിന്റെ മരണശേഷമുള്ള കൊ വിഡ് പരിശോധനാ ഫലം നെഗറ്റീവായതോടുകൂടിയാണ് ചികിത്സാ പിഴവെന്ന ആരോപണമുയർത്തി സുനിലിന്റെ കുടുംബാംഗങ്ങളോടൊപ്പം കോൺഗ്രസും ബിജെപിയും രംഗത്തിറങ്ങിയത്.
കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ നിന്നും മരണമടഞ്ഞ ഇരിക്കൂർ ബ്ളാത്തുര സ്വദേശി കെ.പി സുനിൽകുമാറിന്റെ മരണത്തിൽ സമഗ്രാന്വേഷണം നടത്തുക, സുനിലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, ഉത്തരവാദിത്വപ്പെട്ടവർ ഉത്തരവാദിത്വങ്ങൾ മറന്നത് അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ് പ്രക്ഷോഭമാരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലായ് ഒന്നിന് രാവിലെ പത്തു മണിക്ക് ബ്ളാത്തുരിൽ നിന്നും പടിയൂർ പഞ്ചായത്തിലേക്ക് ലോങ്ങ് മാർച്ചു നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൊ വിഡ് ബാധിച്ച് കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സുനിലിന്റെ ശബ്ദ സന്ദേശം നേരത്തെ പുറത്തു വന്നിരുന്നു. സഹോദരനയച്ച ശബ്ദ സന്ദേശത്തിൽ തന്നെ മറ്റെവിടെയെങ്കിലും കൊണ്ടു പോകണമെന്നും ഇവിടെ നിന്നും ചികിത്സ കിട്ടുന്നില്ലെന്നും സുനിൽ പരാതിപ്പെടുന്ന ശബ്ദ സന്ദേശമാണ് പുറത്തായത്. എന്നാൽ സുനിലിന്റെ മരണം കൊ വിഡ് ബാധിച്ചപ്പോഴുണ്ടായ ന്യുമോണിയ കാരണമാണെന്നാണ് ആശുപത്രി അധിക്യതരുടെ വിശദീകരണം. കൊ വിഡ് ബാധിച്ചിട്ടും സുനിൽ വിശ്രമമില്ലാതെ ജോലി ചെയ്തത് ശ്വാസകോശത്തിന്റെ സ്ഥിതി വഷളാക്കിയെന്നും കടുത്ത ന്യുമോണിയ കാരണം ഇരു ശ്വാസകോശത്തിനും ക്ഷതമേറ്റുവെന്നുമാണ് ആശുപത്രി അധികൃതർ പറയുന്ന വിശദീകരണം മാത്രമല്ല മരിച്ച ഒരാളുടെ ശരീരത്തിൽ കൊ വിഡ് ഒന്നോ രണ്ടോ മണിക്കൂർ മാത്രമേ നിലനിൽക്കുകയുള്ളുവെന്ന്
കണ്ണൂർ മെഡിക്കൽ കോളേജ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.നേരത്തെ സുനിലിന് കൊ വിഡ് ബാധിച്ചുവെന്ന കാര്യത്തിൽ തെറ്റുപറ്റിയിട്ടില്ലെന്നും ആലപ്പുഴ വൈറോളജി ലാബിൽ അയച്ച പരിശോധനാ ഫലം പോസറ്റീവാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. എന്നാൽ സുനിലുമായി പ്രഥമ സമ്പർക്കത്തിൽപ്പെട്ട
മുന്നൂറു പേരിൽ ഒരാൾക്കു പോലും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും സുനിലിന് എവിടെ നിന്നാണ് കൊവിഡ് വൈറസ് രോഗബാധയേറ്റത് ഇതുവരെ ആരോഗ്യ വകുപ്പിന് പറയാൻ കഴിഞ്ഞിട്ടില്ലെന്നും സുനിലിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. ഇതുവരെ തങ്ങളുടെ പരാതിയിൽ മുഖ്യമന്ത്രി ഇടപെടുമെന്ന പ്രതീക്ഷയാലാണ് കാത്തു നിൽക്കുന്നതെന്നും ഈ കാര്യത്തിൽ തീർപ്പായില്ലെങ്കിൽ കോടതി മുഖേനെ റീ പോസ്റ്റുമോർട്ടത്തിന് ആവശ്യപ്പെടുമെന്നും ബന്ധുക്കൾ അറിയിച്ചു. ഈ സാഹചര്യത്തിലാണ് സുനിലിന്റെ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രക്ഷോഭമാരംഭിക്കുന്നത്.












Click it and Unblock the Notifications